Image Credit: youtube.com/@rezaentertainments7348
ചിരിപ്പിച്ച് ചിരിപ്പിച്ച് ഒടുവിൽ എല്ലാവരേയും കണ്ണീരണിയിച്ചാണ് കലാഭവന്‍ നവാസ് മടങ്ങിയത്. അപ്രതീക്ഷിതവും മലയാളികളെ ഏറെ ഞെട്ടിച്ചതുമായ വിയോഗമായിരുന്നു അത്. ഇന്നിതാ വര്‍ഷങ്ങള്‍ക്ക് ശേഷം കലാഭവന്‍ നവാസും ഭാര്യ രഹനയും ഒന്നിച്ചഭിനയിച്ച ‘ഇഴ’ യൂട്യൂബില്‍ റിലീസ് ചെയ്തിരിക്കുകയാണ്. ഇരുവരുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായ ഭാര്യഭര്‍ത്താക്കന്‍മാരെ അവതരിപ്പിച്ചിരിക്കുന്നത്. നവാസിന് സ്നേഹപൂര്‍വ്വം എന്നെഴുതിയാണ് ചിത്രം ആരംഭിക്കുന്നത്.
അടുത്തകാലത്ത് സിനിമയില്‍ വീണ്ടും സജീവമായ നവാസിന്‍റെ പുതിയ ചിത്രങ്ങളിലൊന്നായിരുന്ന ഇഴ. രഹന ഏറെ നാളുകൾക്ക് ശേഷം നായികയായി എത്തുകയും ചെയ്ത ചിത്രം ഈ വര്‍ഷം ഫെബ്രുവരിയില്‍ ആയിരുന്നു തിയറ്ററുകളില്‍ റിലീസ് ചെയ്തത്. റെസ എന്‍റര്‍ടെയ്ന്‍മെന്‍റ്സ് എന്ന യുട്യൂബ് ചാനലിലൂടെ ഇന്നലെയാണ് അണിയറ പ്രവര്‍ത്തകര്‍ ചിത്രം പുറത്തിറങ്ങിയത്. നവാഗതനായ സിറാജ് റെസയാണ് ചിത്രത്തിന്‍റെ രചനയും സംവിധാനവും. ചിത്രത്തിലെ ഗാനങ്ങൾക്ക് രചനയും സംഗീതവും നിർവ്വഹിച്ചിരിക്കുന്നതും സിറാജ് റെസ തന്നെയാണ്.
ഇതിനകം മൂന്നുലക്ഷത്തിലധികം കാഴ്ചക്കാരെയാണ് ചിത്രം നേടിയത്. ഹൃദയം തൊടുന്ന കമന്‍റുകളുമായി നവാസിന്‍റെ ആരാധകരും സിനിമാപ്രേമികളും എത്തുന്നുണ്ട്. ‘ഒരിക്കലും മറക്കാത്ത നവാസിക്കയുടെ സൂപ്പർ സിനിമ, അവർ അഭിനയിക്കുവല്ല ശരിക്കും ജീവിക്കുവായിരുന്നു. സഹിക്കാൻ പറ്റുന്നില്ല’ എന്നാണ് ഒരാള്‍ കുറിച്ചത്. ‘വല്ലാത്ത സങ്കട, ഒട്ടും പ്രതീക്ഷിക്കാതെയുള്ള നഷ്ടം, വളരെ മികച്ച സിനിമ, ഓരോ കഥാപാത്രങ്ങളും ഒന്നിനൊന്ന് മികവോടെയാണ് അവതരിപ്പിച്ചിരിക്കുന്നത്’ എന്നിങ്ങനെ നീളുന്നു കമന്‍റുകള്‍.
‘നീലാകാശം നിറയെ’ എന്ന ചിത്രത്തിലാണു നവാസ് ആദ്യമായി നായകനായി എത്തിയത്. ഈ ചിത്രത്തിലും രഹ്നയായിരുന്നു നായിക. നവാസും രഹ്നയും ആദ്യമായി ഒന്നിച്ചഭിനയിച്ചതും ഈ ചിത്രത്തിലാണ്. 2002ലാണു സിനിമ പുറത്തിറങ്ങിയത്. ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണു നവാസും രഹ്നയും അടുത്തതെന്നും വിവാഹം ചെയ്തതെന്നും നിർമാതാവ് ജോൺ പൂക്കോയി പറഞ്ഞിരുന്നു.
ഓഗസ്റ്റ് ഒന്ന് വെള്ളിയാഴ്ച വെള്ളിയാഴ്ച വൈകിട്ടാണ് ഷൂട്ടിങ് കഴിഞ്ഞെത്തിയ കലാഭവന്‍ നവാസിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഷൂട്ടിങ് പൂര്‍ത്തിയാക്കി വീട്ടിലേക്ക് മടങ്ങാനിരിക്കെയാണ് നവാസ് കുഴഞ്ഞു വീണത്. ഹൃദയാഘാതമാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.