തെലുങ്ക് താരം നാനി നായകനായെത്തുന്ന ‘ദ് പാരഡൈസ്’ സിനിമയുടെ മലയാളം ടീസറില്‍ പച്ചത്തെറി. ടീസറിലെ ഒരു രംഗത്തില്‍ നായകനായ നാനിയുടെ കയ്യില്‍ പച്ചകുത്തിയ വാക്കാണ് ട്രോളാണ് മാറിയത്. മലയാളത്തിലെ കടുത്ത അസഭ്യമാണ് കയ്യില്‍ പച്ചകുത്തിയിരിക്കുന്നത്. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ സോഷ്യല്‍ മീഡിയയില്‍ വലിയ ട്രോളാണ് ടീസറിന് ലഭിക്കുന്നത്.
നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ചിത്രമാണ് പാരഡൈസ്. മലയാളം, കന്നഡ, ഹിന്ദി, തമിഴ്, ഇംഗ്ലിഷ്, സ്പാനിഷ്, ബംഗാളി ഭാഷകളിലുള്ള മൊഴി മാറ്റ ടീസറുകൾ അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. ഇതിലാണ് അസഭ്യവാക്ക് കയറി കൂടിയത്.
ടീസറിലെ ചില പ്രയോഗങ്ങളിലും അസഭ്യമുണ്ട്. തെലുങ്ക് ഡയലോഗ് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയപ്പോൾ സംഭവിച്ച പിഴവാണിതെന്നാണ് സൂചന. ചരിത്രത്തിൽ തിരസ്‌കരിക്കപ്പെട്ട ഒരു കൂട്ടം ആളുകളെ ഒരുമിപ്പിക്കുന്ന നേതാവിന്റെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിന്റെ കഥാ സൂചന തരുന്ന വിവരണവും അതിനെ അതിശക്തമായി പ്രതിഫലിപ്പിക്കുന്ന ദൃശ്യങ്ങളും വിഡിയോയിൽ കാണാം.
ഒരു പോരാളിയുടെ വേഷത്തിൽ സിക്സ് പായ്ക്ക് ഗെറ്റപ്പിലാണ് നാനി ഈ ചിത്രത്തിലെത്തുന്നത്. നാനിയുടെ കരിയറിലെ ഏറ്റവും ചെലവേറിയ ചിത്രങ്ങളിലൊന്നായാണ് പാരഡൈസ് ഒരുങ്ങുന്നത്. ശ്രീ ലക്ഷ്‍മി വെങ്കടേശ്വര സിനിമാസിന്റെ ബാനറിൽ നസുധാകർ ചെറുകുരിയാണ് നിർമാണം. ജി.കെ. വിഷ്ണു ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിൽ നവീൻ നൂലിയാണ് എഡിറ്റിങ് ചെയ്തിരിക്കുന്നത്. സംഗീതം-അനിരുദ്ധ് രവിചന്ദര്‍. ചിത്രം മാര്‍ച്ച് 26 ന് തിയേറ്ററിലെത്തും.