amrutha-bala

ബാലയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ഗായിക അമൃതാ സുരേഷ്. അഭിഭാഷകരുമായി എത്തിയാണ് അമൃത ബാലയുടെ ആരോപണങ്ങള്‍ക്ക് നിയമം ചൂണ്ടി മറുപടി പറഞ്ഞത്. താൻ കുഞ്ഞിനെ പിടിച്ചുവച്ചിരിക്കുന്നുവെന്ന് വരുത്തിത്തീർക്കാനും തേജോവധം ചെയ്യാനുമാണ് ബാലയുടെ ഉദ്ദേശ്യമെന്ന് അമൃത പറയുന്നു. അഡ്വക്കേറ്റ് രജനി, അഡ്വ. സുധീര്‍ എന്നിവരാണ് അമൃതയ്ക്കൊപ്പം എത്തി നിയമവശങ്ങള്‍ വിശദീകരിച്ചത്. 'വിവാഹമോചനത്തിന് ശേഷം വ്യക്തികൾ തമ്മിൽ തേജോവധം നടത്താനോ വ്യക്തിഹത്യ നടത്താനോ പാടില്ല. അത്തരമൊരു കരാരിൽ ഇരുവരും ഒപ്പുവച്ചതാണ്. പക്ഷെ അതെല്ലാം ലംഘിച്ചുകൊണ്ടുള്ള പ്രവൃത്തികളാണ് കഴിഞ്ഞ കുറേ വർഷങ്ങളായി ബാലയുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നതെന്ന് അഡ്വ.സുധീർ പറഞ്ഞു. 

മകളെ കാണിക്കാന്‍ അമൃത തയ്യാറാവുന്നില്ലെന്ന ബാലയുടെ ആരോപണത്തിനും അമൃതയുടെ അഭിഭാഷകര്‍ മറുപടി നല്‍കി. മകള്‍ക്ക് 18 വയസ് ആകുന്നത് വരെ അമ്മയാണ് കുട്ടിയുടെ രക്ഷിതാവ് എന്നാണ് കോടതി വിധിയില്‍ പറയുന്നത്. എല്ലാ മാസവും രണ്ടാം ശനിയാഴ്ച കോടതി പരിസരത്ത് വെച്ച് ബാലയ്ക്ക് മകളെ കാണാന്‍ അനുവാദമുണ്ട്. എന്നാല്‍ വിവാഹ മോചനം കഴിഞ്ഞുള്ള ആദ്യ രണ്ടാം ശനിയാഴ്ച അമൃത മകളേയും കൂട്ടി കോടതി വളപ്പില്‍ വന്നെങ്കിലും ബാല വന്നില്ല.  പറഞ്ഞുറപ്പിച്ച ദിവസം കാണുന്നതില്‍ തടസം ഉണ്ടെങ്കില്‍ ഫോണ്‍ കോളിലൂടെയോ ഇമെയില്‍ വിലാസത്തിലോ അമൃതയെ വിവരം അറിയിക്കണം. എന്നാല്‍ അമൃതയെ അതിനെ കുറിച്ച് ഒന്നും അറിയിച്ചിട്ടില്ല. കോമ്പ്രമൈസ് പെറ്റീഷൻ അനുസരിച്ച് 25 ലക്ഷം രൂപയാണ് അമൃതയ്ക്കു നൽകിയത്. അവന്തിക എന്ന മകളുടെ പേരിൽ 15 ലക്ഷം രൂപയുടെ ഇൻഷുറൻസ് പോളിസിയുമാണുള്ളത്. കുഞ്ഞിനെ വളർത്താനുള്ള തുകയോ, വിദ്യാഭ്യാസത്തിന്റെയോ, വിവാഹത്തിന്റെ ചിലവുകളോ കൊടുക്കാമെന്ന് പറയുന്നില്ലെന്നും അമൃതയുടെ അഭിഭാഷകര്‍ പറയുന്നു. 

പോക്സോ കേസ് കൊടുത്തെത്ത വാര്‍ത്തകളും അമൃത നിഷേധിക്കുന്നു. പോക്സോ കേസ് എടുത്തിട്ടുണ്ടെങ്കില്‍ പൊലീസ് റിമാൻഡ് ചെയ്യേണ്ടതാണ്. അത് സംഭവിച്ചില്ല. കുഞ്ഞിന്റെ രക്ഷിതാവായി അമൃതയെ നിശ്ചയിച്ച സത്യവാങ്മൂലം നൽകിയിട്ടുണ്ട്. കുഞ്ഞിന്റെ പിതാവായി എന്നും ബാലയുടെ പേരാകും വച്ചിരിക്കുക എന്ന കാര്യം ലംഘിച്ചിട്ടുമില്ല‌‌. ഇനിയും പറഞ്ഞ കാര്യങ്ങളിൽ ലംഘനമുണ്ടായാൽ നിയമപരമായി നേരിടാൻ അമൃത അനുവാദം നല്‍കിയിട്ടുണ്ടെന്നും അഭിഭാഷകര്‍ പറയുന്നു.