തന്നെയും മരിച്ചു പോയ ഭര്‍ത്താവ് സുധിയെയും ചേര്‍ത്ത് പലരും കമന്‍റ് പറയാറുണ്ടെന്ന് അന്തരിച്ച നടനും മിമിക്രിതാരവുമായ കൊല്ലം സുധിയുടെ ഭാര്യ രേണു. ഇപ്പോഴും വിവാദങ്ങളുണ്ടെന്നും ഇപ്പോള്‍ താന്‍ അതൊന്നും ശ്രദ്ധിക്കാറില്ലെന്നും രേണു ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. താൻ മാനസികമായി ഏറെ അടുത്ത വ്യക്തിയാണ് സുധിച്ചേട്ടനെന്നും താൻ സന്തോഷിക്കുന്നത് കുറച്ച് ആളുകൾക്ക് ഇഷ്ടമല്ലെന്നും പലരും പച്ചയ്ക്ക് ചീത്തവിളിക്കാറുണ്ടെന്നും ഒരു കമന്റിന് നിയമനടപടിക്ക് പോകുമെന്ന് പറഞ്ഞപ്പോൾ അയാൾ തന്നോട് സോറി പറഞ്ഞുവെന്നും രേണു പറയുന്നു.
‘സുധിച്ചേട്ടനെ എല്ലാവർക്കും ഇഷ്ടമായിരുന്നു. അത് കൊണ്ടാണ് അവർ എന്നെ സഹായിച്ചത് . ഞങ്ങൾക്ക് കുറച്ചാളുകൾ വീട് വെച്ച് തന്നിരുന്നു. അതിനും ഒരുപാട് വിമർശനങ്ങൾ ഉണ്ടായി. ഞാൻ മക്കളെ വീട്ടിൽ നിന്ന് പുറത്താക്കുമെന്നാണ് പറഞ്ഞത്. എന്റെ പേരിൽ പോലുമല്ല ഈ വീടുള്ളത്. മൂത്ത മകനെ ഞാൻ അടിച്ചിറക്കി എന്ന് പറയാറുണ്ട്. സുധിച്ചേട്ടന്റെ മക്കൾക്കായി കൊടുത്ത വീടാണ്. സുധിച്ചേട്ടൻ ഉണ്ടായിരുന്നപ്പോൾ എന്നെയോ മക്കളെയോ ആർക്കും അറിയില്ലായിരുന്നു. എന്റെ ലോകം അദ്ദേഹവും മക്കളുമായിരുന്നു.
ഞാൻ ഒരുങ്ങിനടക്കുന്നതിൽ ഒരുപാട് വിമർശനങ്ങൾ ഉണ്ടായിട്ടുണ്ട്. ആരുടെയും ജീവിതത്തിൽ ഇങ്ങനെയൊരു അവസ്ഥ ഉണ്ടാവരുത്. പലരും മറ്റൊരു വിവാഹം കഴിക്കാൻ പറഞ്ഞിട്ടുണ്ട്. ഇന്നേവരെ അതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ല ’ രേണു പറഞ്ഞു.