prithwikareena

പൃഥ്വിരാജ് പൊലീസ് വേഷത്തിലെത്തുന്ന ബോളിവുഡ് ചിത്രം ദായ്റയുടെ റിലീസ് തീയതി പുറത്തുവിട്ടു. ഷൂട്ടിങ് വീഡിയോ പങ്കുവെച്ച് സംവിധായിക മേഘ്ന ഗുല്‍സാറാണ് റിലീസ് തീയതി അനൗണ്‍സ് ചെയ്തതത്. ചിത്രം സെപ്റ്റബര്‍ 18 ന് തിയറ്ററിലെത്തും. പൃഥ്വിരാജ് പൊലീസ് ഇന്‍സ്പെക്ടറായി എത്തുന്ന ചിത്രത്തില്‍ കരീന കപൂറാണ് നായിക. യഥാര്‍ഥ സംഭവങ്ങളെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തില്‍ കരീന കപൂറും പൊലീസ് വേഷം അവതരിപ്പിക്കുന്നു.

റാസി, തൽവാർ, സാം ബഹാദൂർ തുടങ്ങിയ മികച്ച ചിത്രങ്ങൾ ഒരുക്കിയ മേഘ്ന ​ഗുൽസാറാണ് ഇന്‍വെസ്റ്റിഗേഷന്‍ ആക്ഷന്‍ ത്രില്ലറായി ദായ്റ ഒരുക്കുന്നത്. കുറ്റം, ശിക്ഷ, നീതി എന്നിവയുടെ കാലാതീതമായ വൈരുദ്ധ്യത്തെക്കുറിച്ചാണ് ചിത്രം സംസാരിക്കുന്നത്. ജം​ഗ്ലീ പിക്ചേഴ്സും പെൻ സ്റ്റുഡിയോസും ചേർന്ന് നിർമിക്കുന്ന ദയ്റ വമ്പന്‍ കാന്‍വാസിലാണ് ഒരുക്കുന്നത്. 

2024 ല്‍ ആക്ഷയ് കുമാര്‍ – ടൈഗര്‍ ഷെറോഫിനൊപ്പം ബഡേ മിയാന്‍ ഛോട്ടാ മിയാന്‍, 2025 ല്‍ കജോളിനൊപ്പം സര്‍സമീന്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം പൃഥ്വിരാജ് അഭിനയിക്കുന്ന ബോളിവുഡ് ചിത്രമാണ് ദയ്റാ. ആദ്യമായാണ് കരീനയും പൃഥ്വിരാജും സ്‌ക്രീൻ പങ്കിടുന്നത്. ഇതിനു പിന്നാലെ രാജമൗലിയുടെ വാരണാസിയാണ് പൃഥ്വിരാജിന്‍റെ മറ്റൊരു അന്യഭാഷാ ചിത്രം. കുഭ എന്ന വില്ലന്‍ കഥാപാത്രത്തെയാണ് വാരണാസിയില്‍ അവതരിപ്പിക്കുന്നത്. 

മലയാളത്തില്‍ ഐ നോബഡിയാണ് പൃഥ്വിരാജിന്‍റെ അടുത്ത റിസീല്. മമ്മൂട്ടി ചിത്രം റോഷാക്കിനു ശേഷം നിസാം ബഷീർ ഒരുക്കുന്ന ചിത്രത്തില്‍ പാർവതി തിരുവോത്താണ് നായിക.  ഐ നോബഡി ജൂലൈ ഒൻപതിന് തിയേറ്ററുകളിൽ എത്തും.  

2024 ല്‍ റിലീസായ സിങ്കം എഗെയ്നു ശേഷം കരീന കപൂര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രം കൂടിയാണ് ദയ്റാ. പൊലീസ് യൂണിഫോമില്‍ ഒരു മുഴുനീള കഥാപാത്രമായി കരീന എത്തുന്നതും ഇതാദ്യമായാണ്.  പൃഥ്വി – കരീന ജോഡി ആദ്യമായി ഒന്നിക്കുന്നതിനൊപ്പം സിനിമ മുന്നോട്ടുവെയ്ക്കുന്ന പ്രമേയവും ബോക്സോഫീസില്‍ മാജിക് സൃഷ്ടിക്കുമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ പ്രതീക്ഷ. 

ENGLISH SUMMARY:

Daayra release date has been announced, marking Prithviraj Sukumaran's next Bollywood venture with Kareena Kapoor under Meghna Gulzar's direction. The film, inspired by real events, is slated for a September 18th theatrical debut.