ശ്രീരാമജന്മഭൂമി ക്ഷേത്രത്തിൽ പൂജ നടക്കുന്ന ആദ്യ ഇന്ത്യൻ സിനിമ എന്ന ചരിത്രം കുറിച്ച് പഹൽഗാം ഭീകരാക്രമണവും തുടർന്നുണ്ടായ 'ഓപ്പറേഷൻ സിന്ദൂറും' വെള്ളിത്തിരയിലേക്ക്. ആക്ഷൻ കിങ് അർജുൻ സർജ സംവിധാനം ചെയ്യുന്ന പാൻ-ഇന്ത്യൻ ചിത്രത്തിനാണ് അയോധ്യയിലെ ശ്രീരാമജന്മഭൂമി തീർഥക്ഷേത്രത്തിൽ പൂജയോടെ തുടക്കമായത്.
കരസേനാ ഉദ്യോഗസ്ഥൻ മേജർ വിജയ് ഭാർഗവ് തിരക്കഥയൊരുക്കുന്ന ചിത്രം നിർമിക്കുന്നത് അനൂപ് മോഹനാണ്. രാജ്യത്തിന്റെ ധീരതയും നിശ്ചയദാർഢ്യവും പ്രമേയമാകുന്ന സിനിമയുടെ പേര് പുറത്തുവിട്ടിട്ടില്ല. ഹിന്ദിയിൽ ഒരുങ്ങുന്ന ചിത്രം ഒമ്പത് ഇന്ത്യൻ ഭാഷകളിലായി 2027 ഓഗസ്റ്റ് 15-ന് തിയറ്ററുകളിലെത്തും. അർജുൻ സർജയും ഭാര്യ നിവേദിത അർജുനും ഉൾപ്പെടെയുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു .