ലാലേട്ടനുമായി ഒരു അഭിമുഖം. ശരിക്കും ''എയറി''ല്‍ . എയര്‍ എന്നാല്‍ ആകാശയാത്രാമധ്യേ . മോഹന്‍ലാലിനും പ്രകാശ് വര്‍മയ്ക്കും ഒപ്പം ചാര്‍ട്ടേഡ് ജെറ്റില്‍ കോഴിക്കോട് നിന്ന് കൊച്ചിയിലേക്ക് പറന്ന 30 മിനിറ്റില്‍ സംസാരിച്ച കാര്യങ്ങള്‍ രസകരമായിരുന്നു. ഫുള്‍ പോസറ്റീവ് വൈബ്. വീണ്ടും ''എയറില്‍" ആകുന്ന സാഹചര്യം ഉണ്ടാകാന്‍ പാടില്ലല്ലോ.''തുടരും''.. എന്ന സൂപ്പര്‍ ഹിറ്റിന് ശേഷം ബെന്‍സിനെയും കൊടൂര വില്ലന്‍ ജോര്‍ജ് സാറിനെയും ആദ്യമായി ഒന്നിച്ച് കിട്ടുകയാണ്.. ഒപ്പം വിന്‍സ്‌മേര ജുവല്‍സിന്‍റെ വൈറലായ പരസ്യചിത്രത്തെക്കുറിച്ച് ഇതാദ്യമായി ലാലേട്ടന്‍ മനോരമ ന്യൂസിനോട് മനസുതുറന്നു..
എല്ലാവരുടെയും ഉള്ളില്‍ ഒരു സ്ത്രീഭാവമുണ്ട്. അതിന്‍റെ വെല്ലുവിളി നിറഞ്ഞ ആവിഷ്കാരം എന്നാണ് പരസ്യചിത്രത്തെ മോഹന്‍ലാല്‍ വിശേഷിപ്പിച്ചത്.. ലാലിന്‍റെ ആദ്യ ടേക്കിലെ ഷോട്ടുകളാണ് പരസ്യചിത്രത്തില്‍ ഉപയോഗിച്ചതെന്ന് സംവിധായകന്‍ പ്രകാശ് വര്‍മ പറഞ്ഞു. മീശപിരിച്ചുള്ള വരവ് ഉടന്‍ ഉണ്ടാകുമെന്ന് ലാലേട്ടനും.. കൊച്ചിയില്‍ മഴവില്‍ എന്‍റര്‍ടൈന്‍മെന്‍റ്സ് അവാര്‍ഡ്‍സിന്‍റെ ഭാഗമാകാനായിരുന്നു ഹാലോ എയര്‍വെയ്സിന്‍റെ ചാര്‍ട്ടേഡ് ജെറ്റില്‍ ഇവര്‍ കോഴിക്കോട് നിന്ന് തിരിച്ചത് . വിമാന യാത്രയില്‍ ഒപ്പം വ്യവസായിയും ചലച്ചിത്രനിര്‍മാതാവുമായ ഗോകുലം ഗോപാലനും മോഹന്‍ലാലിന്‍റെ പേഴ്സണല്‍ അക്കൗണ്ടന്‍റ് എം.ബി.സനില്‍ കുമാറും മോഹന്‍ലാലിന്‍റെ പേഴ്സണല്‍ അസിസ്റ്റന്‍റ് ബിജീഷ് ബാലകൃഷ്ണനും ഉണ്ടായിരുന്നു.
സ്ത്രൈണതയുള്ള ഒരു വേഷം, പരസ്യചിത്രത്തെ ആരാധകര്‍ എങ്ങനെ സ്വീകരിക്കും എന്ന ഭയം ഉണ്ടായിരുന്നോ?
മോഹന്‍ലാല്‍: എനിക്ക് പ്രകാശ് വര്‍മയിലുള്ള വിശ്വാസമാണ് ഈ ഒരു പരസ്യചിത്രം ചെയ്യാന്‍ കാരണം. സാധാരണ പരസ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായ ഒന്ന് ചെയ്യണം എന്ന് ആഗ്രഹിച്ചാണ് ഞാന്‍ പ്രകാശുമായി കണക്ടട് ആയത്. അദ്ദേഹം പങ്കുവച്ച ചിന്ത തന്നെ അത്ഭുതമായിരുന്നു.. ഇത് ഒരു പെര്‍ഫോമറെ സംബന്ധിച്ചടത്തോളം ഒരു വെല്ലുവിളി ആണ്.. നമ്മുടെ എല്ലാവരുടെയും ഉള്ളില്‍ ഒരു സ്ത്രീയുണ്ട്.. ഒരു ആഭരണം ഇട്ടാലോ ഒരു വാച്ച് കെട്ടിയാലോ ഒരു മോതിരം ഇട്ടാലോ നല്ല ഷര്‍ട്ടിട്ട് മുടിചീകിയാലോ നമ്മള്‍ നമ്മുടെ സൗന്ദര്യം കണ്ണാടിയില്‍ ആസ്വദിക്കുന്നു.. അത്തരം ഒരു ഇമേജിനെ നമ്മള്‍ ഇഷ്ടപ്പെടും. നമ്മള്‍ നല്ല പ്രസന്‍റബിള്‍ ആകണമെന്ന ആഗ്രഹം കൊണ്ടാണത്. സ്ത്രീ എന്ന ഭാവം പരസ്യചിത്രത്തിലെ ആദ്യത്തെ ഷോട്ടില്‍ തന്നെ പ്രകടമാകുന്നുണ്ട്. അര്‍ധനാരീശ്വര സങ്കല്‍പ്പമോ ആത്മീയതയോ തത്വചിന്താപരമോ ഒക്കെ ആയി അതിനെ കാണാം.. അത് ക്യത്യമായി പ്രകടിപ്പിക്കാന്‍ പറ്റി. മേക്കിങ് വിജയകരമായി ചെയ്യാന്‍ പ്രകാശിന് കഴിഞ്ഞു.
സ്ത്രീ ഇല്ലാത്ത ഒരു ജ്വല്ലറിയുടെ പരസ്യം. ഇത് ആദ്യമായിരിക്കും.. ഈ സങ്കല്‍പ്പത്തിലേക്ക് എങ്ങനെ എത്തി?
പ്രകാശ് വര്‍മ: ഒരു സെലിബ്രിറ്റിയെ ഒരിക്കലും ഒരു പരസ്യത്തില്‍ പൂര്‍ണമായും ഉപയോഗപ്പെടുത്താന്‍ പറ്റാറില്ല. സെലിബ്രിറ്റിയുമായി ബ്ളെന്‍ഡ് ചെയ്ത ഒരു ബ്രാന്‍ഡ് ഉണ്ടാക്കിയാല്‍ അത് എനിക്കും ആ നടനും ആ ബ്രാന്‍ഡിനും ഒരു എക്സൈറ്റിങ് മൊമന്‍റ് ആയിരിക്കും.. മോഹന്‍ലാല്‍ എന്ന നടന്‍ ആയതുകൊണ്ട് മാത്രമാണ് ഈ പരസ്യം സംഭവിച്ചത്. ഈ ഐഡിയ വളരെ ലളിതമായും രസകരമായും കൈകാര്യം ചെയ്തില്ലെങ്കില്‍ ഫലം മാറും. പരസ്യ ചിത്രീകരണത്തില്‍ കൊറിയോഗ്രാഫര്‍ ഇല്ലായിരുന്നു. ലാല്‍ സാറിന് ആരും സ്റ്റെപ്പ് പറഞ്ഞ് കൊടുത്തിട്ടില്ല.. കയ്യ് എങ്ങോട്ട് പോകണം കണ്ണ് എങ്ങോട്ടുപോകണം എന്നൊന്നും നിര്‍ദേശം കൊടുത്തിട്ടുമില്ല. ലാല്‍ സാറിന്‍റെ ഷോട്ട് എല്ലാം ഫസ്റ്റ് ടേക്കാണ് ഉപയോഗിച്ചിരിക്കുന്നത്. ഞാന്‍ അത്ഭുതത്തോടെ ആണ് അഭിനയം നോക്കിനിന്നത്. ആ സമയത്ത് രോമം എഴുന്നേറ്റ് നിന്നുപോയി.. ഇതേ അനുഭവം ഇതിലെ ക്രൂവിന് മുഴുവന്‍ ഉണ്ടായി..
സിനിമയ്ക്ക് പുറത്ത് സംതൃപ്തി നല്‍കിയ വേഷമാണോ ഈ പരസ്യചിത്രത്തിലേത്?
മോഹന്‍ലാല്‍: 20–30 സെക്കന്‍ഡിനുള്ളില്‍ പരസ്യത്തിലൂടെ ഒരു ആശയം പറയുക എന്നത് ഏറെ പ്രയാസമേറിയ കാര്യമാണ്.. ഈ പരസ്യം ഏറെ വ്യത്യസ്തമായിരുന്നു.. ഇനി ഇത്തരം റോള്‍ ചെയ്യാന്‍ പറ്റുമോ എന്നറിയില്ല.. ആഭരണം ചൂണ്ടിക്കാണിക്കുകയല്ല... ഞാന്‍ തന്നെ ഇട്ടുകൊണ്ട് പ്രകടിപ്പിക്കുകയാണ്.. ഇത് രണ്ടാമത് ഒരു തവണകൂടി ചെയ്യാന്‍ പറ്റുമോ എന്ന് അറിയില്ല.. ആ സന്ദര്‍ഭം.. സമയം.. അത് കൃത്യമായിരുന്നു.. തിന്‍ ലൈനാണ്.. അങ്ങനെ കൈകാര്യം ചെയ്തില്ലെങ്കില്‍ മോശമാകാനും സാധ്യതയുണ്ട്.. ഒരു ദൈവാധീനം എല്ലാം ഇതിന് പിന്നിലുണ്ട്..
ആഭരണങ്ങളോട് കമ്പമുള്ള ആളാണോ ലാലേട്ടന്‍?
ഞാന്‍ മാല.. ആഭരണങ്ങള്‍ ഒക്കെ ഇഷ്ടപ്പെടുന്ന ആളാണ്.. അതൊരു രസമാണ്.. നല്ല ആഭരണങ്ങള്‍ ധരിക്കുക.. അതുകൊണ്ട് തന്നെയാണ് ഇങ്ങനെ ഒരു പരസ്യം സ്വീകരിച്ചത്..
'തുടരും'' ചിത്രത്തില്‍ പ്രകാശിന്‍റെ സി.ഐ ജോര്‍ജ്ജ് സാര്‍ എന്ന വില്ലന്‍ വേഷത്തെ മോഹന്‍ലാല്‍ എങ്ങനെയാണ് വിലയിരുത്തുന്നത് ?
മോഹന്‍ലാല്‍: പ്രകാശിന്‍റെ അഭിനയം ആദ്യം കണ്ടപ്പോള്‍ തന്നെ ഇതിന് കഴിയുന്ന ആളാണെന്ന് മനസിലാക്കിയിരുന്നു. പ്രകാശിന്‍റെ ചില വിഡിയോകള്‍ നേരത്തെ കാണുകയും ചെയ്തിരുന്നു. അദ്ദേഹം തന്നെ ചെയ്യേണ്ട റോള്‍ ആയിരുന്നു ഇത്. നമുക്ക് ഒപ്പം അഭിനയിക്കുന്ന ആളുകള്‍ മികച്ച പ്രകടനം നടത്തുമ്പോള്‍ നമ്മളും അതിനൊത്ത് മുന്നോട്ടുപോകും. എന്നെ ഈ രീതിയില്‍ സപ്പോര്‍ട്ട് ചെയ്ത നടനാണ് പ്രകാശ് വര്‍മ.
അഭിനയം കണ്ട് ലാലേട്ടന്‍ എന്തുപറഞ്ഞു?
പ്രകാശ് വര്‍മ: ലാല്‍ സര്‍, അങ്ങനെ ഒരു ഷോട്ട് കഴിഞ്ഞാല്‍ അസലായിട്ടുണ്ട് എന്നൊന്നും പറയില്ല. ഒരു ടച്ച് ഒക്കെയാകും. ആ ടച്ചില്‍ നമുക്ക് മനസിലാകും. നമുക്ക് ഒരു കോണ്‍ഫിഡന്‍സ് വരും. ചിലപ്പോള്‍ ഇടയ്ക്ക് ഒരു ഷോട്ട് ഒക്കെ കഴിഞ്ഞ് മാറി ഇരിക്കുമ്പോള്‍ ചോദിക്കും. ഇനി അഭിനയിക്കുമോ. എന്ന് (രണ്ടു പേരും ചിരിക്കുന്നു..) അതൊക്കെ മതി. ഇതാണ് നമുക്ക് കിട്ടുന്ന പോസിറ്റീവ് എനര്‍ജി.
പ്രകാശ് വര്‍മ സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനാകുന്ന ചിത്രം ഉണ്ടാകുമോ?
പ്രകാശ് വര്‍മ: എല്ലാം ഈശ്വരന്‍റെ കയ്യിലാണ്. അങ്ങനെ എല്ലാം ഒത്തുവരണം. വെറുതെ ഒരു കഥയുമായിട്ട് ലാല്‍ സാറിന്‍റെ അടുത്ത് പോകാന്‍ പറ്റില്ല. അത് ചാലഞ്ചിങ് ആയിട്ട് തോന്നണം. അങ്ങനെ ഒരു ഘട്ടത്തില്‍ മാത്രമേ ലാല്‍ സാറുമായി സിനിമയിലേക്ക് പോകൂ. അങ്ങനെ നടക്കട്ടെ എന്നാണ് ആഗ്രഹം.
മീശപിരിച്ചുള്ള ലുക്കില്‍ വിന്‍റേജ് ലാലേട്ടനെ ഉടനെ സ്ക്രീനില്‍ കാണാന്‍ പറ്റുമോ?
മോഹന്‍ലാല്‍: ഒരുപാട് സിനിമകളുടെ കണ്ടിന്യുവിറ്റി ഉള്ളതുകൊണ്ടാണ് ഇപ്പോള്‍ ഷേവ് ചെയ്യാന്‍ പറ്റാത്തത് .. വേണമെങ്കില്‍ മീശയും ഷേവ് ചെയ്തേക്കാം.. (ചിരിക്കുന്നു) അല്ലെങ്കില്‍ മീശ പിരിക്കാം.. അത് ഉടന്‍ തന്നെ കാണാം.. അത്തരം കഥാപാത്രങ്ങള്‍ വരട്ടെ.. ഇനി ചെയ്യാന്‍ പോകുന്നത് ദൃശ്യം–3 ആണ്.. അത് കഴിഞ്ഞ് ഒരു പൊലീസ് ഓഫിസറുടെ വേഷമാണ്.. അതില്‍ മീശപിരിക്കാം... അത് കഴിഞ്ഞ് വേണമെങ്കില്‍ മീശ ഷേവ് ചെയ്യാം.. അങ്ങനെ ഒക്കെ ഉണ്ട്..