ponniyin-selvan-poster

മണിരത്നത്തിന്റെ ബിഗ് ബജറ്റ് ചിത്രം പൊന്നിയിൻ സെൽവൻ രണ്ടാം ഭാഗത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ചിത്രം അടുത്ത വർഷം ഏപ്രിൽ 28ന്  തിയറ്ററുകളിൽ എത്തും. ബാഹുബലി രണ്ടാം ഭാഗത്തിന് ശേഷം പ്രേക്ഷകർ കാണാൻ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്ന ചിത്രമാണ് പിഎസ് 2. തമിഴ്, ഹിന്ദി, തെലുങ്ക്, മലയാളം, കന്നഡ എന്നീ അഞ്ച് ഭാഷകളിൽ പുറത്തിറങ്ങിയ ചിത്രം സെപ്റ്റംബർ 30നായിരുന്നു റിലീസിനെത്തിയത്. ഏറ്റവും വേഗത്തില്‍ തമിഴ്‌നാട്ടില്‍ 100 കോടി നേടിയ ചിത്രമെന്ന റെക്കോർഡ് പൊന്നിയിൻ സെൽവൻ സ്വന്തമാക്കിയിരുന്നു.

 

ചോള രാജാക്കന്മാരുടെ കാലത്തെ കഥ പറയുന്ന ചിത്രത്തിൽ വൻ താര നിരയാണ് അണിനിരന്നത്. ഐശ്വര്യ റായി, വിക്രം, കാര്‍ത്തി, ജയറാം, ജയം രവി, തൃഷ, ശരത് കുമാർ, ഐശ്വര്യ ലക്ഷ്മി, ലാൽ, പ്രകാശ് രാജ്, റഹ്മാൻ തുടങ്ങിയ താരങ്ങൾ അതിഗംഭീര പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. പൊന്നിയിൻ സെൽവൻ എന്ന സിനിമയുടെ ടൈറ്റിൽ കഥാപാത്രമായി ജയം രവി എത്തുന്നു. രാജ രാജ ചോഴനായാണ് ജയം രവി അഭിനയിക്കുന്നത്. ആദിത്യ കരികാലന്റെ ഇളയസഹോദരനാണ് അരുൾമൊഴി വർമനെന്ന രാജ രാജ ചോഴൻ. ആദിത്യ കരികാലനായി എത്തുന്ന വിക്രം, വന്തിയ തേവൻ എന്ന കാർത്തി, നന്ദിനി രാജകുമാരിയായ ഐശ്വര്യ റായി, കുന്ദവൈ രാഞ്ജി തൃഷ എന്നിവരാണ് ആദ്യ ഭാഗത്തിൽ നിറഞ്ഞുനിൽക്കുന്നത്. കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ ഇതേ പേരുള്ള തമിഴ് നോവലിനെ ആധാരമാക്കിയാണ് സിനിമ. ചോള രാജാവായിരുന്ന അരുൾമൊഴി വർമനെ (രാജരാജ ചോളൻ ഒന്നാമൻ) കുറിച്ചുള്ളതാണ് 2400 പേജുള്ള ഈ നോവൽ. 

 

സംഗീതം എ.ആർ. റഹ്മാനും ഛായാഗ്രഹണം രവി വര്‍മനുമാണ്. ഇളങ്കോ കുമാരവേലാണ് തിരക്കഥ. രാജീവ് മേനോൻ ചിത്രം ‘സർവം താളമയ’ത്തിന്റെ തിരക്കഥാകൃത്താണ് ഇളങ്കോ കുമാരവേൽ. നിർമാണം മണിരത്നവും ലൈക പ്രൊ‍ഡക്‌ഷൻസും ചേർന്നാണ്. അഞ്ചു ഭാഗങ്ങൾ ഉള്ള ബ്രഹ്മാണ്ഡ നോവൽ ആണ് പൊന്നിയിൻ സെൽവൻ. ‌അതു ചുരുക്കി, രണ്ടു ഭാഗങ്ങളായുള്ള സിനിമയാക്കുകയായിരുന്നു.

 

Ponniyin Selvan Part Two Be Released on April 28  Next Year