മലയാളി പ്രേക്ഷകർക്ക് സുപരിചതയായ ബാലതാരമായിരുന്നു അക്ഷര കിഷോർ. സീരിയലിലൂടെ ശ്രദ്ധേയായ ബേബി അക്ഷരയുടെ മാറ്റമാണ് സോഷ്യല്‍ ലോകത്തെ പ്രധാന ചർച്ച. അക്ഷരയുടെ മാറ്റം കണ്ടതിന് ശേഷം സ്വന്തം പ്രായത്തെക്കുറിച്ച് ആകുലപ്പെടുന്നവരും ഏറെയാണ്.

കുഞ്ഞ് ബാലമോള്‍ ആകെ മാറിയെന്നും വലിയ കുട്ടിയായെന്നും ഇപ്പോഴും പഴയ കുട്ടിത്തവും ഐശ്വര്യവും താരത്തെ വിട്ട് പോയിട്ടില്ലെന്നുമൊക്കെയാണ് കമന്‍റുകള്‍. 2014 ആറാമത്തെ വയസില്‍ അഭിനയരംഗത്തേക്കെത്തിയ അക്ഷര 2021 വരെ ടിവി ഷോകളില്‍ അടക്കം സജീവ സാന്നിധ്യമായിരുന്നു. 

കറുത്തമുത്ത് എന്ന ടെലി-സീരിയലിലെ ബാലചന്ദ്രിക എന്ന കഥാപാത്രത്തിലൂടെയാണ് അക്ഷര പ്രശസ്തയായത് . അതിന് മുന്‍പ് പരസ്യങ്ങളിൽ അഭിനയിച്ചിരുന്നു.  2014 ൽ അക്കു അക്ബർ സംവിധാനം ചെയ്ത മത്തായി കുഴപ്പക്കാരനല്ല എന്ന ചിത്രത്തിലൂടെയാണ് അക്ഷര മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട്, ആടുപുലിയാട്ടത്തിൽ ജയറാമിന്റെ മകളായി അഭിനയിച്ചു. ഹലോ നമസ്തേ , വേട്ട, കനൽ, ഡാർവിന്റെ പരിണാമം, ക്ലിന്റ്, ലവകുശ, കാമുകി, ഒരു യമണ്ടന്‍ പ്രേമകഥ, ഈശോ എന്നിവയാണ് മറ്റു ചിത്രങ്ങൾ. ഇതിനകം പതിനെട്ടോളം ചിത്രങ്ങളിൽ അക്ഷര അഭിനയിച്ചിട്ടുണ്ട്.

ആർക്കിടെക്റ്റായ കിഷോറിന്‍റെയും ബാങ്ക് ജീവനക്കാരിയായ ഹേമപ്രഭയുടെയും മകളായി കണ്ണൂരിലാണ് അക്ഷര ജനിച്ചത് . പിന്നീട് എറണാകുളത്തേക്ക് താമസം മാറി. അഖില കിഷോർ എന്നൊരു സഹോദരിയുണ്ട്.