മകന്‍റെ വേർപാട് മറക്കുന്നത് കൊച്ചുമകൾ ജനിച്ചതിന് ശേഷമാണെന്ന് നടന്‍ സിദ്ദിഖ്. കഴിഞ്ഞ ജൂണ്‍ 27നാണ് സിദ്ദിഖിന്‍റെ മകന്‍ സാപ്പി എന്ന് വിളിക്കുന്ന റാഷിന്‍ മരിച്ചത്. ഓട്ടിസം ബാധിതനായിരുന്ന സാപ്പിയക്കൊപ്പമുള്ള ചിത്രങ്ങള്‍ സിദ്ദിഖും സഹോദരന്‍ ഷഹീനും സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ടായിരുന്നു. ഷഹീന്‍റെ വിവാഹത്തിലും നിറസാന്നിധ്യമായിരുന്നു സാപ്പി. 37 വയസ് മാത്രമുള്ള സാപ്പിയുടെ വിയോഗം സിദ്ദീഖിന് താങ്ങാനാവുന്നതിലും അപ്പുറമായിരുന്നു. ഇപ്പോഴിതാ ഒരു ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ തന്‍റെ മകനെ ഓര്‍ത്തെടുക്കുകയാണ് താരം.
ഇളയ മകന്‍ ഷഹീനും ഭാര്യ അമൃതയ്ക്കും മകള്‍ ജനിച്ചതോടെയാണ് ആ വിഷമം താന്‍ മറന്നതെന്ന് സിദ്ദിഖ് പറയുന്നു. സാപ്പി നോര്‍മല്‍ കിഡ് ആയിരുന്നെങ്കില്‍ താന്‍ കുറേക്കൂടി നേരത്തെ മുത്തച്ഛനാകുമായിരുന്നെന്നും സിദ്ദിഖ് പറഞ്ഞു. ‘അവൻ ഒരു നോർമൽ കിഡ്ഡായിരുന്നുവെങ്കിൽ കുറേക്കൂടി നേരത്തെ ഞാൻ ഒരു അപ്പൂപ്പനാകുമായിരുന്നു. അറുപത്തിയഞ്ച് വയസായപ്പോഴാണ് എനിക്ക് അപ്പൂപ്പനാകാനുള്ള യോഗം വന്നത്. ജൂൺ 27നാണ് മകൻ മരിച്ചത്. തൊട്ടടുത്ത് തന്നെ അതായത് ജൂലൈ പത്തിന് എനിക്ക് കൊച്ചുമകൾ ജനിച്ചു. മോന്‍റെ മരണം സമ്മാനിച്ച ദുഖം ഞാൻ മറക്കുന്നത് എന്‍റെ പേരക്കുട്ടിയെ കാണുമ്പോഴാണ്, അപ്പൂപ്പനായശേഷം ഒരുപാട് സന്തോഷിക്കാൻ കഴിഞ്ഞു.
യഥാർത്ഥ ജീവിതത്തിൽ അപ്പൂപ്പനാകുന്നത് വളരെ ഹാപ്പിയായിട്ടുള്ള കാര്യമാണ്. ദാസേട്ടൻ ഇതേ കുറിച്ച് എന്നോട് പറഞ്ഞിട്ടുണ്ട്. നമുക്ക് മക്കളുണ്ടാകുമ്പോൾ നമ്മൾ ഇത്രത്തോളം സന്തോഷിക്കില്ല. കാരണം നമ്മുടെ സ്ട്രഗിളിങ് പീരിയഡിലാണ് മക്കളുണ്ടാവുക. ജോലിയിൽ അടക്കം പിടിച്ച് നിൽക്കാൻ നമ്മൾ സ്ട്രഗിൾ ചെയ്യുന്ന സമയമാണ്. അപ്പൂപ്പനാകുമ്പോഴേക്കും നമ്മുടെ സ്ട്രഗിളിങ് പീരിയഡൊക്കെ കഴിഞ്ഞിട്ടുണ്ടാകും. ഇനിയിപ്പോൾ ഇത്രയൊക്കെ തന്നെയെ ഉള്ളൂവെന്ന് നമുക്ക് അറിയാം. ആ സമയത്താണ് പേരക്കുട്ടികൾ ഉണ്ടാകുന്നത്. അതുകൊണ്ട് തന്നെ അവരെ ഓമനിക്കാനും അവർക്കൊപ്പം ചിലഴവിക്കാനും സമയം കണ്ടെത്താൻ പറ്റും’.
ഹൃദയത്തോട് ചേര്‍ത്തായിരുന്നു സാപ്പി എന്ന റാഷിനെ എന്നും സിദ്ദിഖ് കൊണ്ടു നടന്നത്. മാനസിക വെല്ലുവിളി നേരിട്ടിരുന്ന സാപ്പിയെ ‘സ്പെഷൽ ചൈൽഡ്’ എന്നാണ് സിദ്ദിഖ് വിശേഷിപ്പിച്ചിരുന്നത്. കുടുംബത്തിലെ എല്ലാ വിശേഷങ്ങളിലും സിദ്ദിഖ് മുന്‍നിരയില്‍ നിര്‍ത്തുന്നത് സാപ്പിയെയായിരുന്നു. എല്ലാ ചടങ്ങുകളിലും നിറസാന്നിധ്യമായിരുന്നു സാപ്പി.