എസ്.എസ്.രാജമൗലി ചിത്രത്തിലെ പ്രിയങ്ക ചോപ്രയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്. മന്ദാകിനി എന്നാണ് ചിത്രത്തിലെ നായികയുടെ പേര്. മഞ്ഞ സാരി ധരിച്ച് തോക്കുമായാണ് ക്യാരക്ടര്‍ പോസ്റ്ററില്‍ പ്രിയങ്കയെ കാണുന്നത്. .
'ആഗോളതലത്തിൽ ഇന്ത്യൻ സിനിമയെ പുനർനിർവചിച്ച വനിത. വെൽക്കം ബാക്ക്, ദേശി ഗേൾ! @priyankachopra. മന്ദാകിനിയുടെ പല ഭാവങ്ങളും ലോകം കാണാൻ കാത്തിരിക്കുന്നു,' എന്നാണ് പോസ്റ്റര്‍ പങ്കുവച്ച് രാജമൗലി കുറിച്ചത്. പോസ്റ്റര്‍ പങ്കുവച്ച് പ്രിയങ്കയുടെ പ്രതികരണം ഇങ്ങനെ, 'കണ്ണിൽ കാണുന്നതിനേക്കാളുമപ്പുറമാണ് ഇവള്‍, മന്ദാകിനിയോട് ഹലോ പറയൂ,'. ഏറെ നാളായി ഇന്ത്യന്‍ സിനിമയില്‍ നിന്നും ഇടവേളയെടുത്തിരിക്കുന്ന പ്രിയങ്കയുടെ തിരിച്ചുവരവ് ഏറെ ആകാംക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.
മഹേഷ് ബാബു നായകനാവുന്ന ചിത്രത്തിന്‍റെ ഔദ്യോഗിക പേര് ഇതുവരെ പുറത്തുവിട്ടിട്ടില്ല. ചിത്രത്തിന്റെ പേര് 2025 നവംബർ 15-ന് ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയിൽ നടക്കുന്ന ചടങ്ങിൽ പ്രഖ്യാപിക്കും. പൃഥ്വിരാജാണ് ചിത്രത്തില്‍ വില്ലനായി എത്തുന്നത്. കുംഭ എന്ന പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പോസ്റ്ററും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.