വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. കരം എന്നാണ് ചിത്രത്തിന്റെ പേര്. നോബിൾ ബാബു തോമസ് നായകനാവുന്ന ചിത്രം ആക്ഷൻ ത്രില്ലർ ഗണത്തിൽപ്പെടുന്നതാണ് എന്നാണ് സൂചന. ഇതുവരെ താൻ ചെയ്ത ചിത്രങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമായിരിക്കും തന്റെ പുതിയ ചിത്രമെന്ന് വിനീത് പറഞ്ഞിരുന്നു.
ഹെലൻ, ഫിലിപ്സ് എന്നീ ചിത്രങ്ങളിൽ നായകനായെത്തിയ നോബിൾ തോമസ് ആണ് ചിത്രത്തിൽ നായകനായെത്തുന്നത്. ബൈക്കിൽ തോക്ക് കൈയിൽ പിടിച്ച് ചീറി പായുന്ന നോബിളിനെയാണ് പോസ്റ്ററിൽ കാണാനാവുക. ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുകയാണ് .ചിത്രത്തിന്റെ ട്രെയ്‌ലർ അടുത്ത മാസം പുറത്തുവരും. സെപ്റ്റംബർ 25 നാണ് ചിത്രം തിയറ്ററുകളിലെത്തുക. ഹൃദയം, വര്‍ഷങ്ങള്‍ക്ക് ശേഷം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വിനീത് ശ്രീനിവാസനും നിര്‍മാതാവ് വിശാഖ് സുബ്രഹ്‌മണ്യവും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
വിനീതിന്റെ ആദ്യസംവിധാനസംരംഭമായ 'മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ്' 15 വര്‍ഷം തികയ്ക്കുന്ന ദിവസമാണ് പുതിയ ചിത്രത്തിന്റെ അപ്‌ഡേറ്റ് പുറത്തുവിടുന്നത്. 2010 ജൂണ്‍ 16നാണ് 'മലര്‍വാടി ആര്‍ട്‌സ് ക്ലബ്' പുറത്തിറങ്ങിയത്. ദിലീപായിരുന്നു ഈ ചിത്രത്തിന്റെ നിർമാതാവ്.മെറിലാൻഡ് 1955ൽ പുറത്തിറക്കിയ ‘സിഐഡി’ മലയാളത്തിലെ തന്നെ ആദ്യം ക്രൈം ത്രില്ലർ സിനിമയായിരുന്നു. ഈ ചിത്രം എഴുപത് വർഷം തികയുന്ന വേളയിലാണ് ഒരു ത്രില്ലർ സിനിമയുമായി വീണ്ടും മെറിലാൻഡ് എത്തുന്നത്.