ലൗ ജിഹാദ് കേരളത്തിൽ തുടങ്ങി രാജ്യം മുഴുവൻ വ്യാപിച്ചതെങ്ങനെ എന്നാണ് ഏറെ വിവാദമായ കേരള സ്റ്റോറി 2 പറയുന്നതെന്ന് സംവിധായകൻ കാമാഖ്യ നാരായൺ സിങ്. ലൗ ജിഹാദിന്‍റെ ഇരകളെന്ന് അവകാശപ്പെട്ട ഉത്തരേന്ത്യക്കാര്‍ക്കൊപ്പമായിരുന്നു ഡൽഹിയിലെ സിനിമ പ്രമോഷൻ. സിനിമക്ക് കേരളവുമായി എന്ത് ബന്ധമെന്ന ചോദ്യത്തിന് സത്യം നിങ്ങൾ അംഗീകരിക്കുന്നില്ല എന്നായിരുന്നു മറുപടി.

ഈ മാസം 27 നാണ് കേരള സ്റ്റോറി 2 തിയറ്ററിലെത്തുന്നത്. സിനിമയുടെ ട്രെയിലര്‍ ഉണ്ടാക്കിയ വിവാദങ്ങള്‍ക്കും സിനിമയ്ക്കെതിരായ ശക്തമായ പ്രതിഷേധത്തിനുമിടെയാണ് അണിയറ പ്രവർത്തകർ ഡൽഹിയിൽ പ്രത്യേക പരിപാടി ഒരുക്കിയത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള ലൗ ജിഹാദിന് ഇരകളെന്ന് അവകാശപ്പെട്ട 37 പേരെ വേദിയിൽ അണിനിരത്തി. എന്നാല്‍ സംസാരിക്കാൻ വിസമ്മതിച്ച അണിയറ പ്രവർത്തകർ മാധ്യമപ്രവർത്തകരുടെ പ്രതിഷേധത്തിന് വഴങ്ങിയാണ് ചുരുങ്ങിയ വാക്കുകളിൽ മറുപടി പറഞ്ഞത്.

കേരളത്തിൽനിന്ന് ലൗ ജിഹാദ് എങ്ങനെ രാജ്യ വ്യാപകമായി പടർന്നു എന്നാണ് ചിത്രം വിശദീകരിക്കുന്നതെന്നാണ് സംവിധായകൻ കാമാഖ്യ നാരായൺ സിങിന്‍റെ അവകാശം വാദം. എന്നാല്‍ എന്തുകൊണ്ട് കേരളത്തിൽ നിന്നുള്ള ഇരകൾ വേദിയിലില്ല എന്ന ചോദ്യം നിർമ്മാതാവിനെ ചൊടിപ്പിച്ചു.

നിങ്ങൾ സത്യം അംഗീകരിക്കാൻ തയ്യാറാകുന്നില്ല, കേരളത്തിൽ നിന്നുള്ള ഇരകളുടെ വിഡിയോകൾ യൂട്യൂബിൽ ലഭ്യമാണ് എന്നായിരുന്നു നിർമ്മാതാവ് വിപുൽ അമൃത്‌ലാൽ ഷായുടെ മറുപടി. കേരളത്തിൽ ലൗ ജിഹാദ് നടക്കുന്നില്ലെന്ന സുപ്രീംകോടതിയിലെ കേന്ദ്രസർക്കാരിന്‍റെ നിലപാട് ചൂണ്ടിക്കാണിച്ചപ്പോൾ നിയമസഭയിൽ മുഖ്യമന്ത്രി സമ്മതിച്ചിട്ടുണ്ടെന്നായിരുന്നു മറുപടി. വീണ്ടും കൂടുതൽ ചോദ്യങ്ങൾ ഉയർന്നതോടെ അണിയറ പ്രവർത്തകർ വേദി വിട്ടു.

ENGLISH SUMMARY:

The promotion of the controversial movie 'The Kerala Story 2' took place in Delhi amidst heated arguments between the crew and journalists. Director Kamakhya Narayan Singh claimed that the sequel details how 'Love Jihad' allegedly originated in Kerala and spread across India. Producer Vipul Amrutlal Shah featured 37 individuals from North India, claiming they were victims of Love Jihad, to support the film's narrative. However, the absence of any victims from Kerala at the event raised sharp questions from the media. When asked about the lack of evidence from Kerala, Shah reacted angrily, stating that the media refuses to accept the 'truth' despite videos being available on YouTube. The film is set to release on February 27, 2026, amid widespread protests and debates over its factual accuracy and potential for communal polarization. Despite government and court stances questioning such claims, the filmmakers stand by their portrayal. Stay updated on the latest developments and controversies surrounding The Kerala Story 2.