image: instagram
നടന്‍ സഹില്‍ ഖാന്‍റെ വിവാഹമാണ് സമൂഹമാധ്യമങ്ങളിലെ ചൂടന്‍ ചര്‍ച്ച. വാലന്‍റൈന്‍സ് ഡേയില്‍ ബുര്‍ജ് ഖലീഫയില്‍ വച്ചായിരുന്നു അര്‍മേനിയക്കാരിയായ മിലേന അലക്സാന്ദ്രയെ താരം വിവാഹം കഴിച്ചത്. ക്രിസ്ത്യന്‍ രീതിയിലുള്ള വിവാഹമേഷം ധരിച്ച ചിത്രങ്ങള്‍ താരം സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്തിരുന്നു.
സഹിലും ഭാര്യ മിലേനയുമായി 26 വര്‍ഷത്തെ പ്രായ വ്യത്യാസമുണ്ടെന്നതാണ് ചര്‍ച്ചകളിലെ പ്രധാന കാരണം. 48 വയസാണ് സഹിലിന്‍റെ പ്രായം, മിലേനയ്ക്കാവട്ടെ 22 വയസും. തന്‍റെ പ്രായത്തെ ചൊല്ലി സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന ചര്‍ച്ചകള്‍ കാണുന്നുണ്ടെന്നും അതേച്ചൊല്ലി ആരും വ്യാകുലപ്പെടേണ്ടതില്ലെന്നും താരം തുറന്നടിച്ചു.
ബോംബെ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് വിവാദങ്ങളോട് താരം പ്രതികരിച്ചത്. 'പ്രണയത്തെ പ്രായം കൊണ്ട് അളക്കേണ്ടതില്ല. അതിന് ഉത്തമ ഉദാഹരണമാണ് ഞങ്ങള്‍. മിലേനയും അത്തരത്തില്‍ വിശ്വസിക്കുന്ന ഒരാളാണ്. പ്രണയം രണ്ടുപേര്‍ തമ്മിലുള്ള മനസിലാക്കലുകളിലും ആഴത്തിലുള്ള ബന്ധത്തിലും ഒന്നിച്ചുള്ള വളര്‍ച്ചയിലുമാണ് അടിസ്ഥാനപ്പെട്ടിരിക്കുന്നത്. ഞാന്‍ മിലേനയെ കാണുമ്പോള്‍ അവള്‍ക്ക് 21 വയസ് മാത്രമായിരുന്നു പ്രായം. കണ്ടമാത്രയില്‍ തന്നെ രണ്ടുപേര്‍ക്കും പരസ്പരം ഇഷ്ടമായി. പ്രായം മാറ്റി നിര്‍ത്തിയാല്‍ കൃത്യമായ നിലപാടുള്ളയാളും, പക്വതയും ജീവിതത്തെ ആഴത്തില്‍ മനസിലാക്കിയ വ്യക്തിയുമാണ് മിലേന. ഭാവിയെ കുറിച്ച് അര്‍ഥവത്തായ സംഭാഷണങ്ങള്‍ ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിട്ടുണ്ട്. മിലേന ഇന്ന് എന്‍റെ ഭാര്യയാണ്, എല്ലാവരുടെയും അനുഗ്രഹാശംസകളാണ് ഞങ്ങള്‍ക്ക് വേണ്ടത്'- സഹില്‍ വിശദീകരിച്ചു.
ആദ്യമായി മിലേനയെ കണ്ടുമുട്ടിയതിനെയും പ്രണയത്തിലായതിനെയും കുറിച്ച് സഹില്‍ വാചാലനായി. 'മോസ്കോയില്‍ വച്ചാണ് മിലേനയെ ആദ്യമായി കണ്ടത്. രണ്ടാളും അവധിക്കാലം ആഘോഷിക്കാനെത്തിയതായിരുന്നു. അമ്മയുമൊത്ത് അത്താഴം കഴിക്കുന്നതിനായാണ് മിലേന എത്തിയത്. ഞാന്‍ എന്‍റെ സുഹൃത്തുക്കള്‍ക്കൊപ്പവും. മിലേനയെ കണ്ടപ്പോള്‍ ഞാന്‍ നേരെ ചെന്ന് മോഡലിങ് ഫൊട്ടോഷൂട്ടിനുള്ള അവസരം വാഗ്ദാനം ചെയ്തു. പക്ഷേ മാന്യമായി അവളത് നിരസിച്ചു. താല്‍പര്യമില്ലെന്നും വിവാഹം കഴിച്ച് കുടുംബ ജീവിതത്തിലേക്ക് തിരിയാന്‍ ഒരുങ്ങുകയാണ് താന്‍ എന്നുമായിരുന്നു മിലേനയുടെ മറുപടി. അവളുടെ സത്യസന്ധമായ മറുപടിയും ലാളിത്യവും ആ നിമിഷം തന്നെ എന്‍റെ മനസ് കീഴടക്കി. എനിക്ക് മിലേനയെ വിവാഹം കഴിച്ചാല്‍ കൊള്ളാമെന്ന് തോന്നി. അന്ന് മുതല്‍ ഒന്നിച്ചുള്ള ഞങ്ങളുടെ യാത്ര ആരംഭിച്ചു' - സ്റ്റൈല്‍ താരം തുറന്ന് പറഞ്ഞു.