ഗിരീഷ് എ.ഡിയുടെ നിവിൻ പോളി ചിത്രം ബത്ലഹേം കുടുംബ യൂണിറ്റ് തീയറ്ററിലെത്തിയതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വൈറലാണ് 30 വർഷം മുൻപ് ഇറങ്ങിയ യവനകഥയിൽ നിന്ന് വന്ന ഇടയകന്യകേ എന്ന ഗാനം. ചിത്രീകരണത്തിന് മുൻപ് തന്നെ ഉപേക്ഷിച്ച 'അന്ന' എന്ന ചിത്രവും പിന്നാലെ ചർച്ചകളിൽ നിറഞ്ഞു. ചെറുകഥാകൃത്തും നോവലിസ്റ്റുമായ എൻ മോഹനന്‍റെ അന്ന എന്ന സിനിമാ മോഹം ഉപേക്ഷിക്കപ്പെട്ടതിനെ കുറിച്ചും പിറക്കാതെ പോയ സിനിമയുടെ തിരക്കഥ തന്നെ നഷ്ടപ്പെട്ടതിനെ കുറിച്ചും പല കഥകളും ഇപ്പോൾ പ്രചരിക്കുന്നുണ്ട്. സത്യത്തിൽ അന്നയ്ക്ക് എന്താണ് സംഭവിച്ചത് , തിരക്കഥ നഷ്ടപ്പെട്ടോ ? മോഹനൻ തയാറാക്കിയ കഥയെ സിനിമയ്ക്ക് അനുയോജ്യമായ തിരക്കഥ രൂപത്തിലാക്കി മാറ്റിയ ഷിബു ചക്രവർത്തി പറയുന്നു
അന്ന എന്ന സിനിമാ സ്വപ്നം
എൻ. മോഹനൻ എഴുതിയ 500 പേജിലധികമുള്ള ലിറ്റററി വർക്കിന് സമാനമായ തിരക്കഥയായിരുന്നു സത്യത്തിൽ അന്ന. ഇടുക്കിയുടെ പശ്ചാത്തലത്തിൽ ബ്രാഹ്മണ യുവാവും ക്രിസ്ത്യൻ യുവതിയും തമ്മിലുള്ള പ്രണയമായിരുന്നു ചിത്രത്തിന്റെ ഇതിവൃത്തം. പക്ഷേ മോഹനൻ എഴുതിയ തിരക്കഥ സിനിമയ്ക്ക് പറ്റിയ സിനിമാറ്റിക് രൂപത്തിൽ ഉള്ളതായിരുന്നില്ല. ജോഷി സാറാണ് ആ ദൗത്യം എന്നെ ഏൽപ്പിച്ചത്. കഥ മുഴുവൻ വായിച്ച എന്നോട് ജോഷി സാർ ചോദിച്ചു, എങ്ങനെയുണ്ട്? കയ്യിൽ കിട്ടിയത് ഒരു കടലാണ്, പക്ഷേ വറ്റിച്ചാൽ നല്ല മുത്ത് കിട്ടും, എന്നായിരുന്നു എന്‍റെ മറുപടി. എന്നാൽ നിനക്ക് വറ്റിക്കാമോ ? ജോഷി സാർ വീണ്ടും ചോദിച്ചു , ശ്രമിക്കാം ഞാൻ മറുപടി പറഞ്ഞു.
അങ്ങനെ 500 ൽ അധികം പേജുള്ള 150ലേറെ സീനുകളുള്ള തിരക്കഥയിൽ നിന്ന് ഒരു സിനിമയ്ക്ക് ആവശ്യമായ 80 സീനിൽ ഒരു തിരക്കഥ ഞാൻ എഴുതി പൂർത്തിയാക്കി. അരവിന്ദ് സ്വാമിയും മീനയും ആയിരുന്നു പ്രധാന കഥാപാത്രങ്ങളായി ജോഷി സാറിന്‍റെ മനസിലുണ്ടായിരുന്നത്. അരവിന്ദ് സ്വാമി അന്ന് ഏറെ തിരക്കുള്ള നടനായിരുന്നു. ഡേറ്റുകൾ പലതും നീണ്ടു നീണ്ടു പോയി., പ്രൊജക്ട് തന്നെ ഹോൾഡ് ആയി. പക്ഷേ പാട്ടെഴുതും കംപോസിങ്ങും റെക്കോർഡിങും എല്ലാം അപ്പൊഴേക്കും കഴിഞ്ഞിരുന്നു.
അന്ന പൂർണമായും ഉപേക്ഷിക്കപ്പെട്ടത് എവിടെയാണ് ?
പെട്ടെന്നൊരു ദിവസം ആ സിനിമ ചെയ്യേണ്ട എന്ന് തീരുമാനിച്ചതല്ല. ഒരുപാട് ഘടകങ്ങൾ ഒന്നിച്ചുചേരുമ്പോൾ മാത്രം സംഭവിക്കുന്ന മാജിക് ആണ് ഒരു സിനിമ. അങ്ങനെയുള്ള ഘടകങ്ങൾ ഒരുമിച്ച വരാത്തപ്പോൾ നടക്കാതെ പോയ നൂറുകണക്കിന് സിനിമകളുടെ വിധി തന്നെയായിരുന്നു അന്നയ്ക്കും. അരവിന്ദ് സ്വാമി ഇല്ലാതെ ആ സിനിമ ചെയ്യാൻ ജോഷി സാറിന് താൽപര്യമുണ്ടായിരുന്നില്ല. മാത്രമല്ല, ഇപ്പോൾ പലരും പറയുന്ന പോലെ സൈന്യത്തിനായി മാറ്റിവച്ച സിനിമയും അല്ല അന്ന. നായർസാബിന് ശേഷം ഒരു ഫ്ലൈറ്റ് യാത്രയിൽ ബംഗളൂരു എയർപോർട്ടിൽ എയർക്രാഫ്റ്റുകൾ നിരത്തിയിട്ടിരിക്കുന്ന സീൻ കണ്ടപ്പോൾ തന്നെ ജോഷി സാറിനുണ്ടായ ആഗ്രഹമാണ് എയർഫോഴ്സ് പശ്ചാത്തലത്തിൽ ഒരു ചിത്രമെന്ന ആശയം. സൈന്യത്തിന്‍റെ വർക്ക് നടക്കുന്നതിന് ഇടയിലാണ് മോഹനൻ അന്നയ്ക്കായി സമീപിക്കുന്നത്. അതിന് മുൻപും മോഹനൻ പലരേയും സമീപിക്കുകയും പാട്ട് റെക്കർഡ് വരെ ചെയ്തിരുന്നു എന്ന് കേട്ടിരുന്നു. ഒടുവിലാണ് ജോഷി സാറിന്‍റെ അടുത്ത് എത്തിയത്. അരവിന്ദ് സ്വാമിയുടെ ഡേറ്റ് ലഭിക്കാതെ വന്നപ്പോൾ തന്നെ പടം ഹോൾഡ് ആയിരുന്നല്ലോ. അപ്പോഴും മദ്രാസിലെ ജോഷിയുടെ പഴയ ഫ്ലാറ്റിൽ ഞങ്ങൾ ചർച്ചകൾ മുന്നോട്ട് കൊണ്ടുപോയിരുന്നു. ഇതിനിടയിൽ സൈന്യത്തിന്‍റെ ചിത്രീകരണം ആരംഭിച്ചു. ഹൈദരാബാദ് മുതൽ കേരളം വരെ നിരവധി ലൊക്കേഷനുകളിലായിരുന്നു സൈന്യത്തിന്‍റെ ചിത്രീകരണം. ആർമി പശ്ചാത്തലമായതിനാൽ തന്നെ ഏതാണ്ട് ഒരു വർഷം എടുത്താണ് സൈന്യം പൂർത്തിയാക്കിയത്. അതിനിടയിൽ ജോഷിയുടെ ചെന്നൈയിലെ ഫ്ലാറ്റ് വിറ്റു. അവിടെയുണ്ടായിരുന്ന സാധനങ്ങൾ പുതിയ ഫ്ലാാറ്റിലേക്ക് മാറ്റി. അതിനിടയിൽ എവിടെയോ ആണ് ആ തിരക്കഥ നഷ്ടപ്പെട്ട് പോയത്. പക്ഷേ ആ തിരക്കഥയുടെ ഭാഗമായ ആളെന്ന നിലയിൽ ഇന്നും അത് എന്‍റെ മനസ്സിൽ തന്നെയുണ്ട്.
സിനിമയ്ക്ക് മുൻപേ പിറന്ന പാട്ടുകൾ
ഈ സിനിമയുമായി ജോഷി സാറിനെ സമീപിക്കുമ്പോൾ മോഹനന് ഒറ്റ നിർദേശമേയുണ്ടായിരുന്നുള്ളൂ, പാട്ടുകൾ ഒഎൻവിയെ കൊണ്ട് എഴുതിക്കണം. പക്ഷേ ജോഷി സാർ സമ്മതിച്ചില്ല, പാട്ടും ഞാൻ തന്നെ എഴുതിയാൽ മതി എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. പക്ഷേ പാട്ടു കേട്ട ശേഷം ഒൻഎൻവി മാഷ് അഭിനന്ദിച്ചു, മോഹനനും സന്തോഷമായി. അന്ന് 5 ലക്ഷത്തിലേറെ കാസറ്റുകളാണ് വിറ്റുപോയത്. അതുകൊണ്ട് തന്നെ കാസറ്റ് കമ്പനിയും അന്നയ്ക്കായി ആവുംവിധം സമ്മർദം ചെലുത്തി. പക്ഷെ അപ്പോഴേക്കും സൈന്യത്തിന്‍റെ കോ പ്രൊഡ്യൂസറായി മാറിയിരുന്നു അന്നയുടേയും പ്രൊഡ്യൂസർ. അതും സിനിമ നിന്നു പോകാനൊരു കാരണമായി.
തിരക്കഥ മറ്റാർക്കോ മോഹനൻ നൽകിയെന്നൊരു വാദമുണ്ടല്ലോ
അന്ന എന്ന സിനിമയ്ക്കായി ഞാൻ എഴുതിയ തിരക്കഥ ആർക്കും കൈമാറിയിട്ടില്ല. അത് മുൻപ് പറഞ്ഞത് പോലെ നഷ്ടപ്പെട്ട് പോയതാണ്. മോഹനൻസാർ ഞങ്ങളെ ഏൽപ്പിച്ച 500 പേജുള്ള ആ വർക്ക് പിന്നീട് ഏതോ സീരിയലുകാർ കൊണ്ടുപോയെന്നാണ് ഇപ്പോൾ അദ്ദേഹത്തിന്‍റെ മകൾ പറയുന്നത്. എന്നാൽ അതും ആരെന്ന് കണ്ടെത്താനായില്ല. ഇടയിൽ ചില അന്വേഷണങ്ങളൊക്കെ നടത്തിയെങ്കിലും എല്ലാം വിഫലമായിരുന്നു.
30 വർഷത്തിന് ശേഷം ആ പാട്ടുകേട്ട സംവിധായകൻ ജോഷിയുടെ പ്രതികരണം?
അങ്ങനെ പൊതുവേ ഒന്നും എക്സ്പ്രസ് ചെയ്യുന്ന ആളല്ല ജോഷി സാർ. നമ്മുടെ പാട്ടൊക്കെ ആണല്ലോ വീണ്ടും എടുത്ത് ഉപയോഗിക്കുന്നത് എന്ന ഒറ്റ വാചകത്തിലൊതുങ്ങി അദ്ദേഹത്തിന്റെ പ്രതികരണം.
അന്ന ഈ കാലഘട്ടത്തിലും സാധ്യതയുള്ള സിനിമയാണോ?
അങ്ങനെ കാലഹരണപ്പെട്ടു പോകുന്ന കഥയല്ല അത് . തിരക്കഥ എന്‍റെ മനസിലുണ്ട്. ഏറ്റെടുക്കാൻ നല്ല ഒരു പ്രൊഡക്ഷൻ ഹൗസ് തയാറായാൽ ഇനിയും സാധ്യമാകുന്ന ഒരു സിനിമ തന്നെയാണ് അന്ന.