വലിയ പ്രതീക്ഷയിൽ തിയറ്ററുകളിലെത്തിയ മണിരത്നം – കമൽഹാസൻ ചിത്രം തഗ് ലൈഫ് ബോക്സ് ഓഫിസിൽ തകർന്നടിയുന്നു. ജൂൺ 5ന് തിയറ്ററുകളിലെത്തിയ ചിത്രം ഇന്ത്യയില്‍ നിന്നാകെ ഇതുവരെ നേടിയത് 40.52 കോടിയാണ്. 3.62 കോടി രൂപ മാത്രമാണ് തിങ്കളാഴ്ച തഗ് ലൈഫിന് ഇന്ത്യയിൽ നിന്നും നേടാനായത്. പഴകി പതിഞ്ഞ കഥയും കമല്‍ അടക്കമുള്ളവരുടെ മോശം പ്രകടനവും ചിത്രത്തിന് തിരിച്ചടിയായി. ഇന്ത്യന്‍ 2വിനെക്കാളും ദയനീയ പരാജയമാണെന്നാണ് വിവരം.
Image: Screenshot from Trailer
അതേസമയം, തഗ് ലൈഫ് ഒടിടിയിൽ പ്രീമിയർ ചെയ്തേക്കുമെന്നും അഭ്യൂഹങ്ങളുണ്ട്. എട്ട് ആഴ്ചയെങ്കിലും ചിത്രം തിയറ്ററിൽ ഓടിക്കുമെന്നാണ് കമൽഹാസൻ നേരത്തെ പറഞ്ഞിരുന്നത്. എന്നാൽ ചിത്രം മോശം പ്രകടനമായതുകൊണ്ട് നാല് ആഴ്ചകൾക്ക് ശേഷം ഒടിടിയിൽ എത്തുമെന്ന് റിപ്പോർട്ടുകളുണ്ട്.
കമല്‍ ഹാസന്‍റെ രാജ്കമല്‍ ഫിലിംസിനൊപ്പം മണി രത്നത്തിന്‍റെ മദ്രാസ് ടാക്കീസും ഉദയനിധി സ്റ്റാലിന്‍റെ റെഡ് ജയന്‍റ് മൂവീസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ആക്ഷന് പ്രാധാന്യമുള്ള ഗ്യാങ്സ്റ്റര്‍ ഡ്രാമ ചിത്രമാണ് തഗ് ലൈഫ്. രംഗരായ ശക്തിവേല്‍ നായ്ക്കര്‍ എന്നാണ് ചിത്രത്തില്‍ കമല്‍ ഹാസന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. മണി രത്‌നത്തിനൊപ്പം പതിവ് സഹപ്രവർത്തകരായ സംഗീതസംവിധായകൻ എ ആർ റഹ്‌മാനും എഡിറ്റർ ശ്രീകർ പ്രസാദും ഈ ചിത്രത്തിലും ഒരുമിക്കുന്നുണ്ട്.