വിജയ്‌യുടെ അവസാന ചിത്രം എന്ന നിലയിലാണ് വരാനിരിക്കുന്ന ജനനായകന്‍ ചര്‍ച്ചയാകുന്നത്. പ്രിയ താരം മമിത ബൈജു ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നു എന്നതാണ് മലയാളികള്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്ന മറ്റൊരു കാര്യം. വിജയ്‌യും മമിതയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെന്ന് സംവിധായകൻ എച്ച്.വിനോദും ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇപ്പോളിതാ ആനന്ദവികടൻ എന്ന തമിഴ് സിനിമാ മാഗസിൻ പുറത്തുവിട്ട മമിതയുടെ ലൊക്കേഷൻ ചിത്രങ്ങളാണ് ചര്‍ച്ചയാകുന്നത്.
വിജയ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ സഹോദരിയായിട്ടായിരിക്കും മമിത എത്തുക എന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ചിത്രത്തിലെ നായിക പൂജ ഹെഗ്‌ഡെ ആയിരിക്കെ മമിതയുടെ കഥാപാത്രം സഹോദരി ആയിരിക്കും എന്നാണ് ആരാധകരുടെയും അനുമാനം. വിജയ് ചിത്രങ്ങളിലെ സഹോദരീ സ്നേഹവും ഈ റിപ്പോര്‍ട്ടുകള്‍ക്ക് കാരണമായിട്ടുണ്ട്. ബാലയ്യ ചിത്രം ഭഗവന്ത് കേസരിയുടെ റീമേക്കാണ് ജനനായകന്‍ എന്ന അഭ്യൂഹങ്ങള്‍ കൂടി പരന്നതോടെ മമിത സഹോദരി തന്നെയായിരിക്കും എന്ന് ആരാധകര്‍ ഏകദേശം ഉറപ്പിച്ച മട്ടാണ്.
എന്നാല്‍ വെറും തങ്കച്ചിയല്ല, ആക്ഷന്‍ തങ്കച്ചിയാണ് മമിതയെന്നാണ് ആനന്ദവികടൻ പുറത്തുനിട്ട ചിത്രം സൂചിപ്പിക്കുന്നത്. മാർവൽ കോമിക്‌സിനെ അടിസ്ഥാനമാക്കിയുള്ള 2021 ലെ അമേരിക്കൻ സൂപ്പർഹീറോ ചിത്രം ബ്ലാക്ക് വിഡോയിലെ ലുക്കിനോട് സാമ്യമുള്ള മമിതയുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കയ്യിൽ ഒരു ഇഷ്ടികയും ഉണ്ട്. ഇതോടെ സ്ഥിരം കഥാപാത്രങ്ങളായ സ്നേഹമയിയായ സഹോദരിയില്‍ നിന്ന് ഉപരിയായി ആക്ഷന്‍ തങ്കച്ചിയായിട്ടായിരിക്കും മമിത എത്തുക എന്ന് ചര്‍ച്ചകള്‍ ആരംഭിച്ചു. നേരത്തെ ജനനായകന്റെ 'ദളപതി കച്ചേരി' എന്ന ഗാനത്തില്‍ ഫാസ്റ്റ് നമ്പരില്‍ വിജയ്ക്കൊപ്പം തകര്‍പ്പന്‍ ചുവടു വയ്ക്കുന്ന മമിതയെ ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഇപ്പോള്‍ മമിതയുടെ ഡാന്‍സ് മാത്രമല്ല, ആക്ഷനും ഉണ്ടെന്ന് ഉറപ്പിക്കുകയാണ് ആരാധകര്‍. മമിതയുടെ മാത്രമല്ല വിജയ്, പൂജ ഹെഗ്‌ഡെ എന്നിവരുടെ ജനനായകനിലെ ചിത്രങ്ങളും ആനന്ദവികടൻ പുറത്തുവിട്ടിട്ടുണ്ട്.
അതേസമയം, ചിത്രത്തിന്‍റെ റീലീസ് ഡേറ്റ് അടുക്കുമ്പോള്‍ ചിത്രം നന്ദമുരി ബാലകൃഷ്ണയുടെ 'ഭഗവന്ത് കേസരി'യുടെ റീമേക്കാണോ എന്നതിനെക്കുറിച്ചുള്ള ഊഹാപോഹങ്ങളും സജീവമാണ്. നേരത്തെ ആനന്ദവികടനോട് സംസാരിക്കവേ ഉൗഹാപോഹങ്ങളെ നിഷേധിക്കാനോ സ്ഥിരീകരിക്കാനോ സംവിധായകന്‍ വിനോദ് തയ്യാറായിരുന്നില്ല. ‘ഈ ചോദ്യത്തിന് 'അതെ' എന്നോ 'അല്ല' എന്നോ എനിക്ക് ഉത്തരം പറയാൻ കഴിയില്ല. ഇത് പൂർണ്ണമായും ദളപതി ചിത്രമാണ്. ചിത്രം കണ്ടാല്‍ ആളുകൾക്ക് അവരുടെ ഉത്തരം ലഭിക്കും’ എന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. ചിത്രം കാണുന്നതിന് മുമ്പ് എടുത്തുചാടി നിഗമനങ്ങളിൽ എത്തുന്നത് ഒഴിവാക്കണമെന്നാണ് വിനോദ് പറഞ്ഞത്.
പൊളിറ്റിക്കൽ കൊമേർഷ്യൽ എന്റർടൈനറായാണ് ചിത്രം എത്തുന്നത്. വിജയ്, മമിതാ ബൈജു, പൂജാ ഹെഡ്‌ഗെ എന്നിവരെക്കൂടാതെ പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോന്‍, ബോബി ഡിയോള്‍, നരേന്‍, പ്രിയാമണി തുടങ്ങി വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. വെങ്കട്ട് നാരായണ നിര്‍മിക്കുന്ന ചിത്രത്തിന് അനിരുദ്ധ് രവിചന്ദര്‍ ആണ് സംഗീതം ഒരുക്കിയത്. റോമിയോ പിക്‌ചേഴ്‌സാണ് വിതരണം. ജനുവരി 9ന് പൊങ്കല്‍ റിലീസായി ജനനായകന്‍ തിയറ്ററുകളിലെത്തും.