അഭിനയരംഗത്തേക്ക് കടന്നുവന്ന ആദ്യകാലത്ത് നേരിട്ട എതിർപ്പുകളും കുടുംബത്തിലെ സംഘർഷങ്ങളും തുറന്നുപറഞ്ഞ് നടനും ബിജെപി എംപിയുമായ രവി കിഷൻ. താന്‍ സിനിമയില്‍ അഭിനയിക്കാന്‍ പോയതിന് തന്‍റെ പിതാവിന് വലിയ എതിര്‍പ്പായിരുന്നെന്ന് രവി കിഷന്‍ പറയുന്നു. കോഫി വിത്ത് കരൺ എന്ന ടോക്ക് ഷോയിലാണ് രവി കിഷൻ തന്റെ ഓര്‍മകള്‍ പങ്കുവച്ചത്.
രാംലീല എന്ന നാടകത്തില്‍ സാരിയുടുത്ത് അഭിനയിച്ചതിന് അച്ഛൻ തന്നെ ലെതർ ബെൽറ്റ് കൊണ്ട് ക്രൂരമായി മർദ്ദിച്ചെന്നും തനിക്ക് അഭിനയത്തോടുള്ള താല്പര്യം കാരണം അച്ഛൻ തന്നെ കൊല്ലാൻ പോലും ആഗ്രഹിച്ചിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി.
തന്റെ അച്ഛൻ ക്ഷേത്രത്തില്‍ പൂജാരി ആയിരുന്നുവെന്നും പാൽക്കച്ചവടം നടത്തിയിരുന്നുവെന്നും രവി കിഷൻ പറഞ്ഞു. അച്ഛന്‍റെ ബിസിനസ് ഏറ്റെടുക്കണമെന്നോ ഒരു സർക്കാർ ജോലി നേടണമെന്നോ ആണ് തന്‍റെ അച്ഛൻ ആഗ്രഹിച്ചതെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ചെറുപ്പം മുതലേ നാടകത്തോടും അഭിനയത്തോടുമായിരുന്നു തനിക്ക് താല്പര്യം. രാംലീലയിൽ സാരിയുടുത്ത് അഭിനയിച്ചത് അച്ഛനെ പ്രകോപിപ്പിച്ചു. തന്‍റെ അഭിനയം കണ്ട് വന്നതിന് പിന്നാലെ അച്ഛൻ ലെതർ ബെൽറ്റ് കൊണ്ട് തന്നെ അതിക്രൂരമായി മർദ്ദിച്ചു. 'നിനക്ക് ഒരു ആട്ടക്കാരിയാകാനാണോ ആഗ്രഹം?' എന്ന് ചോദിച്ചായിരുന്നു മർദ്ദനം. തൊണ്ണൂറുകളിൽ സിനിമയും അഭിനയവും മാന്യമായ തൊഴിലായി കുടുംബങ്ങളിൽ അംഗീകരിക്കപ്പെട്ടിരുന്നില്ലെന്നും രവി കിഷൻ കൂട്ടിച്ചേര്‍ത്തു.
അച്ഛന്റെ ഉപദ്രവം കൂടിയപ്പോള്‍ തന്റെ ജീവൻ തന്നെ അപകടത്തിലാണെന്ന് അമ്മയ്ക്ക് തോന്നിയെന്നും തുടർന്ന് അമ്മയാണ് വീടുവിട്ടു പോകാൻ സഹായിച്ചതെന്നും രവി കിഷൻ വ്യക്തമാക്കി. 'തല്ലല്ലോ അച്ഛാ എന്ന് ഞാൻ പറഞ്ഞു. കുടുംബത്തിന് അപമാനമുണ്ടാക്കിയെന്ന് കരുതി അച്ഛൻ എന്നെ കൊല്ലാൻ വരെ ആഗ്രഹിച്ചിരുന്നു. അതുകൊണ്ടാണ് അമ്മ എന്നെ അവിടെനിന്ന് രക്ഷപ്പെടാൻ സഹായിച്ചത്.'- രവി കിഷൻ പറഞ്ഞു.