വിജയ് ചിത്രം ‘ജനനായകന്റെ’ റിലീസ് തിയതി പ്രഖ്യാപിച്ചു. പുതിയ പോസ്റ്റര്‍ പുറത്തുവിട്ടുകൊണ്ടാണ് അണിയറ പ്രവര്‍ത്തകര്‍ റിലീസ് തിയതി പുറത്തുവിട്ടിരിക്കുന്നത്. പൊങ്കൽ റിലീസ് ആയി ജനുവരി ഒൻപതിന് ചിത്രം തിയറ്ററുകളിലെത്തും. അതേസമയം സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത് സിനിമയുടെ റിലീസ് പോസ്റ്ററാണ്.
എഐയിൽ ചെയ്ത പോസ്റ്ററാണോ ഇതെന്നാണ് വിമർശകർ ചോദിക്കുന്നത്. ബാറ്റ്മാന് v സൂപ്പര്‍മാന്‍; ഡൗണ്‍ ഓഫ് ജസ്റ്റിസ് എന്ന സിനിമയിലെ പോസ്റ്ററിനോടുള്ള സാമ്യവും ചിലര്‍ ചൂണ്ടിക്കാണിച്ചു. കോപ്പിയടിച്ച പോസ്റ്റര്‍ എന്ന പരിഹാസവും ഉയര്‍ന്നു. മാസാണ് ഉദ്ദേശിച്ചതെങ്കില്‍ കോമഡിയായിട്ടുണ്ട് എന്നാണ് മറ്റൊരു കമന്‍റ്. അഭിനയ ജീവിനതത്തോട് വിട പറയുന്ന വിജയ്യുടെ അവസാന ചിത്രത്തിന്‍റെ പോസ്റ്ററിന് കുറച്ച് നിലവാരമാകാമെന്നും വിമര്‍ശനമുയര്‍ന്നു.
എച്ച്.വിനോദ് സംവിധാനം ചെയ്യുന്ന ജനനായകനില്‍ ബോബി ഡിയോൾ, പൂജാഹെഡ്ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ ബൈജു തുടങ്ങി വമ്പൻ താരനിരയാണുള്ളത്. അനിരുദ്ധ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്.