പ്രണയത്തിന്റെ മനോഹാരിതയും ദാമ്പത്യ ജീവിതത്തിലെ സങ്കീർണ്ണതകളും പ്രമേയമാക്കിയ 'ബ്ലൂ ലില്ലി' എന്ന ഹ്രസ്വചിത്രം ജൂണിൽ റിലീസ് ചെയ്യും. മനസ്സിനെ സ്പർശിക്കുന്ന പ്രണയനിമിഷങ്ങളിൽ തുടങ്ങി, അപ്രതീക്ഷിതമായ ഗതിമാറ്റങ്ങളിലൂടെ പ്രേക്ഷകനെ ആകാംക്ഷയുടെ മുനയിൽ നിർത്തുന്ന ഈ സൈക്കോളജിക്കൽ ഡ്രാമ ഇതിനോടകം തന്നെ സിനിമാലോകത്ത് വലിയ ചർച്ചയായിരിക്കുകയാണ്. കൊച്ചിയിൽ നടന്ന ചിത്രത്തിന്റെ പ്രീമിയർ ഷോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്.
കടൽത്തീരത്തെ മനോഹരമായ കാഴ്ചകളിലൂടെ തുടങ്ങുന്ന അർജുന്റെയും ലക്ഷ്മിയുടെയും ജീവിതമാണ് ചിത്രം പറയുന്നത്. പ്രണയത്തിന്റെ ആദ്യകാല ആവേശങ്ങൾ പിന്നീട് എങ്ങനെ നിയന്ത്രണങ്ങളിലേക്കും ഭയത്തിലേക്കും വഴിമാറുന്നുവെന്ന് ചിത്രം ഗൗരവകരമായി ചർച്ച ചെയ്യുന്നു.
മിനിസ്‌ക്രീൻ താരം ശ്രുതി രജനീകാന്ത്, അനിരുദ്ധ് ബാലു എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇരുവരുടെയും അഭിനയം ചിത്രത്തിന്റെ കരുത്താണ്. പ്രണയത്തിൽ നിന്ന് മാനസിക സംഘർഷങ്ങളിലേക്കുള്ള മാറ്റം അസാമാന്യമായ അഭിനയ മികവോടെയാണ് ഇവർ അവതരിപ്പിച്ചിരിക്കുന്നത്.
മിനി നായർ നിർമ്മിച്ച് ഗൗതം രവീന്ദ്രൻ സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ ചാർവി റാം മോഹന്റേതാണ്. അഭിനാവ് സി പ്രീജ് ജൂനിയർ, ഗൗതം രവീന്ദ്രൻ എന്നിവർ ചേർന്നൊരുക്കിയ ദൃശ്യങ്ങൾ ചിത്രത്തിന് വലിയ ദൃശ്യഭംഗി നൽകുന്നു. അതുൽ റോയുടെ സംഗീതം ചിത്രത്തിന്റെ മൂഡ് നിലനിർത്തുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു.
റിലീസിന് മുൻപ് തന്നെ അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ മികച്ച സംവിധായകനും നടിക്കുമുള്ള പുരസ്കാരങ്ങൾ 'ബ്ലൂ ലില്ലി' സ്വന്തമാക്കിയിട്ടുണ്ട്. കേവലം ഒരു പ്രണയകഥ എന്നതിലുപരി, ഇന്നത്തെ സമൂഹത്തിന് ആവശ്യമായ ഒരു വലിയ മുന്നറിയിപ്പ് കൂടി ഈ ചിത്രം നൽകുന്നുണ്ട്. പ്രണയവും ആകാംക്ഷയും നിറഞ്ഞ ഈ ദൃശ്യവിരുന്നിനായി ജൂൺ മാസം വരെയാണ് പ്രേക്ഷകർ കാത്തിരിക്കേണ്ടത്.