രശ്മിക മന്ദാനയുടെ പുതിയ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകര്‍. കാരണം ഇത്തവണ താരം ഒന്ന് റൂട്ട് മാറ്റി പിടിച്ചിരിക്കുകയാണ്. സോഫ്റ്റായ, കുസൃതി നിറഞ്ഞ, നിഷ്കളങ്കയൊക്കെയായ നായികയില്‍ നിന്നും മാറി ഒന്ന് ബോള്‍ഡ് ആവാന്‍ തന്നെയാണ് താരത്തിന്‍റെ തീരുമാനം.
മൈസ എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്കാണ് രശ്മിക പങ്കുവച്ചിരിക്കുന്നത്. കോപം ജ്വലിക്കുന്ന കണ്ണുകളും ചോരപിടിച്ച മുഖവും പേടിപ്പിക്കുന്ന നോട്ടവുമായാണ് മൈസ ഫസ്റ്റ് ലുക്കില്‍ രശ്മിക എത്തിയിരിക്കുന്നത്.
“എല്ലായ്പ്പോഴും ഞാൻ നിങ്ങള്‍ക്ക് പുതിയതും, വ്യത്യസ്തമായതും, ആവേശകരമായതും നൽകാൻ ശ്രമിക്കാറുണ്ട്… ഇതും അതുപോലെതന്നെ… ഞാൻ ഇതുവരെ അവതരിപ്പിക്കാത്തൊരു കഥാപാത്രം… ഞാൻ കാണാത്തൊരു ലോകം… ഞാൻ ഇതുവരെ ഞാൻ കണ്ടുമുട്ടിയിട്ടില്ലാത്ത എന്റെ തന്നെ മറ്റൊരു രൂപം… അതി തീവ്രം, അത്രയും പരുക്കന്‍, വളരെയധികം ആശങ്കയും അതിനോടൊപ്പം അത്യന്തം ആവേശവുമുണ്ട്. ഞങ്ങള്‍ സൃഷ്ടിക്കാൻ പോകുന്നത് നിങ്ങൾ കാണുന്ന ദിവസത്തിനായി എനിക്ക് കാത്തിരിക്കാനാകുന്നില്ല… ഇതൊരു തുടക്കം മാത്രം' പോസ്റ്റര്‍ പങ്കുവച്ചുകൊണ്ട് രശ്മിക കുറിച്ചു.
ദുൽഖർ ആണ് മൈസയുടെ മലയാളം പോസ്റ്റർ റിലീസ് ചെയ്തതത്. രവീന്ദ്ര പുല്ലെ സംവിധാനം ചെയ്യുന്ന ചിത്രം മലയാളം, ഹിന്ദി, തെലുങ്ക്, കന്നഡ, തമിഴ് ഭാഷകളില്‍ റിലീസ് ചെയ്യും.