nani-movie

തെലുങ്ക് സൂപ്പർതാരം നാനി നായകനായ ചിത്രം ‘ഹിറ്റ് 3’തിയേറ്ററുകളില്‍ നിറഞ്ഞാടുകയാണ്. ശൈലേഷ് കോലാനു സംവിധാനം ചെയ്‌ത ചിത്രം റിലീസ് ചെയ്ത് വെറും നാല് ദിവസം കൊണ്ട്  ആഗോള ഗ്രോസ് കലക്‌ഷൻ 101 കോടി പിന്നിട്ടു. ഇതോടെ ആദ്യ ആഴ്ചയിൽ തന്നെ നൂറു കോടി ക്ലബിലെത്തിയ ചിത്രമെന്ന ചരിത്രം കുറിച്ചിരിക്കുകയാണ് ഈ നാനി ചിത്രം. 

ആദ്യ ദിനം 43 കോടി സ്വന്തമാക്കിയ ചിത്രം രണ്ടാം ദിനം 19 കോടിയും മൂന്നാം ദിനം 20 കോടിയുമാണ് നേടിയത്. നാലാം ദിനത്തിലും 19 കോടി ഗ്രോസ് കലക്‌ഷൻ നേടിയാണ് ചിത്രം 101 കോടിയിലെത്തിയത്. ഏറ്റവും വേഗത്തില്‍ നേട്ടം കൈവരിച്ച ചിത്രം കൂടിയാണിത്. 

കേരളത്തിനും ചിത്രത്തിന് നല്ല സ്വീകാര്യതയാണ് ലഭിക്കുന്നത്. മേയ് ഒന്നിന് ആഗോള റിലീസായി എത്തിയ ചിത്രം കേരളത്തിൽ എത്തിച്ചത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ്. ഇന്ത്യയ്ക്ക് പുറമെ വിദേശത്തും ഗംഭീര ബോക്സ് ഓഫിസ് പ്രകടനമാണ് ചിത്രം നടത്തുന്നത്. വിദേശത്തു നിന്ന് 2 മില്യൻ ഡോളർ നേടിയ സിനിമ മുതൽമുടക്കും തിരിച്ചുപിടിച്ചു കഴിഞ്ഞു

വാൾ പോസ്റ്റർ സിനിമയുടെ ബാനറിൽ പ്രശാന്തി തിപിർനേനിക്കൊപ്പം നാനിയുടെ യുനാനിമസ് പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രത്തിന്‍റെ നിര്‍മാണം. ഇതോടെ നൂറു കോടി ക്ലബ്ബിലേക്ക് എത്തിയ നാനിയുടെ മൂന്നാമത്തെ ചിത്രമായി 'ഹിറ്റ് 3' മാറി. തുടർച്ചയായി ഈ നേട്ടം കൈവരിക്കുന്ന തെലുങ്ക് സൂപ്പർതാരങ്ങളുടെ ലിസ്റ്റിലും നാനി ഇടം പിടിച്ചു. ശ്രീനിഥി ഷെട്ടി നായികാ വേഷം ചെയ്ത ചിത്രം, തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി, മലയാളം ഭാഷകളിൽ ആണ് റിലീസ് ചെയ്തിരിക്കുന്നത്. 

ദസറയ്ക്ക് ശേഷം ശ്രീകാന്ത് ഓഡല സംവിധാനം ചെയ്യുന്ന 'ദി പാരഡൈസ്' ആണ് ഇനി പുറത്തിറങ്ങാനുള്ള നാനി സിനിമ.  റോ ആയ ഒരു ആക്ഷൻ ചിത്രമാകും ദി പാരഡൈസ് എന്ന സൂചനയാണ് ടീസർ നൽകുന്നത്. ചിത്രം 2026 മാർച്ച് 26 ന് തിയേറ്ററിലെത്തും.

ENGLISH SUMMARY:

HIT 3, starring Nani and directed by Sailesh Kolanu, has surpassed ₹101 crore in global box office collections. The third installment in the HIT franchise is receiving widespread acclaim for its gripping narrative and powerful performances. With strong overseas earnings and domestic success, HIT 3 marks a major milestone for Telugu cinema