ram-janu

TAGS

പ്രണയദിനത്തിന് സിനിമ പ്രേമികള്‍ക്ക് ആവേശം പകരുന്ന വാര്‍ത്തയുമായി കോളിവുഡ്. സി പ്രേംകുമാറിന്‍റെ 2018ലെ ഹിറ്റ് ചിത്രം 96 വാലെന്‍റൈന്‍സ് ദിനത്തില്‍ തിയറ്ററുകളില്‍ ഒരിക്കല്‍ കൂടെയെത്തും. വിജയ് സേതുപതി, തൃഷ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രം ഇറങ്ങിയതുമുതല്‍‍ പ്രേഷക പ്രിയ പ്രണയ ചിത്രങ്ങളുടെ ലിസ്റ്റില്‍ മാറ്റമില്ലാതെ തുടരുന്ന ഒന്നാണ്.

 

റി–റിലീസ് പ്രഖ്യാപിച്ചതിന് പിന്നാലെ ചിത്രത്തില്‍ അഭിനയിച്ച വര്‍ഷ ബൊല്ലാമ്മ ഇക്കാര്യം എക്സിലൂടെ പങ്കുവെച്ചു. എല്ലാവര്‍ക്കും സന്തോഷവാര്‍ത്ത എന്നു പറഞ്ഞായിരുന്നു വര്‍ഷയുടെ വിഡിയോ. തനിക്ക് ചിത്രത്തില്‍ വളരെ ചെറിയ വേഷമായിരുന്നെങ്കിലും ഈ സിനിമയ്ക്ക് തന്‍റെ മനസില്‍ വലിയ സ്ഥാനമുണ്ടെന്നും വര്‍ഷ കൂട്ടച്ചേര്‍ത്തു.

 

വര്‍ഷങ്ങള്‍ക്ക് ശേഷം നടന്ന ഒരു സ്കൂള്‍ റീ യുണിയനില്‍ വീണ്ടും കണ്ടുമുട്ടിയ, പണ്ടത്തെ രണ്ട് പ്രണയികളുടെ കഥയാണ് ചിത്രം. ഇരുവരും പിരിഞ്ഞ് അവരവരുടെ ജീവിതവുമായി മുന്നോട്ട് പോയെങ്കിലും അവരുടെ സ്നേഹത്തിന് യാതൊരു മാറ്റവും വന്നിട്ടില്ലായിരുന്നെന്ന് സിനിമ പറയുന്നു. അവര്‍ ഒരുമിച്ച് ചിലവിടുന്ന ഒരു രാത്രിയാണ് സിനിമയുടെ കഥ. തമിഴിലിറങ്ങിയ ചിത്രം പിന്നീട് തമിഴിലേക്കും തെലുങ്കിലേക്കും റീമേക്ക് ചെയ്തിരുന്നു.