siddique-lal-08

TAGS

എറണാകുളം പുല്ലേപ്പടിക്കാരൻ സിദ്ദിഖും ചേരാനല്ലൂർ തട്ടാപടിക്കാരന്‍ ലാലും തമ്മിലുള്ള സൗഹൃദം തുടങ്ങുന്നത് വടുതലയിലെ ഒരു ക്ലബ് സംഘടിപ്പിച്ച പരിപാടിക്കിടയിലാണ്. മിമിക്രി എന്ന കലാരൂപം കൊണ്ട് വേദികളില്‍ കത്തിക്കയറി നിന്ന കാലം. ക്ലബ്ബുകള്‍, ആഘോഷപരിപാടികള്‍, ഉല്‍സവങ്ങള്‍ അങ്ങനെ പത്താള് കൂടുന്നിടത്ത് മിമിക്രിക്കാരന്‍ സജീവമാകുന്ന കാലം. അന്നും സിദ്ദിഖും പരിപാടികള്‍ പിടിക്കുമായിരുന്നു. അങ്ങനെയിരിക്കെയാണ് വടുതലയുള്ളൊരു ക്ലബ്ബിന്റെ വാർഷിക ആഘോഷങ്ങളിൽ മിമിക്രി അവതരിപ്പിക്കാം എന്നു സമ്മതിക്കുകയും അതിനു കരാറുണ്ടാക്കുകയും ചെയ്‌തത്. എന്നാല്‍ പരിപാടി അടുത്തവന്നപ്പോഴേക്കും കൂട്ടത്തിൽ സഹകരിച്ചുകൊണ്ടിരുന്ന സുഹൃത്ത് ഗള്‍ഫിലേക്ക് പോയി. നല്ലൊരു ജീവിതം തേടി പോകുന്ന ചങ്ങാതിയെ തടയാന്‍ അന്ന് സിദ്ദിഖും ഒരുങ്ങിയില്ല. ഒടുവില്‍ ക്ലബ്ബുകാരോട് വിവരം പറഞ്ഞ് ആളെണ്ണത്തിലെ കുറവ് ബോധ്യപ്പെടുത്തി ആവുംവിധം പരിപാടി ഗംഭീരമാക്കി. അന്ന് ആ വേദിയില്‍ കാണിയായി മറ്റൊരു ചെറുപ്പക്കാരനും ഉണ്ടായിരുന്നു. ലാല്‍.

lal-siddique-10

 

siddique-lal-09

ലാലും അന്ന് മിമിക്രിയുമായി നടക്കുന്ന കാലം. ലാലിന്റെ സുഹൃത്തും ജോലി തേടി മറ്റൊരിടത്തേക്ക് പോയി. എന്നാല്‍ ഇനി നമുക്ക് ഒരുമിച്ച് നീങ്ങിയാലോ എന്ന ചോദ്യത്തില്‍ നിന്നും ഒരു സൗഹൃദം ഉടലെടുത്തു. പിന്നീട് മലയാള മിമിക്രി–സിനിമാ ലോകത്തിന്റെ തന്നെ തലവര മാറ്റുന്ന തുടക്കം. പിന്നീട് ആ ചങ്ങാതിമാര്‍ വേദികളില്‍ നിന്നും വേദികളിലേക്ക് കയ്യടി വാങ്ങി കുതിച്ചു. പുതിയ ചിരിയാശങ്ങള്‍ക്ക് പിന്നാലെ തലപുകച്ചു. അങ്ങനെ കണ്ടെത്തിയ ആശയങ്ങള്‍ പൂരപ്പറമ്പിനെ ചിരിപ്പറമ്പാക്കി. കേരളത്തിൽ ആദ്യമായി ‘മിമിക്‌സ് പരേഡ്’ എന്ന ഹാസ്യകലാരൂപത്തിനും അവര്‍ തുടക്കമിട്ടു.  മിമിക്രിയിൽനിന്നു മിമിക്‌സ് പരേഡിലേക്കുള്ള മാറ്റം ഈ ചങ്ങാതിമാരെ മാത്രമല്ല കലാഭവനെയും ടോപ്പ് ഗിയറിലായി.

 

അരവിന്ദന്റെ പോക്കുവെയിലിൽ അഭിനയിച്ച കലാഭവൻ അൻസാർ, സെയ്‌നുദ്ദീൻ, എൻ.എഫ്. വർഗീസ് അങ്ങനെ ആ സംഘം വളരാന്‍ തുടങ്ങി. മിമിക്രി വേദികളില്‍ നിന്നും സൗഹൃദച്ചര്‍ച്ചകള്‍ സിനിമയിലേക്ക് കടന്നു.  അങ്ങനെയാണ് പ്രശസ്‌ത സംവിധായകനായ ഫാസിലിനെ സിദ്ദിഖും ലാലും പരിചയപ്പെടുന്നത്.  മനസ് നിറെ പുത്തന്‍ ഐഡിയകളുള്ള രണ്ട് ചെറുപ്പക്കാരെ ഫാസിലിനും നന്നായി ബോധിച്ചു. അവരെ തനിക്കൊപ്പം നിര്‍ത്തി സിനിമ പഠിപ്പിച്ചു. സഹസംവിധായകരായി ഒപ്പം കൂടിയ സിദ്ദിഖും ലാലും അങ്ങനെ ക്യാമറക്ക് പിന്നിലെ തിരജീവിതം അടുത്തറിഞ്ഞു. ഷൂട്ടിങ്ങിന് ശേഷമുള്ള സമയങ്ങളില്‍ അവര്‍ അവരുടെതായ  സിനിമകള്‍ സ്വപ്നം കാണാന്‍ തുടങ്ങി. കഥകള്‍ പറഞ്ഞുനോക്കി. ജീവിതത്തിലെ തന്നെ ചില തമാശകള്‍ ചേര്‍ത്തുവച്ചുനോക്കി. അങ്ങനെ ഫാസില്‍ എന്ന ഗുരുവിന്റെ അനുഗ്രഹത്തോടെ ആദ്യചിത്രമായ ‘റാംജിറാവ് സ്‌പീക്കിങ്’ തുടങ്ങി. പിന്നീടങ്ങോട്ട് ‘ഇൻ ഹരിഹർനഗർ’, ‘ഗോഡ് ഫാദർ.. അങ്ങനെ ആ കൂട്ടുകെട്ടില്‍ സംഭവിച്ചതെല്ലാം മലയാള സിനിമയുടെ ചരിത്രത്തിലേക്ക് തന്നെ ചേര്‍ത്തുവയ്ക്കാവുന്ന മെഗാഹിറ്റുകളുടെ വമ്പന്‍നിര.