മോളിവുഡിലെ അങ്കത്തിനിടയ്ക്ക് തമിഴില്‍ വീണ്ടും പയറ്റാന്‍ ബേസില്‍ ജോസഫ്. നവാഗതനായ വിഘ്നേഷ് വടിവേല്‍ സംവിധാനം ചെയ്യുന്ന 'രാവഡി' എന്ന ചിത്രത്തിന്‍റെ ക്യാരക്ടേഴ്സ് ഇന്‍ട്രൊഡക്ഷന്‍ വിഡിയോ പുറത്തുവന്നു. 'സിറായ്' ഫെയിം എൽ.കെ. അക്ഷയ് ആണ് ചിത്രത്തിലെ ഒരു പ്രധാനകഥാപാത്രം. ഒരു മെന്‍സ് ഹോസ്റ്റലില്‍ നടക്കുന്ന രസകരമായ സംഭവങ്ങളിലൂടെയാണ് ഓരോ കഥാപാത്രങ്ങളേയും അനാവരണം ചെയ്യുന്നത്. ഏറ്റവും ഒടുവില്‍ സര്‍പ്രൈസായാണ് ബേസിലിനെ കാണിക്കുന്നത്. വിഡിയോയുടെ കമന്‍റ് ബോക്സിലാകെ ബേസിലിനെ തമിഴിലേക്ക് സ്വാഗതം ചെയ്തുകൊണ്ടുള്ള കമന്‍റുകളാണ്.
തമിഴിലും മലയാളത്തിലുമായി ഒരുങ്ങുന്ന ഒരു ദ്വിഭാഷാ കോമഡി ചിത്രമാണിത്. സെവൻ സ്ക്രീൻ സ്റ്റുഡിയോസിന്റെ ബാനറിൽ എസ്.എസ്. ലളിത് കുമാർ ആണ് ചിത്രം നിർമ്മിക്കുന്നത്. ജാഫർ സാദിഖ്, ജോൺ വിജയ്, സത്യൻ, ഷാരിഖ് ഹസ്സൻ, ഐശ്വര്യ ശർമ്മ എന്നിവരും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.
ഇതിനുമുന്‍പ് ശിവകാര്‍ത്തികേയന്‍ ചിത്രം 'പരാശക്തി'യില്‍ കാമിയോ റോളില്‍ ബേസില്‍ എത്തിയിരുന്നു. 'ഡോമന്‍ ചാക്കോ' എന്ന ബേസിലിന്‍റെ കഥാപാത്രം തിയേറ്ററിലെത്തിയ പ്രേക്ഷകര്‍ക്ക് സര്‍പ്രൈസായിരുന്നു. 'അതിരടി'യാണ് മലയാളത്തില്‍ റിലീസിന് ഒരുങ്ങുന്ന ബേസിലിന്‍റെ ചിത്രം. ടൊവിനോ തോമസ്, വിനീത് ശ്രീനിവാസന്‍ എന്നിവരും ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളായി എത്തുന്നുണ്ട്.