ലോകസിനിമയില്‍ ‘ടൈറ്റാനിക്’ തീര്‍ത്ത മാജിക് ഇന്നും അതിന്‍റെ ശോഭയോടെ ജ്വലിക്കുന്നുണ്ട്. ജാക്കും റോസും കടലില്‍ മുങ്ങിതാണ ആ കപ്പലുമെല്ലാം കാഴ്ചക്കാരിലുണ്ടാക്കിയെടുത്തത് ‘അനുഭവം’ എന്നു പറയുന്നത് യാഥാര്‍ഥ്യമാണ്. ജെയിംസ് കാമറൂണിന്‍റെ സംവിധാനത്തിലെത്തിയ ചിത്രം റിലീസ് ചെയ്തത് 1997 ഡിസംബര്‍ 19നാണ്. 

 

അറ്റ്‌ലാന്റിക് കടലില്‍ മഞ്ഞുമലയിലിടിച്ച് മുങ്ങിത്താണ ടൈറ്റാനിക്കിന്‍റെ കഥ ഒരു നഷ്ടപ്രണയത്തിന്‍റെ കൂട്ടുപിടിച്ചാണ് കാമറൂണ്‍ സ്ക്രീനിലെത്തിച്ചത്. കഥയില്‍ ഏറെ നിര്‍ണായകമായ ഒന്നാണ് റോസിന് രക്ഷയായ ഒരു കതക് കഷണം. കപ്പലില്‍ നിന്നും പൊളിഞ്ഞടര്‍ന്ന ഒരു കതകിലാണ് ജാക്ക് റോസിനെ കയറ്റി കിടത്തുന്നത്. ഈ കതക് ലേലത്തില്‍ വച്ച വിശേഷം സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

 

ട്രഷേഴ്‌സ് ഫ്രം പ്ലാനറ്റ് ഹോളിവുഡിന്റെ ലേലത്തിലാണ് കതക് വിറ്റുപോയത്. 7,18,750 ഡോളറാണ് ഇതിന് ലഭിച്ചത്. ഇന്ത്യന്‍ രൂപയില്‍ ഏകദേശം ആറ് കോടിയോളം വരുമിത്. കുറച്ചുനാളുകള്‍ക്ക് മുന്‍പും ഈ കതക് വൈറലായിരുന്നു. ജാക്കിനും കൂടി അതില്‍ കിടക്കാനിടമുണ്ടായിരുന്നു. അങ്ങനെ ചെയ്തിരുന്നുവെങ്കില്‍ ജാക്ക് രക്ഷപ്പെടുമായിരുന്നു എന്ന തരത്തില്‍ ധാരാളംപേര്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റുകള്‍ പങ്കുവച്ചിരുന്നു.

 

‘Titanic’ door that saved Rose sells for 718,750 dollars.