പൃഥ്വിരാജ് ചിത്രം 'ഖലീഫ'യുടെ ആഗോള റിലീസ് തീയതി പുറത്ത്. പൃഥ്വിരാജ് തന്നെയാണ് റിലീസ് തീയതി സോച്ചയിൽ മീഡിയയിലൂടെ പുറത്തുവിട്ടത്. ഓണം റിലീസായി ഓഗസ്റ്റ് 20-നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. വൈശാഖ്- ജിനു എബ്രഹാം കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രത്തിൽ അതിഥി താരമായി മോഹൻലാലും എത്തുന്നുണ്ട്.
'ഈ ഓണത്തിന്.. ഒരു പാരമ്പര്യം സ്വയം പുനർജനിക്കും! മാമ്പറയ്ക്കൽ ആമിർ അലി തന്റെ പ്രതികാരം സ്വർണ ലിപികളിൽ എഴുതും!' എന്നാണ് പൃഥ്വിരാജ് കുറിച്ചത്. മാമ്പറയ്ക്കൽ ആമിർ അലി എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് ചിത്രത്തിൽ വേഷമിടുന്നത്. 'പ്രതികാരം സുവർണ്ണ ലിപികളാൽ എഴുതപ്പെടും' എന്നാണ് സിനിമയുടെ ടാഗ്ലൈൻ.
മാമ്പറയ്ക്കൽ അഹമ്മദ് അലി എന്ന കഥാപാത്രമായി മോഹൻലാലും എത്തുന്നു. രണ്ട് ഭാഗങ്ങളായി ഒരുക്കുന്ന ഖലീഫയുടെ രണ്ടാം ഭാഗത്തിൽ മാമ്പറയ്ക്കൽ അഹമ്മദ് അലിയായി മോഹൻലാൽ നായകനായി എത്തും. ആദ്യഭാഗത്തിലെ നായകനായ പൃഥ്വിരാജ് സുകുമാരനും രണ്ടാം ഭാഗത്തിന്റെ താരനിരയിൽ ഉണ്ടാകും. മാമ്പറയ്ക്കൽ അഹമ്മദ് അലി എന്ന മോഹൻലാൽ കഥാപാത്രത്തിന്റെ കൊച്ചുമകനാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്ന മാമ്പറയ്ക്കൽ ആമിർ അലി.
കഴിഞ്ഞ വർഷം റിലീസ് ചെയ്ത ഗ്ലിംപ്‌സ് വീഡിയോയിൽ, ഇന്ദ്രൻസ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ സംഭാഷങ്ങളിലൂടെയാണ് മാമ്പറയ്ക്കൽ അഹമ്മദ് അലി, മാമ്പറയ്ക്കൽ ആമിർ അലി എന്നീ കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തിയത്. സ്വർണകള്ളക്കടത്തിന്റെ പശ്ചാത്തലത്തിൽ വലിയ കാൻവാസിൽ കഥപറയുന്ന ഒരു ബിഗ് ബജറ്റ് എന്റർടെയ്‌നർ ആണ് ഖലീഫ എന്ന സൂചനയാണ് വീഡിയോ നൽകിയത്.
ബോളിവുഡ് താരം നീൽ നിതിൻ മുകേഷും ചിത്രത്തിന്റെ താരനിരയുടെ ഭാഗമാണ്. നീൽ ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്ന ചിത്രം കൂടിയാണ് ഖലീഫ. ജിനു ഇന്നോവേഷന്റെ ബാനറിൽ ജിനു എബ്രഹാമും സൂരജ് കുമാറും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സിജോ സെബാസ്റ്റ്യൻ ആണ് സഹനിർമ്മാതാവ്. ചിത്രം ലണ്ടൻ, ദുബായ്, കേരളം, നേപ്പാൾ എന്നിവിടങ്ങളിലെ വിവിധ ലൊക്കേഷനുകളിലായാണ് ഒരുക്കുന്നത്.