മലയാള സിനിമ ലോകം ഇന്ന് ഏറ്റവുമധികം കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാന്‍. ലൂസിഫര്‍ എന്ന വമ്പന്‍ ചിത്രത്തിന് തുടര്‍ച്ചയുമായി മോഹന്‍ലാലും പൃഥ്വിരാജും ഒന്നിക്കുമ്പോള്‍ പ്രേക്ഷകര്‍ക്കും പ്രതീക്ഷ ഏറെയാണ്. ഇപ്പോഴിതാ സിനിമയിലെ ആദ്യ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടുകൊണ്ട് എമ്പുരാനിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തുകയാണ് അണിയറപ്രവർത്തകർ. ജയ്സ് ജോസ് അവതരിപ്പിക്കുന്ന സേവ്യർ എന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്. ഒപ്പം നടന്റെ ചിത്രീകരണ അനുഭവങ്ങളും അണിയറപ്രവർത്തകർ പങ്കുവച്ചിട്ടുണ്ട്.
ലൂസിഫർ എന്ന സിനിമയിൽ മോഹൻലാൽ അവതരിപ്പിച്ച സ്റ്റീഫൻ നെടുമ്പള്ളിയ്‌ക്കൊപ്പമുള്ള കഥാപാത്രമാണ് സേവ്യർ. ഇത് എമ്പുരാൻ എന്ന സിനിമയിലെ 36-ാമത്തെ ക്യാരക്ടർ പോസ്റ്ററാണ്. അടുത്ത ദിവസങ്ങളിൽ അണിയറപ്രവർത്തകർ മറ്റ് ക്യാരക്ടർ പോസ്റ്ററുകളും പുറത്തുവിടും.
തീ കത്തി രണ്ടായി കീറി പോയ തുണിയുടെ മറവില്‍ വെള്ള ഷര്‍ട്ട് അണിഞ്ഞ് ഒരാള്‍ നില്‍ക്കുന്ന എമ്പുരാന്‍ പോസ്റ്റര്‍ വലിയ ചര്‍ച്ചയായിരുന്നു. ഷര്‍ട്ടില്‍ ഒരു ഡ്രാഗണിന്‍റെ ചിത്രവുമുണ്ട്. മോഹന്‍ലാലിനേയും ഈ പോസ്റ്ററില്‍ അവ്യക്തമായി കാണാം. മോഹന്‍ലാലിന്‍റെ പുതിയ പോസ്റ്റോടെ ഈ വെള്ള ഷര്‍ട്ടുകാരന്‍ ഫഹദാണോ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. ഈ പോസ്റ്റര്‍ പുറത്തുവന്ന സമയത്ത് ഇത് മമ്മൂട്ടി ആണെന്നും അതല്ല ബേസില്‍ ജോസഫാണെന്നുമൊക്കെയുള്ള ചര്‍ച്ചകള്‍ നടന്നിരുന്നു.
എമ്പുരാന്‍ പാന്‍ ഇന്ത്യന്‍ റിലീസായാണ് തിയറ്ററുകളില്‍ എത്തുന്നത്. എട്ട് സംസ്ഥാനങ്ങളിലും നാല് രാജ്യങ്ങളിലുമായി 14 മാസം കൊണ്ടാണ് എമ്പുരാന്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ചിത്രത്തില്‍ മോഹന്‍ലാല്‍, പൃഥ്വിരാജ്, ടൊവിനോ എന്നിവര്‍ക്ക് പുറമേ മഞ്ജു വാര്യര്‍, സുരാജ് വെഞ്ഞാറമ്മൂട്, ഇന്ദ്രജിത്ത്, ഫാസില്‍, സാനിയ ഇയ്യപ്പന്‍, നൈല ഉഷ, അര്‍ജുന്‍ ദാസ് തുടങ്ങി വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്. ഫ്രഞ്ച് നടന്‍ എറിക് എബൗനി, ബ്രിട്ടീഷ് നടി ആന്‍ഡ്രിയ തിവദാര്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ള വിദേശതാരങ്ങളും ചിത്രത്തില്‍ എത്തുന്നുവെന്നാണ് വിവരം