listin-tovino

ചെറിയ കാര്യങ്ങള്‍ക്ക് പിണങ്ങുന്ന ആളാണ് ടൊവിനോ എന്ന് നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍. അജയന്‍റെ രണ്ടാം മോഷണം പല ഭാഷകളില്‍ വലിയ പബ്ലിസിറ്റിയോടെ വരണമെന്നുണ്ടായിരുന്നെന്നും അത് സാധിക്കാതെ വന്നെങ്കില്‍ ടൊവിനോയോട് ക്ഷമ പറയുകയാണെന്നും ലിസ്റ്റിന്‍ പറഞ്ഞു. എആര്‍എം സക്സസ് സെലിബ്രേഷന്‍ വേദിയില്‍ വച്ചായിരുന്നു ലിസ്റ്റിന്‍റെ പരാമര്‍ശങ്ങള്‍. 

'സിനിമകൾ ആകുമ്പോൾ ഇണക്കങ്ങളും പിണക്കങ്ങളും ഒക്കെ എപ്പോഴും സ്വാഭാവികമാണ്. ഞാനും ടൊവിയും ഇപ്പോൾ ചെറിയ പിണക്കത്തിലാണ്. ചെറിയ ചെറിയ കാര്യങ്ങൾക്ക് ചിലപ്പോൾ ടൊവി പിണങ്ങും. സിനിമയോട് അത്രയും പാഷൻ ഉള്ള ഒരാളാണ് ടോവി.

നമ്മുടെ ഒരു സിനിമ പല ഭാഷകളിൽ പലതായി ഭയങ്കര പബ്ലിസിറ്റിയോട് കൂടി വേറെ ലെവലിൽ വരണമെന്നുണ്ടായിരുന്നു. അത് അങ്ങനെ വന്നിട്ടുണ്ടോ എന്ന് എനിക്കറിയില്ല, എന്നെക്കൊണ്ട് ചിലപ്പോൾ അത്രയും എത്തിക്കാൻ സാധിച്ചു കാണില്ല. അത് അങ്ങനെ ആണെങ്കിൽ ടൊവിനോട് ഞാൻ സോറി പറയുകയാണ്, ഒന്നും തോന്നരുത്. അത്രയും ആഗ്രഹമുള്ള ആളാണ് ടോവി. ടൊവിയോട് സംസാരിക്കുമ്പോൾ അറിയാം ടൊവി അത്രയും എക്സൈറ്റഡ് ആയിട്ടാണ് ഈ സിനിമയെ പറ്റി പറഞ്ഞത്. 

ഒരു റോൾ ചെയ്യണമെങ്കിൽ തന്നെയും ഭയങ്കര പാടാണ്, ടൊവി ഈ സിനിമയിൽ മൂന്ന് റോൾ ചെയ്തിട്ടുണ്ട്. വ്യത്യസ്തമായ റോളുകൾ ആണ് ചെയ്തത്. ടൊവി ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. ടൊവിനോ തോമസ് എന്ന് പറയുന്ന ഒരു ഹീറോ അല്ലാതെ വേറെ ഏത് ഹീറോ ആണെങ്കിലും 140 ദിവസം ഷൂട്ട് ചെയ്ത ഈ സിനിമ ഒരു 175-200 ദിവസം ആയി പോകുമായിരുന്നു എന്ന് എനിക്ക് നൂറു ശതമാനം ബോധ്യമുണ്ട്. അതുകൊണ്ട് ആ ഒരു നന്ദിയും ടൊവിനോയോട് ഞാൻ ഈ അവസരത്തിൽ രേഖപ്പെടുത്തുകയാണ്,' ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞു.

താന്‍ പെട്ടെന്ന് പിണങ്ങുമെങ്കിലും അത് പെട്ടെന്ന് തന്നെ മറന്നു പോകുന്ന ആളാണെന്നും തന്‍റെ പിണക്കങ്ങളെ നിസാരമായി കാണണമെന്നും  ടൊവിനോയും പറഞ്ഞു. ‘ഞാൻ ആളുകളോട് പിണങ്ങുന്നത് ചിലപ്പോൾ നിസ്സാര കാര്യങ്ങൾക്ക് ആയിരിക്കാം പക്ഷേ അത് അത്രയും തന്നെ നിസ്സാര പിണക്കങ്ങളായി തന്നെ കണക്കാക്കേണ്ടതാണ് എന്ന് ഇതിനാൽ അറിയിച്ചു കൊള്ളുന്നു. ഞാനത് ചിലപ്പോൾ ഒരു ദിവസം രണ്ടു ദിവസം കഴിഞ്ഞാൽ ഞാൻ എന്തിനാ പിണങ്ങിയത് എന്ന് ഞാൻ തന്നെ മറന്നുപോകും അപ്പൊ പിണക്കങ്ങൾ ഒന്നും ഒരിക്കലും പെർമനെന്റ് അല്ല ടെമ്പററി ആണ് പ്രത്യേകിച്ച് സിനിമകൾ വിജയിക്കുന്ന സമയങ്ങൾ അങ്ങനത്തെ പിണക്കങ്ങൾ ഉണ്ടെങ്കിൽ തന്നെ അത് മാറാനുള്ളതുമാണ്. അപ്പൊ ഞാൻ ആരെയെങ്കിലും ഈ സിനിമയുടെ ഭാഗമായിട്ട് പ്രവർത്തിച്ചിട്ടുള്ള ആരെയെങ്കിലും ഞാൻ ഒരു വാക്കുകൊണ്ടോ ഒരു നോട്ടം കൊണ്ടോ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ഞാൻ എല്ലാവരോടും അതിനുള്ള മാപ്പ് അപേക്ഷിക്കുകയാണ്,' ടൊവിനോ പറഞ്ഞു.

ENGLISH SUMMARY:

Producer Listin Stephen says Tovino is a man who gets upset over small things. Listin said that 'Ajayante Randam Moshanam' was supposed to come with a lot of publicity in many languages ​​and if that was not possible, he apologized to Tovino. Listins's remarks were made at the ARM success celebration.