‘മാര്‍ക്കോ’യിലൂടെ ദേശീയതലത്തില്‍ താരമായി മാറിയ ഉണ്ണി മുകുന്ദനെക്കുറിച്ച് ‘ഗെറ്റ് സെറ്റ് ബേബി’ സിനിമയുടെ കോ–പ്രൊഡ്യൂസര്‍ സാം ജോര്‍ജ് എബ്രഹാം പങ്കുവച്ച കുറിപ്പ് തരംഗമാകുന്നു. ഈ സിനിമയെക്കുറിച്ച് ആലോചിച്ചപ്പോള്‍ ‘ഉണ്ണി മുകുന്ദനെ വച്ച് ആരെങ്കിലും സിനിമയെടുക്കുമോ’ എന്ന് പലരും തന്നോട് ചോദിച്ചെന്ന് സാം വെളിപ്പെടുത്തുന്നു. ‘ഉണ്ണിയുടെ രാഷ്ട്രീയം ശരിയല്ല, അത് സിനിമയെ ബാധിക്കും’ എന്നായിരുന്നു ചിലരുടെ നിലപാട്. ഉണ്ണിയുടെ പെരുമാറ്റരീതികളെ വിമര്‍ശിച്ചവരുമുണ്ടായിരുന്നു.
പക്ഷേ ‘ഗെറ്റ് സെറ്റ് ബേബി’യുടെ ചിത്രീകരണത്തിനിടെ തനിക്കുണ്ടായത് തികച്ചും വ്യത്യസ്തമായ അനുഭവമാണെന്ന് സാം ജോര്‍ജ് പറയുന്നു. എല്ലാവരെയും ചേര്‍ത്തുപിടിക്കുന്ന നല്ലൊരു സുഹൃത്തായാണ് ഉണ്ണിയെ തനിക്ക് കാണാന്‍ കഴിഞ്ഞത്. നമ്മുടെ അടുത്ത വീട്ടിലെ പയ്യന്‍ എന്നൊരു ഫീലും സ്വാതന്ത്ര്യവും തോന്നുന്ന ഡൗണ്‍ ടു എര്‍ത്ത് മനുഷ്യന്‍ ആയി മാത്രമേ അയാളെ കണ്ടിട്ടുള്ളുവെന്നും സാം തുറന്നുപറഞ്ഞു.
കുറിപ്പ്
'ഉണ്ണി മുകുന്ദനൊപ്പം ‘ഗെറ്റ് സെറ്റ് ബേബി’യുടെ കോ-പ്രൊഡ്യൂസർ ആയി കഴിഞ്ഞ 15 മാസത്തെ യാത്ര. ഫെബ്രുവരി 21ന് എന്റെ ആദ്യ സിനിമാസംരംഭമായ ‘ഗെറ്റ് സെറ്റ് ബേബി’ റിലീസിന് ഒരുങ്ങുന്നു. സിനിമയുടെ പ്രാരംഭനടപടികൾ തുടങ്ങിയ സമയത്തുതന്നെ സിനിമാസുഹൃത്തുക്കളിൽ നിന്ന് ഞാൻ നേരിട്ട കുറേയേറെ ചോദ്യങ്ങളുണ്ട്. എന്തുകൊണ്ട് ഉണ്ണി മുകുന്ദനെ നായകനാക്കി സിനിമ ചെയ്യുന്നു ? ഉണ്ണിയെവച്ച് ആരേലും സിനിമ ചെയ്യുമോ? ഉണ്ണിയുടെ സിനിമയ്ക്ക് ഇത്ര ബജറ്റോ?
ഉണ്ണിയുടെ രാഷ്ട്രീയം ശരിയല്ല, അത് സിനിമയെ സാരമായി ബാധിക്കും. ഉണ്ണി ഒരുകാര്യത്തിലും വിട്ടുവീഴ്ച ചെയ്യില്ല. ഒന്നിനെയും പിന്തുണയ്ക്കുകയും ഇല്ല. അയാള്‍ക്ക് പെട്ടെന്ന് മൂഡ് സ്വിങ്സ് വരും, അത് സിനിമയെ വല്ലാതെ ബാധിക്കും. അവസാനം നിങ്ങൾ ആത്മഹത്യ ചെയ്യേണ്ടിവരും. ഒരു തുടക്കക്കാരൻ എന്ന നിലയിൽ കുറെയേറെ ആശങ്കകളും ഉത്തരമില്ലാത്ത ചോദ്യങ്ങളുമായാണ് ഈ പ്രൊജക്ടിലേക്കു കടന്നത്. ഈ സിനിമയിൽ കഴിഞ്ഞ 15 മാസത്തെ യാത്രയിൽ എനിക്ക് ഉണ്ണി മുകുന്ദനെക്കുറിച്ച് തോന്നിയ കാര്യങ്ങൾ മുകളിലുള്ള ചോദ്യങ്ങൾക്കു ഉത്തരം ആകും എന്ന് ഞാൻ കരുതുന്നു.
ഉണ്ണി മുകുന്ദൻ ഒരു ‘ജെം ഓഫ് എ പഴ്സണ്‍’ ആണ്. ആ ഉറച്ച മസിലുകളുള്ള വലിയ ശരീരത്തിനു പിന്നിൽ വളരെ സിംപിൾ, ഹംബിൾ, ക്യൂട്ട് ആയ, എല്ലാവർക്കും പ്രിയപ്പെട്ട, അടുത്ത വീട്ടിലെ നമ്മുടെ സ്വന്തം പയ്യൻ എന്നൊരു വ്യക്തിത്വം ഉണ്ട്. അത് ഉണ്ണിയുടെ കൂടെ കുറച്ചു ദിവസങ്ങൾ ചെലവഴിച്ചാൽ മനസിലാകും. അയാളുടെ ഏറ്റവും വലിയ ഗുണം ഒപ്പം നിൽക്കുന്നവരെ ചേർത്തുപിടിക്കുന്നതാണ്. ഈ ഇൻഡസ്ട്രിയിൽ കാണാൻ കഴിയാത്തതും അതുതന്നെയാണ്. ശരിക്കും ഡൗൺ ടു എർത്ത്.
ഷൂട്ടിങ്ങിനിടയിൽ പലതവണ കാര്യങ്ങൾ കൈവിട്ടുപോയ സന്ദർഭങ്ങളിൽ, ഒരു താരജാഡയില്ലാതെ വന്ന് എല്ലാവരെയും ചേർത്തു പിടിക്കുന്ന ഒരു നല്ല സുഹൃത്തിനെ, ഒരു നല്ല മനുഷ്യനെ ആണ് ഞാൻ കണ്ടത്. ആ ചേർത്തുപിടിക്കലിൽ മനസ്സിലെ ആശങ്കകൾ ഒഴിഞ്ഞ് എന്തും നേരിടാനുള്ള പോസിറ്റീവ് എനർജി ലഭിക്കും. ഇതാണ് ഉണ്ണിയുടെ ഏറ്റവുംവലിയ ഗുണവും, ഇത് തീർച്ചയായും ഉണ്ണിയുടെ മാതാപിതാക്കൾ അയാളെ വളർത്തിയ രീതിയുടെ ഗുണമാണ്. ശരിക്കും അതിശയം തോന്നുന്നു. ഇങ്ങനെയുള്ള ഒരാൾക്ക് എന്താണ് ഇത്രമാത്രം എതിരാളികൾ? എന്തിനാണ് ഉണ്ണിയോട് ഇത്രമാത്രം ബോധപൂർവമായ ശത്രുത എന്നെനിക്ക് അറിയില്ല.’