thug-life

മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം കമൽഹാസനും മണിരത്നവും ഒന്നിച്ചതിനാല്‍ വലിയ പ്രതീക്ഷകളോടെ തിയറ്ററുകളിലെത്തിയ ചിത്രമാണ് ‘തഗ് ലൈഫ്’. എന്നാല്‍ ജൂണ്‍ 5ന് റിലീസ് ചെയ്ത ചിത്രം പ്രേക്ഷകരെ ആകര്‍ഷിക്കുന്നതില്‍ ചിത്രം പരാജയപ്പെട്ടു. തിയറ്ററുകളിലെ മോശം പ്രകടനത്തെത്തുടര്‍ന്ന് മൂന്ന് ആഴ്ചകള്‍ക്കുള്ളില്‍ തന്നെ ചിത്രം ഇന്ത്യയിലുടനീളമുള്ള മിക്ക തിയറ്ററുകളില്‍ നിന്നും പിന്‍വാങ്ങി. കന്നഡ ഭാഷയുമായി ബന്ധപ്പെട്ട് കമൽഹാസൻ നടത്തിയ പ്രസ്താവനയെത്തുടർന്ന് കർണാടകയിൽ ചിത്രത്തിന് വിലക്കേർപ്പെടുത്തിയതിന് പിന്നാലെയായിരുന്നു ചിത്രം തിയറ്ററുകളിലും തകര്‍ന്നടിഞ്ഞത്. ഇപ്പോള്‍ ചിത്രം ഒടിടിയില്‍ നേരത്തെ  റിലീസ്  ചെയ്തതിന്   25 ലക്ഷം രൂപയുടെ പിഴ അടയ്ക്കണമെന്ന നിര്‍ദേശം ചിത്രത്തിന്‍റെ അണിയറപ്ര‍വര്‍ത്തകരെ തേടിയെത്തിയിരിക്കുന്നത്.

പിങ്ക്‌വില്ല റിപ്പോർട്ട് അനുസരിച്ച്, ഒടിടിയില്‍ ഒരു ചിത്രം റിലീസ് ചെയ്യേണ്ടുന്നതിനുള്ള മാനദണ്ഡം ലംഘിച്ചതിനാണ് ‘തഗ് ലൈഫി’ന് പിഴ ചുമത്തിയത്. ഉത്തരേന്ത്യയിൽ തമിഴ് ചിത്രങ്ങൾ മൾട്ടിപ്ലെക്സുകളിൽ പ്രദർശിപ്പിക്കണമെങ്കിൽ തിയേറ്റർ റിലീസും ഒടിടി സ്ട്രീമിങ്ങും തമ്മിൽ കുറഞ്ഞത് എട്ട് ആഴ്ചത്തെ ഇടവേളയെങ്കിലും വേണം. എന്നാൽ തിയറ്ററില്‍ റിലീസ് ചെയ്ത് നാല് ആഴ്ചകൾക്കുള്ളില്‍ തന്നെ 'തഗ് ലൈഫ്' ഒടിടിയിൽ പ്രദർശിപ്പിക്കാൻ ഒരുങ്ങുന്നതിനാൽ മൾട്ടിപ്ലെക്സുകളുമായുള്ള ധാരണ ലംഘിക്കപ്പെടുകയാണുണ്ടായത്. ഇതെത്തുടർന്നാണ് 25 ലക്ഷം രൂപ പിഴയായി ഒടുക്കണമെന്ന നിര്‍ദേശം ലഭിച്ചതെന്നാണ് റിപ്പോര്‍ട്ട്.

തഗ് ലൈഫിന്‍റെ ഡിജിറ്റൽ അവകാശങ്ങൾ ആദ്യം 130 കോടി രൂപയ്ക്കായിരുന്നു നെറ്റ്ഫ്ലിക്സിന് വിറ്റത്. പറഞ്ഞതിലും നേരത്തേ ഒടിടി റിലീസ് ഉണ്ടാവുമെന്നതിനാൽ ഈ തുക നെറ്റ്ഫ്ളിക്സ് വെട്ടിക്കുറച്ച്  ഒത്തുതീര്‍പ്പായതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 200 കോടി ബഡ്ജറ്റിൽ ഒരുക്കിയ ‘തഗ് ലൈഫി’ന് ഇന്ത്യയിൽനിന്ന് ഇതുവരെ നേടാനായത് 47.2 കോടി മാത്രമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ആദ്യദിനം 15.5 കോടിയായിരുന്നു കളക്ഷൻ. എന്നാൽ, മോശം അഭിപ്രായം വന്നതോടെ കളക്ഷൻ കൂപ്പുകുത്തി. 

കമൽഹാസന്‍റെ പ്രൊഡക്ഷൻ ടീം 8 ആഴ്ച എന്ന നിയമത്തിൽ നിന്ന് വ്യതിചലിക്കുന്നത് ഇത് രണ്ടാം തവണയാണ്.  ഇന്ത്യൻ 2 ആയിരുന്നു മുന്‍പ് ഇതേ രീതിയില്‍ വന്ന കമല്‍ ചിത്രം. ഡിജിറ്റൽ റിലീസ് വൈകിപ്പിക്കാൻ മൾട്ടിപ്ലക്സുകൾ നിർമ്മാതാക്കളോട് ആവശ്യപ്പെടുന്നുണ്ടെങ്കിലും, വരും ദിവസങ്ങളിൽ ചിത്രം നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. കമൽഹാസന് പുറമേ ചിമ്പു, തൃഷ കൃഷ്ണൻ, ഐശ്വര്യ ലക്ഷ്മി, അലി ഫസൽ, തുടങ്ങിയവരാണ് തഗ് ലൈഫിൽ പ്രധാനവേഷങ്ങളിലെത്തിയത്. കമലഹാസൻ സഹ-എഴുത്തും സഹനിർമ്മാണവും നിർവ്വഹിക്കുന്ന ഈ ചിത്രം രാജ് കമൽ ഫിലിംസ് ഇന്റർനാഷണലും മദ്രാസ് ടാക്കീസും ചേർന്നാണ് നിർമ്മിച്ചത്.

ENGLISH SUMMARY:

The film ‘Thug Life’, which hit theaters with high expectations due to the reunion of Kamal Haasan and Mani Ratnam after three decades, failed to attract audiences following its release on June 5. Due to its poor performance in theaters, the movie was pulled from most screens across India within three weeks.The film’s downfall worsened after a ban in Karnataka, which followed a controversial remark Kamal Haasan made about the Kannada language. Now, the makers are facing another setback—a fine of ₹25 lakhs has been proposed for releasing the film on OTT earlier than permitted