odiyan-prithviraj-manju-warrier-movie

പൃഥ്വിരാജ് സുകുമാരൻ, മഞ്ജു വാരിയർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാഹുല്‍ സദാശിവൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഒടിയന്‍’ പ്രഖ്യാപിച്ചു. കരൺ ജോഹറിന്റെ നിർമാണക്കമ്പനിയായ ധർമ പ്രൊ‍ഡക്‌ഷൻസും പൃഥ്വിരാജ് പ്രൊഡക്‌ഷൻസും ചേർന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. പൃഥ്വിരാജ് തന്നെയാണ് വിവരം തന്‍റെ ഫെയ്സ്ബുക്ക് പേജിലൂടെ അറിയിക്കുന്നത്.

ഹൊറർ ത്രില്ലറായ ചിത്രത്തിന്‍റെ  തിരക്കഥ നിർവഹിക്കുന്നതും രാഹുൽ തന്നെയാണ്. റെഡ് റെയ്ൻ, ഭൂതകാലം, ഭ്രമയുഗം, ഡയീസ് ഈറൈ എന്നീ സിനിമകൾക്കുശേഷം രാഹുൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഒടിയന്‍’. സത്യവും മായയും തമ്മിലുള്ള യുദ്ധം എന്ന് കുറിച്ചാണ് ചിത്രത്തിന്‍റെ പോസ്റ്റര്‍ പൃഥ്വിരാജ് പങ്കുവച്ചത്. ‘മിഥ്യയുടെ കാലം’ (the age of illusion) എന്ന ടാഗ്‌ലൈനിലാണ് ചിത്രമെത്തുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. ധർമ പ്രൊഡക്‌ഷൻസിന്റെ ആദ്യ മലയാള സംരംഭം കൂടിയാണ് ചിത്രം.

2018 ല്‍ മോഹൻലാല്‍ നായകനായി ‘ഒടിയൻ’ എന്ന പേരില്‍ തന്നെ മറ്റൊരു ചിത്രമെത്തിയിരുന്നു. ശ്രീകുമാർ മേനോൻ ആയിരുന്നു സംവിധാനം. ഹരികൃഷ്ണനായിരുന്നു തിരക്കഥ. മോഹൻലാൽ ‘ഒടിയനായി’ എത്തിയ ചിത്രത്തിൽ മഞ്ജു വാരിയർ ആയിരുന്നു നായിക.

ENGLISH SUMMARY:

Prithviraj Sukumaran and Manju Warrier are set to star in a new horror thriller titled Odiyan, directed by the acclaimed filmmaker Rahul Sadasivan. This highly anticipated project marks a landmark collaboration between Karan Johar’s Dharma Productions and Prithviraj Productions, serving as Dharma Productions' first-ever foray into the Malayalam film industry. Rahul Sadasivan, known for his work on Bhoothakaalam and Dyes Eerie, has also penned the screenplay for this film, which carries the intriguing tagline "The Age of Illusion." The announcement, shared by Prithviraj on social media, describes the film as a battle between truth and illusion, and it is slated for a multi-lingual release in Malayalam, Tamil, Telugu, Kannada, and Hindi. It is noteworthy that the title Odiyan was previously used for a 2018 film starring Mohanlal and Manju Warrier, directed by V.A. Shrikumar Menon.