തമിഴ്നാട്ടില്‍ സൂപ്പർ സ്റ്റാറുകളുടെ ചിത്രം തിയറ്ററുകളിൽ എത്തുമ്പോൾ ആഘോഷം അതിരുവിടുന്ന കാഴ്ച സ്ഥിരമാണ്. ഇപ്പോഴിതാ അജിത്ത് ചിത്രം വിടാമുയർച്ചിയുടെ റിലീസിനോട് അനുബന്ധിച്ച് തിയറ്ററിനുള്ളിൽ തന്നെ പടക്കം പൊട്ടിച്ച് ആഘോഷിച്ചിരിക്കുകയാണ് ആരാധകർ. ആദ്യദിനത്തിലെ ഫാന്‍സ് ഷോയ്ക്കിടെയാണ് പടക്കം പൊട്ടിച്ചത്. ആരാധകരുടെ തിരക്ക് നിയന്ത്രിക്കാന്‍ പാടു പെടുന്ന പൊലീസിന്റെ വീഡിയോയും വൈറലാകുകയാണ്.
രണ്ടുവർഷങ്ങൾക്കിപ്പുറം ഒരു അജിത് ചിത്രം തിയറ്ററുകളിലെത്തുന്നു എന്നതിനാൽ തന്നെ വിടാമുയർച്ചിയെ ആരാധകർ ആഘോഷമാക്കുന്ന വീഡിയോയും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. 'മങ്കാത്ത' എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം, അജിത്- അർജുൻ- തൃഷ കൂട്ടുകെട്ട് വീണ്ടും വെള്ളിത്തിരയിൽ ഒന്നിച്ച ചിത്രമാണ് വിടാമുയർച്ചി. മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആരവ്, റെജീന കസാൻഡ്ര, നിഖിൽ എന്നിവരും സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
അനിരുദ്ധ് രവിചന്ദർ സംഗീതം ചിട്ടപ്പെടുത്തുന്ന ഈ ചിത്രത്തിന് കാമറ ചലിപ്പിക്കുന്നത് ഓംപ്രകാശും എഡിറ്റിങ് നിർവഹിക്കുന്നത് എൻ ബി ശ്രീകാന്തുമാണ്. 'വേതാളം' എന്ന സിനിമക്ക് ശേഷം അനിരുദ്ധ് - അജിത് കുമാർ കോംബോ വീണ്ടുമൊന്നിക്കുന്ന ചിത്രമാണ് വിടാമുയർച്ചി.