Image Credit : Youtube/Facebook
ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടെ ബോളിവുഡ് താരം അക്ഷയ് കുമാറിന് പരുക്ക്. ഭൂത് ബംഗ്ലാ എന്ന ഹൊറര്‍ കോമഡി ചിത്രത്തിന്‍റെ ഷൂട്ടിനിടെയാണ് അപകടം. ഉയര്‍ന്ന് ചാടിയുളള സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ ബാലന്‍സ് നഷ്ടപ്പെട്ട് ലാന്‍ഡിങ് പാളിപ്പോയതാണ് അപകടകാരണം. താരത്തിന്‍റെ പരുക്ക് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. അക്ഷയ് കുമാറും സോഷ്യല്‍ മീഡിയയില്‍ അപകടവാര്‍ത്തയോട് പ്രതികരിക്കാത്തതിനാല്‍ ആരാധകരും ആശങ്കയിലാണ്.
പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ഭൂത് ബംഗ്ലായില്‍ അക്ഷയ് കുമാറും വാമിഗ ഗബ്ബി, തബു എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്‍റെ ട്രെയ്ലറിന് മികച്ച സ്വീകാര്യതയാണ് ഇതിനോടകം ലഭിച്ചത്. ചിത്രം ഏപ്രില്‍ 16ന് റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനിടെയാണ് അക്ഷയ് കുമാറിന്‍റെ അപകടവിവരം പുറത്തുവരുന്നത്. വളരെ ബുദ്ധിമുട്ടേറിയ ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടെയാണ് താരത്തിന് പരുക്കേറ്റത്.
ആക്ഷന്‍ രംഗങ്ങളില്‍ യാതൊരുവിധ വിട്ടുവീഴ്ച്ചയ്ക്കും തയ്യാറാകാത്ത താരമാണ് അക്ഷയ് കുമാര്‍. വിഎഫ്എക്സിന്‍റെ സഹായത്തോടെ അനായാസം ചെയ്യാവുന്ന ആക്ഷന്‍ രംഗങ്ങളെല്ലാം യഥാര്‍ത്ഥത്തില്‍ അവതരിപ്പിക്കാനാണ് താരത്തിന് ഇഷ്ടം. പ്രേക്ഷകര്‍ക്ക് ആ രംഗത്തിന്‍റെ എല്ലാ ഭാവങ്ങളും അനുഭവിച്ചറിയണമെങ്കില്‍ അത് ഒറിജിനലായി തന്നെ ഷൂട്ട് ചെയ്യണം എന്നതാണ് അക്ഷയ് കുമാറിന്‍റെ വാദം. എഐ, വിഎഫ്എക്സ് സാങ്കേതിക വിദ്യകള്‍ കുറുക്കുവഴികളാണെന്നും അതിനോട് തനിക്ക് താല്‍പര്യമില്ലെന്നുമാണ് താരം പറയുന്നത്. ഭൂത് ബംഗ്ലായുടെ ബിടിഎസ് വിഡിയോ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ഇതിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. തമാശകളും ആകാംക്ഷയും ഭയവും നിറയ്ക്കുന്ന മികച്ചൊരു എന്റര്ടെയ്നറായിരിക്കും ഭൂത് ബംഗ്ലാ എന്നാണ് ആരാധകരുടെ പ്രതീക്ഷ. അക്ഷയ് കുമാര്‍, ശോഭ കപൂര്‍, എക്ത കപൂര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.