ഡല്‍ഹിയിലെ വിദ്യാര്‍ഥി പ്രക്ഷോഭത്തെ പിന്തുണച്ച സിനിമാ പ്രവര്‍ത്തകരില്‍ നടന്‍ മോഹന്‍ലാലിന്‍റെ മകള്‍ വിസ്മയയും ഉണ്ടായിരുന്നു. 'സ്വന്തം പൗരന്മാരോട് ഒരു ജനാധിത്യ രാജ്യം പ്രതികരിക്കേണ്ടത് ഇങ്ങനെയാണോ?' എന്നാണ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ വിസ്മയ കുറിച്ചത്. പിന്നാലെ വിസ്മയയ്ക്ക് നേരെ വിദ്വേഷ പ്രചാരണമുണ്ടായി. വിവാദങ്ങള്‍ക്ക് ശേഷം വിസ്മയയുടെ ആദ്യ അഭിമുഖം പുറത്തുവന്നു. തന്‍റെ പ്രവൃത്തികള്‍ സൂക്ഷമമായി നിരീക്ഷിക്കപ്പെടുന്നുണ്ടെന്ന് തോന്നിയിട്ടില്ലെന്നാണ് വിസ്മയ പറഞ്ഞത്. ഗലാട്ട പ്ലസില്‍ ഭരദ്വാജ് രംഗന് നല്‍കിയ അഭിമുഖത്തിലാണ് വിസ്മയയുടെ മറുപടി.
'എന്ത് ചെയ്താലും സൂക്ഷമായി പരിശോധിക്കും. വിസ്മയയുടെ പുസ്തകം എന്നല്ല, മോഹന്‍ലാലിന്‍റെ മകളുടേത് എന്ന നിലയിലാണ് ഏറ്റെടുക്കുക. ജന്തര്‍ മന്തറിലെ സമരത്തെ പറ്റി പോസ്റ്റിട്ടു. അത് വലിയ ചര്‍ച്ചയായി. ജീവിതം ഒരു മൈക്രോസ്‌കോപ്പിലായെന്ന് തോന്നിയിട്ടുണ്ടോ' എന്നാണ് അവതാരകന്‍ ചോദിച്ചത്.
സത്യം പറഞ്ഞാല്‍ താന്‍ എപ്പോഴെങ്കിലും ഒരു സൂക്ഷ്മപരിശോധനയ്ക്ക് കീഴിലാണെന്ന് തോന്നിയിട്ടില്ലെന്നും ഒരു പക്ഷെ കേരളത്തില്‍ ജീവിക്കാത്തതു കൊണ്ടായിരിക്കുമെന്നും വിസ്മയ പറഞ്ഞു. 'ഞാൻ ഭൂരിഭാഗം സമയവും പുറത്തായിരുന്നു, ഊട്ടിയിലായിരുന്നു. എനിക്ക് ഇത്തരം സൂക്ഷ്മപരിശോധനയോ അതുപോലെയുള്ള യാതൊരു അനുഭവവും ഇതുവരെ ഉണ്ടായിട്ടില്ല' എന്നായിരുന്നു വിസ്മയയുടെ മറുപടി.
'വിസ്മയയുടേത് രാഷ്ട്രീയ പോസ്റ്റല്ല '; ഡല്‍ഹിയിലെ സമരത്തിന് അമേരിക്കന്‍ ഫണ്ടിങ്; മേജര്‍ രവി
മോഹന്‍ലാലിന്‍റെ മകളയാതുകൊണ്ട് ആളുകള്‍ ജഡ്ജ് ചെയ്യുമെന്നും നടനെന്ന നിലയിൽ ഇഷ്ടപ്പെടുന്നവരുടെയും ഇഷ്ടപ്പെടാത്തവരുടെയും അഭിപ്രായങ്ങള്‍ നമ്മുടെ മേൽ വരുമെന്നും വിസ്മയ പറഞ്ഞു. 'എന്നാലും എനിക്ക് അത് ഒരിക്കലും തോന്നിയിട്ടില്ല. ഞാൻ കമന്റുകൾ നോക്കാറില്ല. എയര്‍പോര്‍ട്ടില്‍ അച്ഛന്റെ കൂടെ പോകുമ്പോഴൊക്കെ ഒരുപാട് പേര്‍ നോക്കും. അതല്ലാതെ എനിക്ക് ബുദ്ധിമുട്ടുകളൊന്നും ഉണ്ടായിട്ടില്ല' വിസ്മയ പറഞ്ഞു.
ഇത്തരം കാര്യങ്ങള്‍ പ്രണവുമായി സംസാരിക്കുന്നതിനെ പറ്റിയും വിസ്മയ പറഞ്ഞു. 'പ്രണവുമായി എല്ലാ കാര്യങ്ങളും സംസാരിക്കാറുണ്ട്. നീ എന്തു പറഞ്ഞാലും അതിനൊക്കെ അതിന്റെതായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നാണ് അവന്‍ എന്നോട് പറഞ്ഞത്. എന്റെ ഒരു സുഹൃത്ത് വിളിച്ചും ഇക്കാര്യം തന്നെ പറഞ്ഞു. 'എനിക്ക് എന്തുവേണമെങ്കിലും പോസ്റ്റ് ചെയ്യാം, എന്നാൽ നീ എന്തെങ്കിലും പോസ്റ്റ് ചെയ്യുന്നതിന് മുൻപ് രണ്ടുതവണ ചിന്തിക്കണം' എന്ന്'.