മോളിവുഡിലെ പോസ്റ്റര്‍ ഡിസൈനിന്‍റെ ന്യൂജെന്‍ മുഖം, ഏസ്തെറ്റിക് കുഞ്ഞമ്മയുടെ കരവിരുതില്‍ 'ലോക ചാപ്റ്റര്‍ 1; ചന്ദ്രയി'ലെ 'മൂത്തോന്‍റെ' പോസ്റ്റര്‍ വന്നപ്പോള്‍ നിറഞ്ഞത് മലയാളി പ്രേക്ഷകരുടെ മനസ് കൂടിയാണ്. 'ലോക വേഴ്സി'ലെ അതിശക്തന്‍ 'മൂത്തോനാ'യി മമ്മൂട്ടി എത്തുന്നു. പോസ്റ്ററിന് പിന്നിലെ ബ്രില്യന്‍സുകള്‍ പങ്കുവക്കുകയാണ് ഏസ്തെറ്റിക് കുഞ്ഞമ്മ എന്ന അരുണ്‍ അജികുമാര്‍
സിനിമയിലെ ഒരു രംഗം തന്നെയല്ലേ മൂത്തോന്‍റെ പോസ്റ്ററിനായി ഉപയോഗിച്ചിരിക്കുന്നത്. അങ്ങനെ ചില ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ടല്ലോ?
തീര്‍ച്ചയായും. സിനിമയില്‍ പല രംഗങ്ങളിലും ഇത്തരത്തില്‍ രസമുള്ള ചില ഘടകങ്ങളുണ്ട്. അതുപോലെ മൂത്തോന്‍ എന്ന കഥാപാത്രത്തിന്‍റെ ചില റഫറന്‍സുകളും പല സ്ഥലങ്ങളിലും ആര്‍ട്ടായും ഗ്രാഫിറ്റിയായും വച്ചിട്ടുണ്ട്. സെറ്റില്‍ പോവുമ്പോഴും പിന്നീട് സ്റ്റില്ലുകള്‍ കിട്ടിയപ്പോഴും ഇത് ശ്രദ്ധിച്ചിരുന്നു. പടം ഒന്നുകൂടി കാണുകയാണെങ്കില്‍ പല സ്ഥലത്തും അത് കാണാന്‍ പറ്റും. പലയിടത്തും ഞാന്‍ മൂത്തോനെ കണ്ടിട്ടുണ്ട്, കുറച്ചുകൂടി ചിത്രങ്ങള്‍ ശ്രദ്ധിക്കുന്ന ആളായതുകൊണ്ടാവാം. സിനിമ ഒടിടിയിലും കൂടി വരുമ്പോള്‍ സ്ക്രീന്‍ഷോര്‍ട്ടുകള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കും.
മലയാളികള്‍ക്ക് ഈ പോസ്റ്റര്‍ സ്പെഷ്യലും ഇമോഷണലുമാണ്. ഇടവേളക്ക് ശേഷം മമ്മൂട്ടിയുടെ തിരിച്ചുവരവും സിനിമയിലേക്കുള്ള സാന്നിധ്യം വീണ്ടും അറിയിക്കുന്നതുമാണ്. ഈ പോസ്റ്റര്‍ തയാറാക്കിയത് അരുണിന് എത്രത്തോളം സ്പെഷ്യലായിരുന്നു?
ഞങ്ങളെ ഞങ്ങളെ തന്നെ തിരിച്ചറിഞ്ഞ സിനിമകളില്‍ ഒന്നാണ് 'ഭ്രമയുഗം'. അതിനുശേഷം മമ്മൂക്കക്കൊപ്പം 'ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പഴ്സ്' എന്ന ചിത്രവും ചെയ്തു. ഇനി ചെയ്യാന്‍ പോകുന്നത് 'എംഎംഎംഎന്‍' എന്ന സിനിമയുമാണ്. ഇതിനൊക്കെ ഇടക്ക് ഇങ്ങനെയൊരു സിനിമ വരുക, അതിന്‍റെ ഭാഗമാവുക, അദ്ദേഹത്തിന്‍റെ പിറന്നാളിന് തന്നെ ഒരു കണ്ടന്‍റ് ഇറക്കുമ്പോള്‍ നമുക്കത് ചെയ്യാന്‍ പറ്റുക എന്നത് വലിയൊരു സന്തോഷവും ഭാഗ്യവുമാണ്. പിറന്നാളിനന്ന് രാവിലെയാണ് ഇത് ഇറക്കാന്‍ തീരുമാനിക്കുന്നത്.
പിന്നെ അങ്ങനെ ടെന്‍ഷനടിക്കേണ്ട പ്രശ്നമൊന്നും മമ്മൂക്കക്ക് ഉണ്ടായിരുന്നില്ല. മമ്മൂക്ക എപ്പോഴും ചില്ലാണ്. അദ്ദേഹം കണ്ടന്‍റ് കാണുന്നുണ്ട്, വേറെ ആളുകള്‍ വഴി ഞങ്ങളെ അഭിപ്രായങ്ങള്‍ അറിയിക്കുന്നുണ്ട്. ഇങ്ങനെ ഒരു പോസ്റ്റര്‍ ചെയ്തതില്‍ സന്തോഷമുണ്ട്.
പോസ്റ്റര്‍ ഡിസൈനായി കിട്ടിയ നിര്‍ദേശങ്ങള്‍?
സത്യത്തില്‍ ഇങ്ങനെ ഒരു പോസ്റ്റര്‍ പുറത്തുവിടണമെന്ന് പ്ലാനുണ്ടായിരുന്നില്ല. ടീമിനുള്ളില്‍ പോലും മൂത്തോന്‍ ചെയ്യുന്നത് മമ്മൂക്കയാണെന്ന ഉറപ്പോ അങ്ങനെയൊരു സംസാരമോ ഒന്നും ലഭിച്ചിരുന്നില്ല. മമ്മൂക്കയുടെ പിറന്നാളിന് ഒരു കണ്ടന്‍റ് ഇറക്കാം എന്ന് പ്രൊഡക്ഷന്‍ തീരുമാനിക്കുകയായിരുന്നു. മമ്മൂക്കയുടെ പേര് പോലും എഴുതണ്ട, ഹാപ്പി ബര്‍ത്ത്ഡേ മൂത്തോന്‍ എന്നൊരു ക്യാപ്ഷന്‍ മതി. അതിനുപറ്റിയ ഏതെങ്കിലും സ്റ്റില്‍ ഉണ്ടോ എന്ന് പരിശോധിച്ചപ്പോഴാണ് ഇത് കിട്ടിയത്. ആദ്യം കുറേ സ്റ്റില്ലുകള്‍ എടുത്തുവച്ചിട്ടുണ്ടായിരുന്നെങ്കിലും ഇതൊന്നും ഇപ്പോള്‍ ഇറക്കാനേ പറ്റില്ല എന്ന ധാരണയിലായിരുന്നു. അടുത്ത രണ്ടുമൂന്ന് ഭാഗങ്ങളില്‍ ഇറക്കാന്‍ പറ്റിയ സ്റ്റില്ലുകളുണ്ട്. പെട്ടെന്ന് ഒരു തീരുമാനമുണ്ടായപ്പോള്‍ അതില്‍ നിന്നും ഒരു സ്റ്റില്‍ എടുക്കുകയായിരുന്നു. പോസ്റ്ററിലെ ചിത്രം എടുത്ത രംഗവും അങ്ങനെ സാധാരണ പോലെ അങ്ങ് എടുത്തതല്ല, അതില്‍ ചില ബ്രില്യന്‍സുകളുണ്ട്.
നിര്‍മാതാവ് എന്ന നിലയ്ക്ക് ദുല്‍ഖര്‍ അഭിപ്രായങ്ങള്‍ പറയും. എങ്ങനെയുള്ള പോസ്റ്ററുകള്‍ വേണം, അത് എപ്പോള്‍ പുറത്തിറക്കിയാല്‍ നന്നാവും എന്നൊക്കെ. ഭയങ്കര ഓപ്പണാണ്. നമ്മുടെ അഭിപ്രായങ്ങളും കേള്‍ക്കും. ഒരു പ്രിന്‍റ് പോവുകയാണെങ്കില്‍ പോലും ദുല്‍ഖര്‍ അത് കണ്ട് അഭിപ്രായങ്ങള്‍ പറയാറുണ്ട്.
ദുല്‍ഖറും മമ്മൂക്കയും ആദ്യമായി ഒന്നിക്കാന്‍ പോകുന്നു എന്നൊരു എക്സൈറ്റ്മെന്‍റ് കൂടി വരാനിരിക്കുന്ന സിനിമകള്‍ക്കുണ്ട്. രണ്ടാം ഭാഗത്തെ പറ്റി എന്തെങ്കിലും പറയാന്‍ പറ്റുമോ? രണ്ടാം ഭാഗത്തില്‍ 'മൂത്തോന്‍' വരുമോ?
ഞാന്‍ എന്തെങ്കിലും പറഞ്ഞാല്‍ സ്പോയിലറാവും. കാണുന്നവരുടെ എക്സൈറ്റ്മെന്‍റിനെ കൊല്ലും. മൂത്തോന്‍ വലിയൊരു ശക്തിയാണെന്നും എല്ലാ ഭാഗത്തും വരുന്ന ഒരു കഥാപാത്രമാണെന്നും എനിക്ക് അറിയാം. അതിനപ്പുറം ചിത്രത്തെ പറ്റി കൂടുതല്‍ വിവരങ്ങള്‍ അറിയില്ല. എന്നോട് പറയുന്ന ഭാഗങ്ങളില്‍ മൂത്തോനുണ്ട്, പല സാഹചര്യങ്ങളിലും അദ്ദേഹത്തിന്‍റെ ശക്തി കാണിക്കുന്നുണ്ട്. ഞാന്‍ അതിനെ പറ്റി എന്തെങ്കിലും പറഞ്ഞ് കുളമാക്കുന്നതിലും നല്ലത് കാത്തിരുന്ന് കാണുന്നതാണ്. പ്രേക്ഷകന്‍ എന്ന രീതിയില്‍ ഞാനും കാത്തിരിക്കുകയാണ്.