സത്യപ്രതിജ്ഞ ചെയ്ത് രണ്ട് ദിവസത്തിന് ശേഷം തമിഴ് സിനിമാ മേഖലയില്‍ ശ്രദ്ധേയമായ നീക്കവുമായി തമിഴ്നാട് മുഖ്യമന്ത്രി വിജയ്. സൂര്യ– തൃഷ ചിത്രം ‘കറുപ്പിന്’ രാവിലെ പ്രത്യേക ഷോയ്ക്ക് അനുമതി നല്‍കിയ മുഖ്യമന്ത്രിയുടെ നീക്കമാണ് ചര്‍ച്ചയാകുന്നത്. ചിത്രത്തിന് രാവിലെ 9 മണിക്കുള്ള ഷോയ്ക്ക് അനുമതി ലഭിച്ചതായി അണിയറ പ്രവര്‍ത്തകര്‍  അറിയിച്ചു.

തമിഴ്നാട് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള വിജയ്‌യുടെ ഫോട്ടോ പങ്കിട്ടാണ് ഡ്രീം വാരിയര്‍ പിക്ചേഴ്സ് പോസ്റ്റ് പങ്കിട്ടിരിക്കുന്നത്. കറുപ്പിന്, രാവിലെ 9 മണിക്ക് നടക്കുന്ന ഷോകൾക്ക് പ്രത്യേക അനുമതി  നല്‍കിയ ബഹുമാനപ്പെട്ട തമിഴ്നാട് മുഖ്യമന്ത്രിക്ക് നന്ദിയെന്നും കുറിപ്പിലുണ്ട്. കറുപ്പിന്‍റെ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ മെയ് 14  രാവിലെ 9 മണിക്ക് ആരംഭിക്കുമെന്നും പോസ്റ്റില്‍ പറയുന്നു.

ഇന്ത്യയില്‍ പല സംസ്ഥാനങ്ങളിലും അതിരാവിലെയുള്ള സിനിമാ പ്രദർശനങ്ങള്‍ സാധാരണമാണ്. എന്നാല്‍ വലിയ റിലീസുകളുമായി ബന്ധപ്പെട്ട് ആരാധകരുടെ തിക്കും തിരക്കും വലിയ ആഘോഷങ്ങളുമുണ്ടാകാറുണ്ട്. ഇത്തരം ക്രമസമാധാന പ്രശ്‌നങ്ങൾ കാരണം സമീപ വർഷങ്ങളിൽ തമിഴ്‌നാട്ടിലെ തിയേറ്ററുകൾ രാവിലെയുള്ള ഷോകള്‍ ഒഴിവാക്കിയിരുന്നു. ഇതോടെ പ്രത്യേക അനുമതിയോടെയാണ് ഇത്തരം ഷോകള്‍ സംഘടിപ്പിക്കുന്നത്.

അതേസമയം, വിജയ്-തൃഷ ബന്ധം സംബന്ധിച്ച് ഓൺലൈൻ ഊഹാപോഹങ്ങൾ ശക്തമാകുന്നതിനിടെയാണ് തൃഷ ചിത്രത്തിന്‍റെ പ്രത്യേക ഷോയ്ക്ക് വിജയ് അനുമതി നല്‍കുന്നത്. ഇതും ചര്‍ച്ചകള്‍ക്ക് ആക്കം കൂട്ടിയിട്ടുണ്ട്. തമിഴ്നാട്ടില്‍ വിജയ്‌ രാഷ്ട്രീയ രംഗപ്രവേശം നടത്തിയതു മുതല്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കൊപ്പം തന്നെ ശക്തിപ്പെടുന്ന ഒന്നാണ് തൃഷ– വിജയ് ബന്ധവും. വിജയ് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ തീരുമാനിച്ചതോടെ ഈ ചര്‍ച്ചകള്‍ക്ക് നാള്‍ക്കുനാള്‍ ചൂടേറി വന്നു. ‌‌

വിജയ്‌യുടെ ഭാര്യ സംഗീത നല്‍കിയ വിവാഹമോചന ഹര്‍ജി, ഒരു വിവാഹചടങ്ങില്‍ ഒരുമിച്ചെത്തിയ വിജയ്‌യുടെയും തൃഷയുടേയും ചിത്രങ്ങള്‍, ഇരുവരുടേയും സോഷ്യല്‍ മീഡിയയിലെ പോസ്റ്റുകള്‍ എന്നിങ്ങനെ ഈ ചര്‍ച്ചകള്‍ക്ക് ശക്തികൂട്ടിയ കാര്യങ്ങള്‍ പലതാണ്. ഏറ്റവും ഒടുവില്‍ വിജയ്‌യുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ എത്തിയ തൃഷയുടെ ദൃശ്യങ്ങളും ഇതിന്‍റെ ആക്കം കൂട്ടുകയായിരുന്നു.

‘കറുപ്പ്’

ആർജെ ബാലാജി രചനയും സംവിധാനവും നിർവഹിച്ച ആക്ഷന്‍ ഡ്രാമയാണ് ചിത്രം. രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം സൂര്യയും തൃഷ കൃഷ്‍ണനും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. മെയ് 14 ന് ലോകമെമ്പാടും തീയറ്റർ റിലീസിന് ഒരുങ്ങുകയാണ് ചിത്രം. സൂര്യ, തൃഷ എന്നിവര്‍ക്കൊപ്പം ഇന്ദ്രൻസ്, നാറ്റി, സ്വാസിക, ശിവദ, അനഘ മായ രവി, സുപ്രീത് റെഡ്ഡി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സായ് അഭ്യങ്കറാണ്  സംഗീതം നൽകിയിരിക്കുന്നത്.

ENGLISH SUMMARY:

Following his historic victory and swearing-in as the Chief Minister of Tamil Nadu on May 10, 2026, C. Joseph Vijay (Thalapathy Vijay) has made a significant decision regarding the Tamil film industry. Two days into his term, he granted special permission for early morning screenings of the Suriya-Trisha starrer Karuppu.