താരസംഘടനയായ 'അമ്മ'യിൽ ഭാരവാഹിയാകാനില്ലെന്ന് അഡ്ഹോക്ക് സമിതി വൈസ് പ്രസിഡന്റ് ജഗദീഷും മുൻ എക്സിക്യൂട്ടീവ് കമ്മറ്റി അംഗം കുഞ്ചാക്കോ ബോബനും. ‘ഓഫീസർ ഓൺ ഡ്യൂട്ടി’ എന്ന ചിത്രത്തിന്റെ പ്രചാരണാർഥം മനോരമ ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് ഇരുവരുടെയും പ്രതികരണം.
ലൈംഗിക ആരോപണങ്ങൾക്ക് പിന്നാലെ ഭരണസമിതി ഒന്നടങ്കം രാജിവച്ച അമ്മയിലേക്ക് ഇനിയില്ലെന്ന് ജഗദീഷ് പറയുന്നത് സിനിമയിലെ അവസരങ്ങൾ ചൂണ്ടിക്കാട്ടിയാണ്. വ്യക്തികൾ പോയാലും സംഘടന നിലനിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.ചെറുപ്പക്കാരടക്കം ഭാരവാഹിയാകാൻ വിമുഖത കാട്ടുന്ന അമ്മയിൽ തിരക്ക് കാരണം സംഘടനയെ നയിക്കാനില്ലെന്ന് കുഞ്ചാക്കോ ബോബനും പറഞ്ഞു.
അതിനിടെ, ബലാൽസംഗക്കേസിൽ പ്രതിയായ നടൻ ബാബുരാജിനെതിരെ പരോക്ഷ വിമർശനവും ജഗദീഷ് ഉന്നയിച്ചു. അമ്മയുടെ വൈസ് പ്രസിഡന്റ് എന്ന നിലയിൽ തനിക്കെതിരെയാണ് ലൈംഗിക ആരോപണം ഉണ്ടായതെങ്കിൽ രാജിവയ്ക്കുമായിരുന്നു. ഇതിനേക്കാൾ ഗുരുതരമായ ആരോപണം ഉണ്ടായിട്ടും അധികാരത്തിൽ തുടരുന്ന എം.പിമാരും എംഎൽഎമാരും മന്ത്രിമാരും ഉണ്ടെന്നും അദ്ദേഹം മനോരമ ന്യൂസിനോട് പറഞ്ഞു.