priyanka-chopra-javier-bardem

ഓസ്കര്‍ വേദിയില്‍ വീണ്ടും താരമായി പ്രിയങ്ക ചോപ്ര ജൊനാസ്. ഡോൾബി തിയറ്ററിൽ നടന്ന 98-ാമത് ഓസ്കറില്‍  മികച്ച രാജ്യാന്തര ചിത്രത്തിനുള്ള പുരസ്കാരമാണ് പ്രിയങ്ക ചോപ്ര ജൊനാസ് സമ്മാനിച്ചത്. യോക്കിം ട്രയർ സംവിധാനം ചെയ്ത നോര്‍വീജിയന്‍ ചിത്രം 'സെന്റിമെന്റൽ വാല്യു'വാണ് പുരസ്കാരം നേടിയത്. 

പ്രിയങ്കയ്ക്കൊപ്പം ഓസ്കർ ജേതാവായ ഹാവിയർ ബാർദേമും വേദിയിലുണ്ടായിരുന്നു. 'യുദ്ധം വേണ്ട, പലസ്തീനെ സ്വതന്ത്രമാക്കുക' എന്നു പറഞ്ഞുകൊണ്ടാണ് അദ്ദേഹം സംസാരിച്ചു തുടങ്ങിയത്. യുദ്ധം വേണ്ട എന്നെഴുതിയ ബാഡ്ജ് ധരിച്ചാണ് ബാർദേം വേദിയിലെത്തിയത്. രണ്ടു പതിറ്റാണ്ടുകൾക്ക് മുൻപ്, 2003-ൽ ഇറാഖ് യുദ്ധത്തിനെതിരെ പ്രതിഷേധിക്കാനും അദ്ദേഹം ഇതേ യുദ്ധവിരുദ്ധ മുദ്രാവാക്യം ഉപയോഗിച്ചിരുന്നു.  

തൂവലുകൾ പിടിപ്പിച്ച വെളുത്ത ഡിയോർ ഗൗൺ ധരിച്ചാണ് പ്രിയങ്ക വേദിയിലെത്തിയത്. ഭർത്താവും സംഗീതജ്ഞനുമായ നിക്ക് ജോനസിനൊപ്പമാണ് പ്രിയങ്ക ചോപ്ര ചടങ്ങിനെത്തിയത്. കറുത്ത വെൽവെറ്റ് ടക്സീഡോയും ബോ ടൈയും ധരിച്ചായിരുന്നു നിക്കിന്റെ വരവ്. 2016ലും പ്രിയങ്ക ഓസ്കർ പുരസ്കാര വേദിയിൽ എത്തിയിരുന്നു.

വ്യവസായി ഇഷ അംബാനിയുടെ റെഡ് കാര്‍പറ്റ് അരങ്ങേറ്റവും ഇക്കുറിയുണ്ടായിരുന്നു. ശതകോടീശ്വരനായ വ്യവസായി മുകേഷ് അംബാനിയുടെ മകളായ ഇഷ, ഭർത്താവ് ആനന്ദ് പിരാമലിനൊപ്പമാണ് ചടങ്ങിനെത്തിയത്. വലന്റിനോയുടെ 2006ലെ കളക്‌ഷനിൽ നിന്നുള്ള വിന്റേജ് സ്ട്രാപ്‌ലെസ് കോളം ഗൗൺ ആണ് ഇഷ ധരിച്ചത്. ലിലാക്, പിങ്ക്, നീല, പച്ച തുടങ്ങിയ ഇളം നിറങ്ങളിൽ മനോഹരമായ പൂക്കളുടെ എംബ്രോയ്ഡറിയോടു കൂടിയതായിരുന്നു വസ്ത്രം. ചടങ്ങിന് മുന്നോടിയായി ഇഷ ലോസാഞ്ചലസിലെ അക്കാദമി മ്യൂസിയം ഓഫ് മോഷൻ പിക്ചേഴ്സ് സന്ദർശിക്കുകയും മ്യൂസിയം ഡയറക്ടറും പ്രസിഡന്റുമായ ഏമി ഹോമ്മയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.

ENGLISH SUMMARY:

Priyanka Chopra Jonas, gracing the 98th Academy Awards, presented the award for Best International Feature Film at the Dolby Theatre. She appeared in a stunning white Dior gown, accompanied by her husband Nick Jonas, adding to the star-studded glamour of the event.