മഹേഷ് ബാബു- എസ്.എസ് രാജമൗലി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ പൃഥ്വിരാജിന്‍റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്. ഓട്ടോമേറ്റഡ് ഹൈടെക് വീൽചെയറിൽ ഇരിക്കുന്ന താരത്തെയാണ് പോസ്റ്ററില്‍ കാണുന്നത്. വീല്‍ ചെയറിന് നാല് കൈകളുണ്ട്. പോസ്റ്റര്‍ പുറത്തുവന്നതോടെ ആരാധകരും ആവേശത്തിലായിരിക്കുകയാണ്. വില്ലന്‍റെ രൂപം മാർവൽ കഥാപാത്രമായ ഡോക്ടർ ഒക്ടോപ്പസുമായി സാമ്യമുള്ളതായി ചിലര്‍ കമന്‍റ് ചെയ്തു.
‘‘കുംഭയെ അവതരിപ്പിക്കുന്നു... ഞാൻ ഇതുവരെ അഭിനയിച്ചതിൽ വെച്ച് ഏറ്റവും സങ്കീർണ്ണമായ കഥാപാത്രം. മഹേഷ് ബാബു, നിങ്ങൾക്കായി ഞാൻ തയ്യാറാണ്. പ്രിയങ്ക ചോപ്ര ഗെയിം ആരംഭിച്ചു, എന്റെ പരിമിതികളെ നിരന്തരം പരീക്ഷിക്കുന്ന ഒരു ലോകം ഒരുക്കിയ രാജമൗലി സാറിന് നന്ദി,' ഫസ്റ്റ്ലുക്ക് പങ്കുവച്ച് പൃഥ്വി കുറിച്ചു.
പൃഥ്വിരാജിന്‍റെ പ്രകടനത്തെ വനോളം പുകഴ്ത്തിയാണ് എസ്.എസ്.രാജമൗലി പോസ്റ്റര്‍ പങ്കുവച്ചത്. 'പൃഥ്വിരാജിനൊപ്പമുള്ള ആദ്യ ഷോട്ട് പൂർത്തിയാക്കിയ ശേഷം, അദ്ദേഹത്തിന്റെ അടുത്തേക്ക് ചെന്ന് പറഞ്ഞു, ‘ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് താങ്കൾ. ഈ ദുഷ്ടനും, ക്രൂരനും, ശക്തനുമായ പ്രതിനായകൻ കുംഭക്ക് നിങ്ങൾ ജീവൻ നൽകുന്നത് വളരെ സംതൃപ്തി നൽകുന്ന അനുഭവമായിരുന്നു. ആ കസേരയിലേക്ക് അക്ഷരാർഥത്തിൽ ഇറങ്ങിയിരുന്നതിന് പൃഥ്വിരാജിന് നന്ദി,' പൃഥ്വിരാജിന്‍റെ പോസ്റ്റര്‍ പങ്കുവച്ച് രാജമൗലി കുറിച്ചു.
എസ്എസ്എംബി 29 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണം നിലവിൽ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യാന ജോൺസ് സീരീസിന്റെ ലൈനിലാണ് ചിത്രം ഒരുങ്ങുക. പൃഥ്വിരാജ് കൊടും വില്ലനായാണ് എത്തുകയെന്ന് റിപ്പോര്‍ട്ടുകളുണ്ട്. പ്രിയങ്ക ചോപ്ര നായികയാകുന്ന സിനിമയില്‍ ഹോളിവുഡില്‍ നിന്നുള്ള പ്രശസ്ത താരങ്ങളും അഭിനയിക്കുന്നു.