കഴിഞ്ഞ ദിവസമായിരുന്നു നടിപ്പിന്‍ നായകന്‍ സൂര്യയ്ക്ക് 50 വയസ് തികഞ്ഞത്. താരത്തിന്‍റെ പിറന്നാളിനോട് അനുബന്ധിച്ച് പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങളുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകള്‍ പുറത്തുവന്നിരുന്നു. ആര്‍.ജെ.ബാലാജി സംവിധാനം ചെയ്യുന്ന 'കറുപ്പി'ന്‍റെ ഫസ്റ്റ് ലുക്കാണ് ആദ്യം പുറത്തുവന്നത്. കറുപ്പ് മുണ്ടും ഷര്‍ട്ടും കൂളിങ് ഗ്ലാസും ധരിച്ച് മാസ് ഗെറ്റപ്പിലായിരുന്നു കറുപ്പിന്‍റെ ഫസ്റ്റ് ലുക്ക്.
പിന്നാലെ തന്നെ വെങ്കി അറ്റ്ലൂരി ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്കും പുറത്തുവിട്ടിരുന്നു. കറുപ്പില്‍ മാസ് ലുക്കായിരുന്നെങ്കില്‍ വെങ്കി അറ്റ്ലൂരി ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്കില്‍ വിന്‍റേജ് ലുക്കിലാണ് സൂര്യ എത്തിയിരിക്കുന്നത്. ചിത്രത്തിന്റെ പേര് ഇതുവരെ പുറത്തുവിട്ടിട്ടില്ല. 'ലക്കി ഭാസ്കർ' എന്ന സിനിമയ്ക്ക് ശേഷം വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന സിനിമയാണ് സൂര്യ 46. മമിത ബൈജു ആണ് സിനിമയിൽ സൂര്യയുടെ നായികയായി എത്തുന്നത്. രാധിക ശരത്കുമാർ, രവീണ ടണ്ഠൻ എന്നിവരും സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.
അടുത്ത കാലത്തൊന്നും നല്ലൊരു ബോക്സ് ഓഫീസ് വിജയമില്ലാത്ത സൂര്യയ്ക്ക് കറുപ്പും വെങ്കി അറ്റ്ലൂരി ചിത്രവും ഹിറ്റ് സമ്മാനിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ഒടുവല്‍ പുറത്തുവന്ന 'കങ്കുവ'യും 'റെട്രോ'യും പരാജയപ്പെട്ടിരുന്നു.