നിര്‍മാതാവ് ആന്‍റണി പെരുമ്പാവൂരിന്‍റെ നിലപാടുകളെ പിന്തുണച്ച് നടന്‍ മോഹന്‍ലാല്‍. നമുക്ക് സിനിമയ്ക്കൊപ്പം നില്‍ക്കാമെന്ന് മോഹന്‍ലാല്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. നിര്‍മാതാവ് സുരേഷ് കുമാറിനെതിരെ ആന്‍റണി പെരുമ്പാവൂര്‍ നിലപാടെടുത്തിരുന്നു. ഈ നിലപാട് ഫിലും പ്രൊഡ്യൂസേഴ്സ് അസോ. തള്ളിയിരുന്നു. ആന്‍റണിയുടെ പോസ്റ്റ് ഷെയര്‍ ചെയ്താണ് മോഹന്‍ലാല്‍ നിലപാട് വ്യക്തമാക്കിയത്.
ഇന്നലെ മലയാള സിനിമയിലെ യുവതാരങ്ങളെ അടക്കം വിമർശിച്ചെത്തിയ സുരേഷ് കുമാറിന്റെ പ്രസ്താവനയെ തള്ളിപ്പറഞ്ഞ ആന്റണിക്കു പിന്തുണയുമായി പൃഥ്വിരാജ് അടക്കമുളള താരങ്ങൾ രംഗത്തുവന്നിരുന്നു. ‘എല്ലാം ഓക്കെ അല്ലേ അണ്ണാ’ എന്നായിരുന്നു ആന്റണി പെരുമ്പാവൂരിന്റെ കുറിപ്പ് പങ്കുവച്ച് പൃഥ്വിരാജ് കുറിച്ചത്. ഉണ്ണി മുകുന്ദൻ, അജു വർഗീസ് തുടങ്ങിയവരും ആന്റണി പെരുമ്പാവൂരിന് പിന്തുണയുമായെത്തിയിരുന്നു. ഒരു സംഘടനയെ പ്രതിനിധീകരിച്ചു പറയേണ്ട കാര്യങ്ങളല്ല പൊതുസമക്ഷം സുരേഷ് കുമാർ അവതരിപ്പിച്ചതെന്നും ഈ പ്രവണത മലയാള സിനിമയ്ക്ക് ഒരുതരത്തിലും ഗുണമാകുമെന്ന് താൻ കരുതുന്നില്ലെന്നും ആന്റണി പെരുമ്പാവൂർ പറഞ്ഞു.
‘‘ജൂണ്‍ ഒന്ന് മുതല്‍ നിര്‍മാതാക്കള്‍ സമരത്തിനിറങ്ങുന്നതായി വലിയ ആവേശത്തില്‍ സുരേഷ്‌കുമാര്‍ പറഞ്ഞതു ഞാനും കണ്ടു. മറ്റു ചില സംഘടനകളില്‍ നിന്നുണ്ടായ സമ്മര്‍ദങ്ങള്‍ക്കു വഴങ്ങിയാവണം അദ്ദേഹം അങ്ങനെ പറയാന്‍ തയാറായത് എന്നാണ് ഞാന്‍ കരുതുന്നത്. ഇത്തരത്തിലൊരു സമരനീക്കം സിനിമയ്ക്ക് ഒരുതരത്തിലും ഗുണമാകുമെന്നു ഞാന്‍ കരുതുന്നില്ല. കാരണം നൂറുകണക്കിനാളുകളെ, അതുവഴി ആയിരക്കണക്കിനു കുടുംബങ്ങളെ നേരിട്ടും അല്ലാതെയും ബാധിക്കുന്ന ഒന്നാണത്. സംഘടനയെ പ്രതിനിധീകരിച്ച് ആരാണ് ഇതൊക്കെ പറയാന്‍ അദ്ദേഹത്തെ ചുമതലപ്പെടുത്തിയത്, എന്താണ് അതിനു പിന്നിലെ ചേതോവികാരം എന്നൊക്കെയുള്ള കാര്യങ്ങളില്‍ വ്യക്തത വേണ്ടതുമുണ്ട്.’’–ആന്റണി പെരുമ്പാവൂരിന്റെ വാക്കുകൾ.
യുവതാരങ്ങളുടെ അമിതമായ പ്രതിഫലം കാരണം മലയാള സിനിമകൾ നഷ്ടത്തിലേക്കു കൂപ്പുകുത്തുന്നുവെന്നും കഴിഞ്ഞ മാസം മാത്രമുണ്ടായ നഷ്ടം 110 കോടിയാണെന്നും സുരേഷ് കുമാർ വെളിപ്പെടുത്തിയിരുന്നു. ജി.എസ്.ടിക്ക് ഒപ്പമുള്ള വിനോദ നികുതി പിന്‍വലിക്കുക, താരങ്ങളുടെ വലിയ പ്രതിഫലം വെട്ടിക്കുറയ്ക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സിനിമാ സമരം നടത്തുന്നുവെന്നും നിർമാതാക്കളെ പ്രതിനിധീകരിച്ച് സുരേഷ് പറഞ്ഞിരുന്നു.
അതേസമയം, ജി.സുരേഷ് കുമാറിനെ വിമർശിച്ച ആന്റണി പെരുമ്പാവൂരിനെ തള്ളി നിർമാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. സംഘടനാകാര്യങ്ങൾ സുരേഷ് കുമാർ പരസ്യമായി പറഞ്ഞത് ഭരണസമിതിയുടെ തീരുമാനപ്രകാരമാണെന്നും ആന്റണി പെരുമ്പാവൂരിന്റെ വിമർശനം അനുചിതമെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ നിലപാടെടുത്തു. ഇതിനിടെ താരങ്ങൾ പ്രതിഫലം കുറയ്ക്കണമെന്ന പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ ആവശ്യത്തെ നടന്മാരായ രമേഷ് പിഷാരടിയും അജു വർഗീസും പരിഹസിച്ചു.