തെലുങ്ക് സിനിമാലോകത്തെ പ്രിയ താരമായ നാനിയുടെ പുതിയ ചിത്രം 'പാരഡൈസി'ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റുകള്‍ പുറത്തിറങ്ങി. ഇന്നേവരെ കാണാത്ത ഒരു നാനിയാണ് പോസ്റ്ററില്‍ .
'പാരഡൈസ്' എന്ന പേര് കേൾക്കുമ്പോൾ പ്രതീക്ഷിക്കുന്നതുപോലെ ഒരു സാധാരണ സിനിമയാവില്ല ഇത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ചിത്രത്തിലെ നാനിയുടെ ലുക്ക് ഇതിനോടകം തന്നെ ചര്‍ച്ചയായിക്കഴിഞ്ഞു. ഹിസ് നെയിം, ഹിസ് ഗെയിം എന്നീ പേരുകളില്‍ രണ്ട് പോസ്റ്ററുകളാണ് ചിത്രത്തിന്‍റേതായി പുറത്തിറങ്ങിയിട്ടുളളത്. ആദ്യ പോസ്റ്ററില്‍ നീട്ടി വളര്‍ത്തിയ മുടിയുമായി കൈ പുറകോട്ട് കെട്ടി സ്വാഗ് ലുക്കിലുള്ള നാനിയെ കാണാന്‍ സാധിക്കും. ഞാനൊരടിപോലും നീങ്ങില്ല, യുദ്ധം എന്‍റെ അടുത്തേക്ക് വരട്ടെയെന്ന ക്യാപ്ഷനില്‍ പുറത്തിറങ്ങിയ രണ്ടാമത്തെ പോസ്റ്ററില്‍ മാരക ആയുധങ്ങളുമായി ആക്രമിക്കാന്‍ വരുന്നവരുടെ നടുവില്‍ തെല്ല് കൂസലുമില്ലാതെ ഇരിക്കുന്ന നാനിയെ കാണാം.
ചിത്രം വലിയൊരു ദൃശ്യ വിരുന്നായിരിക്കുമെന്നാണ് സിനിമാലോകം ഒന്നടങ്കം കരുതുന്നത്. എസ് എൽ വി സിനിമാസിന്‍റെ ബാനറിൽ സുധാകർ ചെറുകുരിയാണ് 'പാരഡൈസ്' നിർമിക്കുന്നത് .രാഘവ് ജുറൽ ചിത്രത്തിൽ മറ്റൊരു പ്രധാന വേഷത്തിലെത്തും. അനിരുദ്ധ് രവിചന്ദർ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന് സി എച്ച് സായ് ഛായാഗ്രഹണം നിർവഹിക്കും. പ്രൊഡക്ഷൻ ഡിസൈനും എഡിറ്റിങ്ങും അവിനാഷ് കൊല്ല നിർവഹിക്കുന്നു. തെലുഗു, ഹിന്ദി, തമിഴ്, കന്നഡ, മലയാളം, ബെംഗാളി, ഇംഗ്ലീഷ് തുടങ്ങി ഏഴ് ഭാഷകളിലായി ഒരുങ്ങുന്ന ചിത്രം മാർച്ച് 26ന് റിലീസ് ചെയ്യും. ദസറയായിരുന്നു നാനിയുടേതായി പുറത്തിറങ്ങിയ അവസാന ചിത്രം.