നടി സണ്ണി ലിയോണിന്റെ ഉടമസ്ഥതയിലുള്ള ബാര്‍ ഹോട്ടലിന്റെ നിര്‍മാണം തടഞ്ഞ് കോടതി. ലഖ്നൗവില്‍ നടന്നുവന്നിരുന്നു ഹോട്ടലിന്റെ നിര്‍മാണമാണ് കയ്യേറ്റം ചൂണ്ടിക്കാട്ടി കോടതി നിര്‍ത്തിവപ്പിച്ചത്.
ഹൈക്കോടതിയുടെ തൊട്ടടുത്തായാണ് നടി 'ചിക്ക ലോക്ക ബൈ സണ്ണി ലിയോൺ' എന്ന ബാർ ഹോട്ടലിന്റെ നിർമാണം നടന്നിരുന്നത്. സണ്ണി ലിയോണിന്റെ ഉടമസ്ഥതയിലുള്ള റെസ്റ്ററന്റ് കം ബാർ ശൃംഖലയുടെ ഭാഗമാണ് ഈ ഹോട്ടല്‍. കെട്ടിട നിർമാണം ഹൈക്കോടതിയുടേയും ഇന്ദിരാഗാന്ധി പ്രതിഷ്ഠാന്റെയും സ്വകാര്യതയേയും സുരക്ഷയേയും ബാധിക്കുമെന്ന് ആരോപിച്ച് പ്രേം സിൻഹ എന്നയാളാണ് കോടതിയെ സമീപിച്ചത്.
കുട്ടികളുടെ കളിസ്ഥലം, കമ്മ്യൂണിറ്റി ഹാൾ, മുതിർന്ന പൗരന്മാർക്കുവേണ്ടിയുള്ള സ്ഥലം എന്നിവയ്ക്കായി നീക്കിവെച്ച സ്ഥലം കയ്യേറിയാണ് നിർമ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്ന് സിൻഹ ഹർജിയിൽ പറഞ്ഞു. വാദം കേട്ട ജസ്റ്റിസ് അശോക് കുമാര്‍ ലഖ്നൗ വികസന അതോറിറ്റിയുടെ അനാസ്ഥയിൽ ആശങ്ക പ്രകടിപ്പിച്ചു. ഉത്തരവിന്റെ പകർപ്പ് എൽ.ഡി.എയ്ക്ക് അയയ്ക്കാൻ പരാതിക്കാരനോട് കോടതി ആവശ്യപ്പെട്ടു. ഇന്ദിരാഗാന്ധി പ്രതിഷ്ഠാന്റെ സ്വകാര്യതയ്ക്കും സുരക്ഷയ്ക്കും ഈ നിർമ്മാണം ഭീഷണിയാണെന്ന് ഹൈക്കോടതി ആശങ്കപ്പെട്ടു. ഫെബ്രുവരി 19 നാണ് കേസിന്റെ അടുത്ത വാദം കേൾക്കൽ.