ഇന്ത്യയുടെ ക്യാപ്റ്റന്‍ കൂളിന്‍റെ അടുത്ത ലക്ഷ്യം സിനിമയാണോ? ബോളിവുഡ് നടന്‍ ആർ.മാധവൻ പുറത്തിറക്കിയ ഒരു വിഡിയോയാണ് സ്പോര്‍ട്സ്– സിനിമാ ആരാധകര്‍ക്കിടയില്‍ ഈ ഊഹാപോഹങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്. മാധവനൊപ്പം ധോണി ഒരു ഓഫീസറുടെ വേഷത്തില്‍ എത്തുന്ന ടീസര്‍ വിഡിയോയാണ് മാധവന്‍ പുറത്തുവിട്ടിരിക്കുന്നത്. ‘ഉടന്‍ വരുന്നു’ മാധവന്‍ കുറിച്ചിട്ടുണ്ട്. അതേസമയം, ഇത് സിനിമയാണോ, വെബ് സീരീസാണോ, അതോ പരസ്യമാണോ എന്നതിലൊന്നും സ്ഥിരീകരണമായിട്ടില്ല. എങ്കിലും ധോണിയുടെ സിനിമാപ്രവേശം സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് വിഡിയോ തിരികൊളുത്തിയിട്ടുണ്ട്. 

ടീസറില്‍ എംഎസ് ധോണിയും ആർ. മാധവനും കറുത്ത നിറത്തിലുള്ള ടാക്റ്റിക്കൽ ഗിയറുകളും ബുള്ളറ്റ് പ്രൂഫ് വെസ്റ്റുകളും സൺഗ്ലാസുകളും ധരിച്ചിരിക്കുന്നതായി കാണാം. ഒറ്റനോട്ടത്തില്‍ ഒരു ടാസ്‌ക് ഫോഴ്‌സിന്‍റെ ലുക്കാണുള്ളത്. ആക്ഷന്‍– കോമഡി രംഗങ്ങളുടെ സൂചനയും ടീസറിലുണ്ട്. ‘ഒരു ലക്ഷ്യം. രണ്ട് പോരാളികൾ; ചേസ് ആരംഭിക്കുന്നു’ എന്നാണ് വിഡിയോ പങ്കുവച്ച് മാധവന്‍ കുറിച്ചത്. ‘ദി ചേസ്’ ടീസര്‍ പുറത്ത് എന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്. സംവിധാനം വാസൻ ബാലയാണെന്ന് ടീസറില്‍ വ്യക്തമാക്കിയിട്ടുണ്ട്. ധോണിയേയും ലൂസിഫര്‍ സര്‍ക്കസ് പ്രൊഡക്ഷന്‍സിനെയും വിഡിയോയില്‍ ടാഗ് ചെയ്തിട്ടുണ്ട്. 

വിഡിയോ ഇതുവരെ 1.9 മില്യണ്‍ ആളുകളാണ് ഇന്‍സ്റ്റഗ്രാമില്‍ കണ്ടത്. ഒരു ലക്ഷത്തിലധികം ലൈക്കുകളും ലഭിച്ചിട്ടുണ്ട്. അതേസമയം, ആവേശകരമായ ടീസര്‍ ഒരു സിനിമയുടെ സൂചനയാണ് നല്‍കുന്നതെന്നാണ് ഒരു ആരാധകന്‍ വിഡിയോക്ക് താഴെ കുറിച്ചത്. ചിലർ ഇത് ഒരു പരസ്യത്തിനായുള്ള ഷൂട്ട് ആണെന്നും കരുതുന്നുണ്ട്. 

അതേസമയം, ഇന്ത്യൻ പ്രീമിയർ ലീഗ് 2025ല്‍ ഗുജറാത്ത് ടൈറ്റൻസ്– ചെന്നൈ സൂപ്പർ കിംങ്സ് മല്‍സരത്തിലാണ് ധോണി അവസാനമായി കളിച്ചത്. 2020 ഓഗസ്റ്റിൽ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും അദ്ദേഹം വിരമിച്ചിരുന്നു. സി‌എസ്‌കെയെ അഞ്ച് ഐ‌പി‌എൽ കിരീടങ്ങളിലേക്ക് നയിച്ച ക്യാപ്റ്റനെ ടീം കഴിഞ്ഞ വർഷം 4 കോടി രൂപയ്ക്ക് അൺക്യാപ്പ്ഡ് പ്ലെയറായി നിലനിർത്തുകയായിരുന്നു. മാത്രമല്ല ഇന്ത്യയെ 2007 ലെ ടി 20 ലോകകപ്പ്, 2011 ലെ ക്രിക്കറ്റ് ലോകകപ്പ്, 2013 ലെ ചാമ്പ്യൻസ് ട്രോഫി എന്നീ മൂന്ന് പ്രധാന ഐ‌സി‌സി വൈറ്റ്-ബോൾ ട്രോഫികളിലേക്ക് നയിച്ച ഏക ക്യാപ്റ്റനും ധോണിയാണ്. ഇന്ത്യൻ ആർമിയുടെ പാരച്യൂട്ട് റെജിമെന്റിൽ ലെഫ്റ്റനന്റ് കേണൽ (ഓണററി) പദവിയും ധോണി വഹിക്കുന്നുണ്ട്.

ENGLISH SUMMARY:

A viral teaser featuring former India cricket captain MS Dhoni alongside Bollywood actor R. Madhavan has fueled speculation about Dhoni’s entry into films. The video, released by Madhavan, shows both stars in tactical gear and bulletproof vests, hinting at an action-comedy project titled The Chase, directed by Vasan Bala. While it remains unclear whether this is a movie, web series, or commercial, fans are buzzing about Dhoni’s possible silver screen debut. The teaser has already crossed 1.9 million views on Instagram, igniting discussions among cricket and cinema enthusiasts alike.