സ്റ്റൈല്‍ മന്നന്‍ രജനീകാന്തിന്‍റെ 'കൂലി' റിലീസിന് മുന്‍പ് തന്നെ വാര്‍ത്തകളില്‍ നിറയുകയാണ്. ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കാണാന്‍ തൊഴിലാളികള്‍ക്ക് ശമ്പളത്തോട് കൂടിയ അവധി വാഗ്ദാനം ചെയ്തിരിക്കുകയാണ് ചില സിംഗപ്പുര്‍ കമ്പനികള്‍. സ്വാതന്ത്ര്യദിന തലേന്നാണ് ലോകേഷ് കനകരാജ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. റിലീസ് ദിവസം തന്നെ സിനിമ കാണാന്‍ പല കമ്പനികളും ജീവനക്കാര്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വ്യത്യസ്തമായ ഓഫറുകളുമായുള്ള ചില സിംഗപ്പുര്‍ കമ്പനികളുടെ മാസ് എന്‍ട്രി.
ജീവനക്കാര്‍ക്ക് രജനീകാന്ത് ചിത്രം കാണാന്‍ അവധിക്കൊപ്പം ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ ടിക്കറ്റിന് പുറമെ സ്നാക്സും ശീതളപാനീയങ്ങളും വാങ്ങുന്നതിനായി 30 ഡോളര്‍ അലവന്‍സും കമ്പനി വകയായി നല്‍കും. 'തൊഴിലാളി സൗഹൃദ തൊഴിലിടങ്ങളും അവരുടെ ക്ഷേമവുമാണ് കമ്പനിയുടെ മുഖമുദ്ര' എന്നുകൂടി കമ്പനികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. രജനി ആരാധകര്‍ക്ക് സന്തോഷിക്കാന്‍ ഇതില്‍പരം എന്തുവേണം?
എഫ്ബി മാര്‍ട്ട് എന്ന മറ്റൊരു സ്ഥാപനവും ഓഗസ്റ്റ് 14 ന് രാവിലെ 7 മുതല്‍ 11.30 വരെ കമ്പനി അടച്ചിടുമെന്ന് പ്രഖ്യാപനം നടത്തി. സ്ഥാപന ഡയറക്ടര്‍ കൃഷന്‍ പ്രകാശ് നമ്പ്യാര്‍ പങ്കുവച്ച നോട്ടിസില്‍ ഓഫീസ് പ്രവര്‍ത്തനം 11.30മുതലായിരിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതുമൂലം ഉപഭോക്താക്കള്‍ക്കുണ്ടായേക്കാവുന്ന അസൗകര്യങ്ങളില്‍ കമ്പനി ഖേദവും പ്രകടിപ്പിച്ചു.
തമിഴ്നാട്ടിലെ മധുര ആസ്ഥാനമായുള്ള കമ്പനിയും ഓഗസ്റ്റ് 14 ന് മുഴുവന്‍ ശാഖകള്‍ക്കും അവധി പ്രഖ്യാപിച്ചു.'സൂപ്പര്‍ സ്റ്റാര്‍ രജനിയുടെ കൂലി സിനിമയുടെ റിലീസ് കണക്കിലെടുത്ത് അവധി അപേക്ഷകള്‍ കുന്നുകൂടുന്നത് ഒഴിവാക്കാന്‍ അന്നേ ദിവസം കമ്പനി അവധി പ്രഖ്യാപിക്കാന്‍ തീരുമാനിച്ചു' എന്നായിരുന്നു വെളിപ്പെടുത്തല്‍. കൂടാതെ, രജനികാന്ത് ചലച്ചിത്ര ജീവതത്തിന്‍റെ 50-ാം വാർഷികം ആഘോഷിക്കുന്ന വേളയില്‍ ഒട്ടേറെ ജീവകാരുണ്യ പ്രവർത്തനങ്ങളും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. അനാഥാലയങ്ങളിലും വൃദ്ധസദനങ്ങളിലും ഭക്ഷണം വിതരണം ചെയ്യുമെന്നും പൊതുജനങ്ങൾക്ക് മധുരം നൽകുമെന്നും അറിയിപ്പിൽ പറയുന്നു. കമ്പനിയുടെ ഈ തീരുമാനം ജീവനക്കാർക്കിടയിലും പൊതുസമൂഹത്തിലും വലിയ ചർച്ചയായിരിക്കുകയാണ്.