ചിരിയും ആക്ഷേപഹാസ്യവും ഗൗരവമായ കഥയും പറയുന്ന ജലധാര പമ്പ്സെറ്റ് സിന്‍സ് 1962 തിയറ്ററില്‍ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ഏറെ ഗൗരവമുള്ള വിഷയം നർമ്മത്തിൽ പൊതിഞ്ഞ് കയ്യടക്കത്തോടെ അവതരിപ്പിച്ച് സിനിമയുടെ പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരും അഭിനന്ദനം അര്‍ഹിക്കുന്നു. വണ്ടർഫ്രെയിംസ് ഫിലിം ലാൻഡിന്റെ ബാനറിൽ ബൈജു ചെല്ലമ്മ, സാഗർ, സനിത ശശിധരൻ എന്നിവർ ചേർന്ന് നിർമിച്ച ചിത്രം ആഷിഷ് ചിന്നപ്പയാണ് സംവിധാനം ചെയ്തത്. നിര്‍മാതാക്കളിലൊരാളായ സാഗര്‍ മനോരമ ന്യൂസ്.കോമുമായി വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നു.
ഒരു പമ്പ് സെറ്റ് കേന്ദ്രകഥാപാത്രം
യഥാര്‍ഥത്തില്‍ നടന്ന കഥ തന്നെയാണിത്. സിനിമയ്ക്കാവശ്യമായ ചേരുവകള്‍ ചേര്‍ത്ത് മിനുക്കിയെടുത്തെന്നു മാത്രം. 2019 ലാണ് കഥ കേള്‍ക്കുന്നത്. എന്റെ സുഹൃത്താണ് ഒരു അധ്യാപികയ്ക്കു നേരിടേണ്ടി വന്ന അനുഭവം സൂചിപ്പിച്ചത്. ആ സംഭവം സിനിമാറ്റിക് രീതിയിലേക്ക് മാറ്റിയെടുക്കുകയായിരുന്നു. കോവിഡ് കാരണം സിനിമ യാഥാര്‍ഥ്യമാകാന്‍ സമയമെടുത്തു. ചെറിയ പ്രമേയം, അതിനൊപ്പം പ്രേക്ഷകരെ പിടിച്ചിരുത്തുകയും വേണം. അങ്ങനെയാണ് പമ്പ്സെറ്റ് കേന്ദ്രകഥാപാത്രമാകുന്നത്. സിനിമയിലൂടെ ഞങ്ങള്‍ ഉദ്ദേശിച്ച പ്രേക്ഷകരെ തൃപ്തിപ്പെടുത്താനായി. അതിനാണ് ഉര്‍വശി, ഇന്ദ്രന്‍സ് കോമ്പോ പരീക്ഷിച്ചതും. സാധാരണക്കാര്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ തന്നെയാണ് ചിത്രത്തില്‍ കാണാനാകുക.
ഇങ്ങനെയാണ് നമ്മുടെ വ്യവസ്ഥ എന്നൊക്കെ പറയാമെങ്കിലും നമ്മള്‍ തന്നെയാണ് ഇതിനൊക്കെ കാരണക്കാര്‍. കോടതിയിലെ ആക്ഷേപഹാസ്യം പല സിനിമകളിലും കണ്ടിട്ടുണ്ടെങ്കിലും ഓരോ സിനിമയിലും വ്യത്യസ്തമായ പാറ്റേണ്‍ ആണ് പരീക്ഷിച്ചിരിക്കുന്നത്. ജലധാരയില്‍ പഴയ സ്റ്റൈല്‍ ആണ് പിന്തുടര്‍ന്നത്. കോവിഡ് കാലത്ത് പ്രേക്ഷകര്‍ കൂടുതലും കണ്ടത് മോഹന്‍ലാലിന്റേയും ദിലീപിന്റേയും പഴയ സിനിമകളാണ്. അതുപോലെ ഇന്ദ്രന്‍സിന്റേയും ഉര്‍വശിയുടെയും അഭിനയം കാണാന്‍ ആളുകള്‍ കൊതിക്കുന്നുണ്ട്.
സാഗര്‍ പതിനഞ്ച് വര്‍ഷത്തോളമായി സിനിമാ മേഖലയില്‍
2007 ലാണ് സിനിമയില്‍ വരുന്നത്. മോഹന്‍ലാലിനൊപ്പം ഭഗവാന്‍ ആണ് ആദ്യ സിനിമ. കൂടുതലും ചെറിയ വേഷങ്ങളിലാണ് അഭിനയിച്ചത്. എന്നെ കണ്ടാല്‍ പലര്‍ക്കും മനസിലാകാറില്ലെന്നത് ഒരു വിഷമം തന്നെയാണ്. എന്നെ തിരിച്ചറിയാന്‍ കഴിയാത്തതിന്റെ പ്രധാന കാരണം ഓരോ റോളിലേയും എന്റെ വ്യത്യസ്തമായ ഗെറ്റപ്പാണ് . എന്നാല്‍ ഈ വ്യത്യസ്തത ഭാവിയില്‍ ചിലപ്പോള്‍ ഗുണം ചെയ്തേക്കും എന്നു വിശ്വസിക്കാനാണ് ഇഷ്ടം. ഇരുപതോളം സിനിമകളില്‍ ഇതുവരെ അഭിനയിച്ചു കാണും. കെ.എല്‍. 10 പത്ത്, ഉസ്താദ് ഹോട്ടല്‍, എടക്കാട് ബറ്റാലിയന്‍ 06 തുടങ്ങിയ സിനിമകളിലെ തല കാണിച്ചു. ചില സിനിമകള്‍ക്കു പിന്നാലെ വര്‍ഷങ്ങള്‍ ചിലവഴിച്ച് സമയം പോയി. സിനിമ എന്നു പറയുന്നത് സംഭവിക്കുന്നതാണ്. മാര്‍ക്കറ്റ് വാല്യു ഇല്ല എന്നു പറഞ്ഞ് സിനിമയില്‍ നിന്നൊഴിവാക്കിയ അനുഭവങ്ങളും ഉണ്ട്.
ജയിലര്‍ പോലുള്ള സിനിമകള്‍ക്കു മുന്നില്‍ ജലധാര
പലരും ഇക്കാര്യം ചോദിച്ചു. ജലധാര പല കാരണങ്ങള്‍ കൊണ്ടും വൈകി. ഇനിയും റിലീസ് മാറ്റിവയ്ക്കാനാകില്ല. കാരണം വലിയ സിനിമകള്‍ പലതും വരാനിരിക്കുകയാണ്. അതുകൊണ്ടാണ് ജയിലര്‍ സിനിമയ്ക്കൊപ്പം തന്നെ ജലധാരയും ഇറക്കാന്‍ തീരുമാനിച്ചത്. രജനിചിത്രത്തിനൊപ്പം ഈ കുഞ്ഞ് സിനിമയും ആളുകള്‍ കാണുമെന്നു പ്രതീക്ഷിച്ചു. ആ പ്രതീക്ഷ തെറ്റിയില്ല. തുടക്കത്തില്‍ പ്രേക്ഷകര്‍ കുറവായിരുന്നെങ്കിലും പിന്നീട് ആളുകള്‍ കയറിത്തുടങ്ങി. പല സ്ഥലത്തും ഷോകളുടെ എണ്ണം കൂടി. ബുക്കിങ്ങിലും വര്‍ധനവ് കാണുന്നു. സന്തോഷം തരുന്ന കാര്യമാണിത്. എന്നെപ്പോലെ സിനിമയില്‍ നിലനില്‍ക്കണമെന്നാഗ്രഹിക്കുന്ന നിരവധി പേരുണ്ട്. അവര്‍ക്കൊക്കെ പ്രോത്സാഹനം നല്‍കുന്നതാണ് ഈ പിന്തുണ