മകളുടെ ജനനവും തുടർന്നുണ്ടായ വലിയ പ്രതിസന്ധിയെക്കുറിച്ചും തുറന്നുപറഞ്ഞ് പ്രിയങ്ക ചോപ്ര. ജീവിതത്തിലെ ഏറ്റവും ദുഷ്കരമായ കാലഘട്ടമായിരുന്നു അതെന്നും വലിയ മാനസിക ബുദ്ധിമുട്ടുകൾ ആ സമയം താൻ അനുഭവിച്ചുവെന്നും ജയ് ഷെട്ടിയുടെ പോഡ്കാസ്റ്റിൽ പ്രിയങ്ക വ്യക്തമാക്കി.
2022 ജനുവരി 15-നാണ് നടി പ്രിയങ്ക ചോപ്രയ്ക്കും ഭർത്താവും ഗായകനുമായ നിക്ക് ജോനാസിനും വാടകഗർഭധാരണത്തിലൂടെ മകൾ പിറന്നത്. ഗർഭത്തിന്‍റെ 27-ാം ആഴ്‌ചയിൽ ജനിച്ച കുഞ്ഞിന് വെറും 1 പൗണ്ട് 11 ഔൺസ് (ഏകദേശം 765 ഗ്രാം) മാത്രമായിരുന്നു ഭാരം. 100 ദിവസത്തിലധികം തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞ ശേഷമാണ് മകൾ അതിജീവിച്ചതെന്നും പ്രിയങ്ക വെളിപ്പെടുത്തി. മാൾട്ടി മേരി ചോപ്ര ജോനാസ് എന്ന പെൺകുഞ്ഞിനെ അദ്ഭുത ശിശുവെന്നാണ് പ്രിയങ്ക വിശേഷിപ്പിച്ചത്.
'ജനന സമയത്ത് കുഞ്ഞിൻ്റെ ദേഹമാകെ നീലനിറം പടർന്നിരുന്നു. ഉടൻ തന്നെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ആ സമയത്ത് എന്തു ചെയ്യണമെന്നോ എങ്ങനെ സഹായിക്കണമെന്നോ അറിയാതെ മരവിച്ചു പോയി'- പ്രിയങ്ക പറഞ്ഞു. ആ മൂന്ന് മാസക്കാലവും തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞിരുന്ന കുഞ്ഞിനെ കാണാൻ മറ്റു കാര്യങ്ങളെല്ലാം മാറ്റിവച്ച് താനും നിക്കും എല്ലാ ദിവസവും ആശുപത്രിയിലേക്ക് എത്തുമായിരുന്നു.
നിരന്തരമായ ആ ആശുപത്രി സന്ദർശനത്തിൽ നിന്നാണ് മകളുടെ ജനനത്തെക്കുറിച്ചുള്ള വാർത്തകൾ മാധ്യമങ്ങൾക്ക് ചോർന്നു കിട്ടിയതെന്നും അവർ കൂട്ടിച്ചേർത്തു. ഞങ്ങൾ വിവരം പുറത്തുവിട്ടില്ലെങ്കിൽ മൂന്ന് മണിക്കൂറിനുള്ളിൽ പത്രങ്ങളിൽ വാർത്ത വരുമെന്ന തരത്തിൽ ഒരു സന്ദേശം ലഭിച്ചു. ആ സമ്മർദത്തിലാണ് മകളുടെ ജനനവാർത്ത പ്രഖ്യാപിക്കാൻ ഞങ്ങൾ നിർബന്ധിതരായത്. അന്ന് ഞങ്ങൾ അതിന് മാനസികമായി ഒട്ടും തയാറായിരുന്നില്ല. കുഞ്ഞിന് എന്തു സംഭവിക്കുമെന്ന് പോലും ഞങ്ങൾക്ക് അന്ന് അറിയില്ലായിരുന്നു.
ഗർഭത്തിന്‍റെ 27-ാം ആഴ്‌ചയിൽ മാൾട്ടി ജനിക്കുമെന്ന ഡോക്ടർമാരുടെ മുന്നറിയിപ്പു കേട്ട് 9 മണിക്കൂറോളം സ്‌തബ്ദയായി ഇരുന്നു പോയെന്നും പ്രിയങ്ക പറയുന്നു. ഞങ്ങളുടെ വീട്ടിൽ വലിയൊരു ശിവവിഗ്രഹമുണ്ട്. കുഞ്ഞിന്‍റെ ആയുരാരോഗ്യത്തിനു വേണ്ടി ഞങ്ങളെല്ലാവരും ഭഗവാനു മുന്നിലിരുന്നു പ്രാർഥിച്ചു. അവളേയും കൊണ്ടു വീട്ടിൽ വന്ന ദിവസം, അന്ന് ആദ്യമായി ഞാൻ പൊട്ടിക്കരഞ്ഞു. അത് ഭയം കൊണ്ടായിരുന്നില്ല. മറിച്ച് നന്ദി കൊണ്ടായിരുന്നു. അവൾ അതിജീവിച്ചതിനും അവൾ വീട്ടിലെത്തിയതിനും അവൾ ഞങ്ങളെ തിരഞ്ഞെടുത്തതിനും ഉള്ള നന്ദി. ഐവിഎഫ് പ്രക്രിയ വളരെ പ്രയാസകരമാണ്, വികാരഭരിതയായി പ്രിയങ്ക പറഞ്ഞു.