കയ്യില്‍ തോക്കുമായി കടല്‍തീരത്ത് നില്‍ക്കുന്ന നസ്‍ലിന്‍റെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. സംവിധായകന്‍ രോഹിത്ത് വി.എസ് പങ്കുവെച്ച ചിത്രം ഇതിനോടകം തന്നെ പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു. രോഹിത്തിന്‍റെ ഏറ്റവും പുതിയ ചിത്രമായ ടിക്കി ടാക്കയില്‍ നസ്‍ലിന്‍ ഉണ്ടാകുമെന്ന റിപ്പോര്‍ട്ടുകള്‍ ശരിവെക്കുകയാണ് സംവിധായകന്‍റെ പോസ്റ്റ്.
അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ, ഇബ്‌ലീസ്, കള എന്നീ സിനിമകൾക്ക് ശേഷം രോഹിത്ത് സംവിധാനം ചെയ്യുന്ന ആക്ഷൻ ത്രില്ലർ ചിത്രമാണ് ടിക്കി ടാക്ക. ആസിഫ് അലിയാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. നസ്‍ലിന്‍ തന്‍റെ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച പുതിയ ചിത്രത്തിലെ മേക്ക്ഓവര്‍ ടിക്കി ടാക്കക്ക് വേണ്ടിയാണെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു.
'ജീവിതത്തിലെ നഷ്ടങ്ങൾ ഒരു ആൺകുട്ടിയുടെ കയ്യിൽ തോക്ക് പിടിപ്പിച്ചു; സ്നേഹം അവനെ ഒരു പുരുഷനാക്കി മാറ്റി' എന്ന തലക്കെട്ടോടെ നസ്‍ലിനെ മെന്‍ഷന്‍ ചെയ്താണ് സംവിധായകന്‍ താരത്തിന്‍റെ ചിത്രം പങ്കുവെച്ചിരിക്കുന്നത്. തന്‍റെ കെ.ജി.എഫ് ആയിരിക്കും ടിക്കി ടാക്ക എന്ന് നേരത്തെ ആസിഫ് അലി പറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ നസ്‍ലിനും ചിത്രത്തില്‍ ഗ്രേ ഷെയ്ഡ് ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.