താരങ്ങളുടെ പ്രതിഫലവുമായി ബന്ധപ്പെട്ട നിർമ്മാതാവ് സുരേഷ് കുമാറിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി നടൻ ജയൻ ചേർത്തല. താരങ്ങളാണ് സിനിമയ്ക്ക് നഷ്ടമുണ്ടാക്കുന്നത് എന്നു പറയുന്നത് സത്യവിരുദ്ധമായ കാര്യമാണെന്നും നിർമാതാക്കളുടെ സംഘടന മാടമ്പിത്തരം കാണിക്കുകയാണെന്നും ജയൻ ചേർത്തല പറയുന്നു. സുരേഷ് കുമാറിന്റെ മകൾ നടിയല്ലേ? അവർ കോടികൾ മേടിച്ചാണല്ലോ അഭിനയിക്കുന്നത്? ഇന്നുവരെ ഒരു രൂപ കുറച്ച് ഒരു അവർ സിനിമ ചെയ്തതായിട്ട് നമ്മുടെ അറിവിൽ ഇല്ലല്ലോ എന്നും ജയൻ ചേർത്തല ചോദിച്ചു.
‘നിർമാതാക്കളുടെ സംഘടന കഴിഞ്ഞ ദിവസം ഒരു പത്രസമ്മേളനം നടത്തി പറയുകയുണ്ടായി, സിനിമ നഷ്ടത്തിലാണെന്നും ജൂൺ ഒന്നാം തീയതി മുതൽ സമരത്തിലോട്ട് പോവുകയാണെന്നും. അതിനവർ മുന്നോട്ടുവച്ച കാരണങ്ങളാണ് മനസ്സിലാകാത്തത്. അവർ പറഞ്ഞിരിക്കുന്നത് താരങ്ങളുടെ പ്രതിഫലം കുറയ്ക്കണം, താരങ്ങളാണ് സിനിമയ്ക്ക് നഷ്ടം ഉണ്ടാക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലിഷ് ഏതു ഭാഷയിലാണെങ്കിലും ഒരു സിനിമ കമേഴ്ഷ്യലി ഹിറ്റ് ആവാൻ വേണ്ടിയിട്ടാണ് താരങ്ങളെ അഭിനയിപ്പിക്കുന്നത്. സൂപ്പർസ്റ്റാറുകളും സൂപ്പർ ഹിറ്റുകളും ഉണ്ടാകുന്നത് താരങ്ങൾ ഉള്ളതുകൊണ്ടല്ലേ?
സുരേഷ് കുമാറിന്റെ നിർമാണ കമ്പനിയുടെ പേര് രേവതി കലാമന്ദിർ എന്നാണ്. നിർമാതാവിന്റെ പേരായി അദ്ദേഹം വയ്ക്കുന്നത് മേനക സുരേഷ് കുമാർ എന്നുമാണ്. മേനക ചേച്ചി നടി ആയിരുന്നല്ലോ. ചേച്ചി ‘അമ്മ’യുടെ മെംബറും ആണ്. അതുകൊണ്ട് ചേച്ചിയെ കുറ്റപ്പെടുത്താനും പോകുന്നില്ല. അദ്ദേഹം അത് ആലോചിച്ചിട്ട് വേണമായിരുന്നു സംസാരിക്കാൻ. അദ്ദേഹത്തിന്റെ മകൾ നടിയല്ലേ? അവർ കോടികൾ മേടിച്ചാണല്ലോ അഭിനയിക്കുന്നത്? ഇന്നുവരെ ഒരു രൂപ കുറച്ച് ഒരു അവർ സിനിമ ചെയ്തതായിട്ട് നമ്മുടെ അറിവിൽ ഇല്ലല്ലോ?
‘അമ്മ’യ്ക്കെതിരായ ആരോപണങ്ങളിൽ ഇതുവരെ മിണ്ടാതിരുന്നത് അതൊരു കൂട്ടായ്മയാണ്, ഒരു ഫ്രട്ടേണിറ്റി ആണ് എന്നുള്ളതുകൊണ്ടാണ്. അതിനകത്ത് ഒരാളെ കുറ്റപ്പെടുത്തുന്നത് ശരിയല്ല എന്നോർത്തിട്ടാണ്. ഇതിപ്പോൾ അതിരു കടന്നിരിക്കുകയാണ്. ‘അമ്മ’ നാഥനില്ല കളരിയാണ് എന്നാണ് സുരേഷ് കുമാർ പറഞ്ഞിരിക്കുന്നത്. അത് പറയാൻ അദ്ദേഹത്തിന് എങ്ങനെയാണ് സാധിക്കുന്നത്? മുൻപ് മലയാള സിനിമ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ കടത്തിലാണ് പൈസയില്ല എന്ന് പറഞ്ഞപ്പോൾ അവർക്ക് ഒരുകോടി രൂപ കടം കൊടുത്തത് ‘അമ്മ’ അസോസിയേഷൻ ആണ്. അതിന് തെളിവുകളും രേഖകളും ഉണ്ട്.ആ ഒരു കോടിയിൽ 60 ലക്ഷം രൂപയാണ് അവർ തിരികെ തന്നിട്ടുള്ളത്. ബാക്കി 40 ലക്ഷം ഇപ്പോഴും കടത്തിലാണ്. കഴിഞ്ഞവർഷം അവർ കടത്തിലാണ് എന്ന് പറഞ്ഞപ്പോൾ താരങ്ങളെ വച്ച് ഷോ ചെയ്യണമെന്ന് അവർ ‘അമ്മ’യോട് ആവശ്യപ്പെട്ടിരുന്നു. ലാലേട്ടനും മമ്മൂക്കയും ഉൾപ്പെടെ ഉള്ള താരങ്ങൾ തന്നെയാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന് വേണ്ടി നിലനിന്നതും ഷോ ചെയ്യാൻ തയാറായതും. പൈസ ഒന്നും മേടിക്കാതെയാണ് ഷോയ്ക്ക് എല്ലാവരും തയാറായത്. അന്ന് അവർക്ക് രണ്ടര കോടിയോളം രൂപ കടമുണ്ടായിരുന്നു. പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ നിലനിർത്തേണ്ടത് സിനിമയുടെ ആവശ്യമാണെന്ന നിലപാടിനോട് താരങ്ങൾ യോജിച്ച് അത് ചെയ്യാൻ തയാറായതാണ് അമ്മ സംഘടനയും അതിന്‍റെ പ്രവർത്തകരും.